ധ്യാനം


നമ്മൾ ശ്രീരാമകൃഷ്ണപരമഹംസരെയാണ് ധ്യാനിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചു പലർക്കും പല സങ്കല്പങ്ങളുമാണുള്ളത്. വൈവിധ്യമാർന്ന വ്യക്തിത്വമായതുകൊണ്ട് അത് സ്വാഭാവികമാണുതാനും. ആദ്ധ്യാത്മികമായി ഉയരുന്തോറും നമ്മുടെ ആദർശവും കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. ആദർശത്തിന്റെ മഹിമയെക്കുറിച്ച് നമുക്കുള്ള ബോധത്തിനു പരിണാമം സംഭവിക്കുന്നു. ഉദാഹരണമായി അകലെനിന്ന് ഒരു വീട് കാണുമ്പോൾ അത് അവ്യക്തമായ ഒരു രൂപരേഖപോലെ തോന്നും. അടുത്തേക്കുപോകുന്തോറും അത് കൂടുതൽ കൂടുതൽ വ്യക്തമാകുന്നു.

" ശ്രീരാമകൃഷ്ണദേവന്റെ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടിരുന്നാൽ പോരേ? എന്തിനാണ് കണ്ണുകൾ അടയ്ക്കുന്നത്? - പലരും ചോദിക്കുന്നു. പോരാ. കാരണമിതാണ്. ശ്രീരാമകൃഷ്ണദേവന്റെ ചിത്രത്തിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ നാം അതിനോടുകൂടിത്തന്നെ മറ്റു പലതും കാണുന്നുണ്ട്. കാഴ്ച പലേടത്തേക്കുമായി ചിതറിപ്പോകുന്നു. ഒരിടത്തുമാത്രമായി ദൃഷ്ടി പതിയുന്നില്ല. ഒരു പ്രത്യേക ബിന്ദുവിൽ മനസ്സ് കേന്ദ്രീകരിക്കാൻ പലരും ശ്രമിക്കുന്നു. പക്ഷേ ഒരേ ബിന്ദുവിൽ ഏറെ നേരം കേന്ദ്രീകരിക്കാൻ സാധിക്കയില്ല. അതുകൊണ്ടാണ് കണ്ണുകൾ അടയ്ക്കണമെന്ന് പറയുന്നത്. ബാഹ്യങ്ങളായ പ്രലോഭനങ്ങൾ കണ്ണടച്ചതുകൊണ്ട് ഒരു പരിധിവരെ തടയാൻ സാധിക്കുന്നു. എന്നാൽ, പരിശ്രമിക്കേണ്ടത് ആന്തരികമായ പ്രലോഭനങ്ങളെ അകറ്റിനിർത്താനാണ്. ആന്തരികവും ബാഹ്യവുമായ ആകർഷണങ്ങൾ കണ്ണുതുറന്നിരിക്കുമ്പോൾ നിലനിൽക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും കണ്ണടച്ചാൽ ഹിതകരങ്ങളല്ലാതെ ആകർഷണങ്ങൾ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. തുടർച്ചയായ ധ്യാനത്തിലൂടെ മാത്രമേ ആന്തരികമായ പ്രലോഭനങ്ങളെ അകറ്റാൻ സാധിക്കൂ.

ധ്യാനലക്ഷ്യത്തിനോടനുബന്ധിച്ചുള്ള ചിന്തകളൊഴികെ മറ്റെല്ലാ ചിന്തകളെയും നിരസിച്ച് നിഷ്കാസനം ചെയ്യുന്നതാണ് ധ്യാനം. ശരിയായ ധ്യാനത്തിൽ ധ്യാനവിഷയവും ധ്യാനിക്കുന്നവനും ധ്യാനവും ഒന്നായിത്തീരുന്നു. ആ സമയത്ത് മനസ്സു നിലനിൽക്കുന്നില്ല. കാരണം, മനസ്സ് സങ്കല്പവികല്പാത്മകവും ചഞ്ചലവുമാണ്. മനസ്സ് പരിപൂർണ്ണമായും ശാന്തമാകുന്ന സമയത്ത് അത് ഇല്ലാത്തതുപോലെയായിത്തീരുന്നു. അതുകൊണ്ടാണ് മൂന്നും ഒന്നായിത്തീരുന്നുവെന്നു പറയുന്നത്.

