ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ?

പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.

ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങള്‍ ശ്രവിച്ചും പുസ്തകങ്ങള്‍ വായിച്ചും മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഗുരുവില്ലാതെ പറ്റില്ല.

ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിള്‍വൃക്ഷവും മറ്റും വളരണമെങ്കില്‍ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങള്‍ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും ഗുരു സംരക്ഷിക്കുന്നു.

ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്.
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.

ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.