മറ്റൊന്ന്, ധ്യാനസമയത്ത് ഇഷ്ടദേവതയുടെ "സാത്വിക" രൂപമാണ് ഓർക്കേണ്ടത്. ഉദാഹരണമായി യോഗാസനത്തിലിരിക്കുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെ ചിത്രത്തെ ധ്യാനിക്കുന്നുവെന്നു വിചാരിക്കുക. ചിത്രം പൂർണ്ണമായും എല്ലായ്പ്പോഴും നമ്മുടെ മനസ്സിൽ വിളങ്ങുന്നില്ല. ധ്യാനം ദൃഢതരമാവുമ്പോൾ നാം അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ ദർശിക്കുന്നു. അദ്ദേഹത്തിന്റെ അന്തർദൃഷ്ടി കാണുന്നു. വേറൊരു വിധത്തിൽ പറഞ്ഞാൽ നാമും അദ്ദേഹത്തിന്റെ ശാശ്വതാനന്ദരൂപത്തിന്റെ ആഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്നു.

ശ്രീരാമകൃഷ്ണദേവന്റെ ചിത്രത്തിൽ ബാഹ്യമായി ഒന്നു കണ്ണോടിച്ചാൽ മാത്രം അദ്ദേഹത്തിന്റെ ബാഹ്യബോധം ആത്മാവിൽ ലയിച്ചതിന്റെ ആഴവും ഗാംഭീര്യവും നമുക്കു മനസ്സിലാവുകയില്ല. എന്നാൽ ധ്യാനത്തിൽ കൂടുതൽ മുഴുകുമ്പോൾ നമുക്ക് ശ്രീരാമകൃഷ്ണദേവന്റെ സ്വരൂപത്തിൽ കൂടുതൽ കേന്ദ്രീകരിക്കാൻ സാധിക്കും.

ധ്യാനമഗ്നനായിരിക്കുന്ന ശ്രീരാമകൃഷ്ണദേവന്റെ ചിത്രം നോക്കുക. ശ്രീരാമകൃഷ്ണദേവൻ തന്നെ പറഞ്ഞിട്ടുണ്ട്. " ഈ ചിത്രം യോഗമാർഗ്ഗത്തിലെ അത്യുന്നതദശയെയാണ് കാണിക്കുന്നത്. " എന്തെങ്കിലും നമുക്കത്തിൽനിന്നു മനസ്സിലായോ? എന്തുകൊണ്ടു മനസ്സിലാവുന്നില്ല? യോഗാവസ്ഥയുടെ ഉന്നതഭാവം മനസ്സിലാക്കണമെങ്കിൽ ഒരു യോഗിയാവണം. നമ്മൾ യോഗികളല്ല. അതുകൊണ്ട് ആ അവസ്ഥ അറിയുന്നുമില്ല. പക്ഷേ, ഒന്നു നമുക്കു മനസ്സിലാക്കാം. ചിത്രത്തിനുമുമ്പിൽ ആഴത്തിൽ ധ്യാനിച്ചുകൊണ്ട് - അതിനെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ട് ഇരിക്കുമ്പോൾ - എന്റെ സ്വന്തം അഭിപ്രായമാണെങ്കിലും ഞാനെന്തു വിചാരിക്കുന്നു എന്നതിനെപ്പറ്റി പറയാം - ആ ചിത്രത്തിലെ രൂപം ശ്രീരാമകൃഷ്ണദേവന്റെ അന്തർമ്മുഖമായ അവസ്ഥയാണ് എന്നു മനസ്സിലാക്കാം. ബാഹ്യബോധത്തിന്റെ ഒരു ലക്ഷണവുമില്ല. അന്തർമ്മുഖഹമായ എന്തൊരവസ്ഥ! എന്തിലോ പൂർണ്ണമായും നിമഗ്നനായിരിക്കുന്നതുപോലെ. ഈ അവസ്ഥയിൽ ശ്രീരാമകൃഷ്ണദേവൻ എന്താണ് ചിന്തിക്കുന്നതെന്നും എന്തിലാണ് നിമഗ്നനായിരിക്കുന്നതെന്നും ധ്യാനാവസരത്തിൽ നാമും ഭാവന ചെയ്യണം.

കൂടാതെ ഇങ്ങനെയും ചിന്തിക്കാവുന്നതാണ്. ലോകനന്മയ്ക്കുവേണ്ടി മുമ്പ് രാമനായും കൃഷ്ണനായും അവതരിച്ച അതേ ഈശ്വരൻ മായാശക്തിയോടുകൂടി ഈ യുഗത്തിൽ രാമകൃഷ്ണനായി അവതരിച്ചിരിക്കുന്നു. ഇപ്രകാരം ധാനിക്കുക. ശിവമഹിമ്നാസ്തോത്രത്തിൽ ഒരിടത്ത് ശിവനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുത്തിയിരിക്കുന്നു, " യോഗികൾ ധ്യാനത്തിൽ കേന്ദ്രീകരിക്കുന്ന തത്ത്വം തന്നെയാണ് നീ. "

ശ്ലോകത്തിന്റെ അർത്ഥമിതാണ്: " ശാസ്ത്രനിയമങ്ങൾക്കനുസൃതമായി പ്രാണനെ നിയന്ത്രിച്ച് ധ്യാനത്തിലൂടെ യോഗികൾ അറിയുന്ന വാചാമഗോചരമായ തത്ത്വം അങ്ങുതന്നെയാണ്. അങ്ങനെയുടെ സാക്ഷാത്കാരത്തിൽ അവർ ആനന്ദാശ്രുക്കൾ പൊഴിക്കുന്നു. ആന്തരികമായ ആത്മാനന്ദം അനുഭവിച്ചുകൊണ്ട് അവർ അമൃതജലം നിറഞ്ഞ സരസ്സിൽ നീന്തിക്കളിക്കുന്നു. "

ധ്യാനസമയത്ത് മനസ്സിൽ ചിന്തകൾ പ്രവഹിക്കുന്നതായി അനുഭവപ്പെടുന്നു. ചിന്തകളില്ലാത്ത മനസ്സ് ഉണ്ടാവില്ല. അത്ഭുതമിതാണ്. നാമും ആ ചിന്താപ്രവാഹത്തിൽ പെട്ട് ഒഴുകിനടക്കുന്നു. കുറെ സമയത്തിനുശേഷം നാം ബോധതലത്തിലേക്കു മടങ്ങിവരുന്നു. എന്നിട്ടു പറയുന്നു: "ഞാനെന്തൊക്കെയാണ് ചിന്തിച്ചുക്കൊണ്ടിരിക്കുന്നത്" ഞാൻ ജാഗരൂകനായിരുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നെ പിടിച്ചു വലിക്കുന്ന വഴിക്ക് ഞാനും പോയിക്കൊണ്ടിരുന്നു." നമ്മൾ മനസ്സിനെ വീക്ഷിച്ചുകൊണ്ടിരിക്കയാണെങ്കിൽ അഥവാ അതിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അതിനു നമ്മളെ പിടിച്ചുവലിച്ചു കൊണ്ടുപോകാനാവില്ല. നമുക്കതിനെ നിയന്ത്രിക്കാൻ സാധിക്കുന്നു. മനസ്സിന് നനമ്മളെ നിയന്ത്രിക്കാനാവില്ല. നമുക്കു മനസ്സിനെ നിയന്ത്രിക്കാനാവുകയും ചെയ്യും.

മനസ്സിന്റെ മറ്റൊരു സ്വഭാവത്തെപ്പറ്റി ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. കാണുന്നതും കാണപ്പെടുന്നതും എന്നിങ്ങനെ മനസ്സിനെ രണ്ടായി വിഭജിക്കാം. അതായത് കാണുന്ന മനസ്സും കാണപ്പെടുന്ന മനസ്സും. കാണുന്ന മനസ്സ് കാണപ്പെടുന്ന മനസ്സിനെ നിരീക്ഷിക്കുമ്പോൾ വിചാരങ്ങളിൽ നിന്നു മനസ്സിനെ വേർപെടുത്താൻ സാധിക്കുകയില്ല. അതുകൊണ്ടാണ് വിവേകാനന്ദസ്വാമികൾ ഇങ്ങനെ നിർദ്ദേശിച്ചത്: " ആസനസ്ഥനായ ഉടനെ ധ്യാനം ആരംഭിക്കരുത്. കുറച്ചുനേരം മനസ്സിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. മനസ്സെന്താണ് ചെയ്യുന്നതെന്നു പരിശോധിക്കുക. മനസ്സിന്റെ ചാഞ്ചല്യം ക്രമേണ നിലയ്ക്കുന്നതായി കാണാം. മനസ്സ് കേന്ദ്രീകരിക്കപ്പെടും. അപ്പോൾ ധ്യാനം ആരംഭിക്കുക. "

ഭാവനയുടെ സഹായത്താൽ നാം ധ്യാനിക്കാൻ ശ്രമിക്കുന്നുവെങ്കിലും അതു വെറും ഒരു ഭാവനയല്ല. വാസ്തവത്തിൽ അസ്തിത്വമില്ലാത്ത ഒരു വസ്തുവിനെപ്പറ്റി ചിന്തിക്കുന്നതാണ് ഭാവന. ഉദാഹരണമായി " ആകാശത്തിലെ പൂന്തോട്ടത്തെപ്പറ്റി " ഭാവന ചെയ്‌താൽ, ഇതിന് വാസ്തവത്തിൽ അസ്തിത്വമില്ല. വെറും ഒരു ഭാവനയാണ്. ആകാശത്തിൽ ഒരു പൂന്തോട്ടം ഉണ്ടാകാൻ സാദ്ധ്യതയില്ലല്ലോ. എന്നാൽ ധ്യാനത്തിലെ ഒരു വസ്തുവിന്റെ അസ്തിത്വത്തെ നാം അവിശ്വസിക്കുന്നില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.