രാശിചക്രം

12 രാശികളുള്ളതിൽ ഓരോ രാശിക്കും ചില അക്ഷരങ്ങളെ നൽകിയിരിക്കുന്നു. സാധകന്റേയും, ദേവതയുടേയും നാമാക്ഷരങ്ങൾ വരുന്ന രാശികൾ നോക്കുക. സാധകന്റെ നാമാക്ഷരരാശിയിൽ നിന്നും ദേവതയുടെ നാമാക്ഷരരാശി 6 / 8 / 12 രാശിയായി വരരുത്. ആ ദേവതയുടെ മന്ത്രം ജപിച്ചാൽ അനിഷ്ടഫലം അനുഭവമാകും. 1, 2, 4, 5, 7, 9, 10, 11, രാശികൾ വന്നാൽ നല്ലതാണ്. ഓരോ രാശിയുടെ അക്ഷരങ്ങൾ താഴെ കൊടുക്കുന്നു.

രാശി                   നാമാക്ഷരങ്ങൾ

1). മേടം           - അ, ആ, ഇ, ഈ

2). ഇടവം         - ഉ, ഊ, ഋ

3). മിഥുനം        - ൽ

4). കർക്കിടകം  - ഏ, ഐ

5). ചിങ്ങം          - ഒ, ൗ

6). കന്നി            - ശ, ഷ, സ, ഹ, ക്ഷ

7). തുലാം           - ക, ഖ, ഗ, ഘ, ങ

8). വൃശ്ചികം       - ച, ഛ, ജ, ഝ, ഞ

9). ധനു              - ട, ഠ, ഡ, ഢ, ണ

10). മകരം         - ത, ഥ, ദ, ധ, ന

11). കുംഭം          - പ, ഫ, ബ, ഭ, മ

12). മീനം           - യ, ര, ല, വ

കുലാകുലചക്രം

ദേവതയുടെ പേരിന്റെ ആദ്യാക്ഷരവും, സാധകന്റെ പേരിന്റെ ആദ്യാക്ഷരവും താഴെ പറയുന്ന രീതിയിൽ ഒരേ വർഗ്ഗത്തിലോ, മിത്രാക്ഷരമായോ വന്നാൽ ആ ദേവതയുടെ മന്ത്രം സാധന ചെയ്യാം. ഈ ചക്രത്തിൽ അക്ഷരങ്ങളെ വായു, അഗ്നി, ഭൂമി, ജലം, ആകാശം എന്ന് 5 ഭൂതങ്ങളെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ സാധകന്റേയും ദേവതയുടേയും പേരിലെ ആദ്യ അക്ഷരം ഒന്നാകുകയോ, ഒരേ വിഭാഗത്തിൽ വരുകയോ, പരസ്പരം മിത്രങ്ങളായ ഭൂതങ്ങളുടെ അക്ഷരം ആകുകയോ ചെയ്‌താൽ സാധകൻ ആ ദേവതയെ ഉപാസിക്കാം. 

മിത്ര ഭൂതങ്ങൾ = ജലവും ഭൂമിയും, അഗ്നിയും വായുവും

ശത്രുഭൂതങ്ങൾ = വായുവും ഭൂമിയും, അഗ്നിയും ഭൂമിയും


സാധകമന്ത്രാനുകൂല്യം

വിവാഹത്തിനുമുമ്പേ വധൂവരന്മാരുടെ നക്ഷത്രപൊരുത്തം നോക്കുന്നതുപോലെ സാധകനും, സാധകൻ ജപിക്കാൻ പോകുന്ന മന്ത്രത്തിനും തമ്മിൽ പൊരുത്തമുണ്ടോ എന്ന് നോക്കണം. ഇതിന് പല രീതികളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്.

1). കുലാകുലചക്രം

2). രാശിചക്രം

3). നക്ഷത്രചക്രം

ദീക്ഷാഗ്രഹണസമ്പ്രദായം

ശ്രേഷ്ഠനായ ഗുരുവിൽ നിന്നും മന്ത്രദീക്ഷ ലഭിക്കുന്നത് നാല് തരത്തിലാണ്.

1). ശക്തിപാതം

2). സ്പർശദീക്ഷ

3). ദൃഗ്‌ദീക്ഷ

4). ധ്യാനദീക്ഷ.

ശക്തിപാതം :- മന്ത്രസിദ്ധി വരുത്തിയിട്ടുള്ള ഗുരുവിലുള്ള മന്ത്രശക്തി അദ്ദേഹത്തിൽനിന്നും ശിഷ്യനിലേക്കു പകരുന്നതാണ് ശക്തിപാതം. ഒരു വിളക്ക് മറ്റൊരു വിളക്കിലേക്ക് പ്രകാശം പകരുന്നതുപോലെയാണ് ശക്തിപാതം. ശിഷ്യൻ നിരക്ഷരനാണെങ്കിലും, യോഗാഭ്യാസം അറിയുകയില്ലെങ്കിലും ശിഷ്യന് മന്ത്രദീക്ഷ ലഭിക്കുന്നു. ഈ സമ്പ്രദായത്തിൽ ഗുരു ശിഷ്യനെ ആലിംഗനം ചെയ്ത് ശിരസ്സിൽ മുകർന്ന് മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. ആ സമയം ഗുരുവിന്റെ ദേഹം വിറക്കുകയും, പരമാനന്ദം അനുഭവമാകുകയും, കണ്ണുകളിൽ ആനന്ദബാഷ്പം നിറയുകയും, വിയർപ്പും രോമാഞ്ചവും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം ശിഷ്യനും അനിർവചനീയമായ ആനന്ദാനുഭൂതി അനുഭവമാകും. ഗുരുവിന്റേയും ശിഷ്യന്റേയും അനുഭവങ്ങളെ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ദേഹപാതസ്തഥാ കംപഃ പരമാനന്ദശ്ച ഹർഷണം
സ്വേദോ രോമാഞ്ച ഇത്യേതദ്‌ ശക്തിപാതസ്യ ലക്ഷണം

സ്പർശദീക്ഷ :- സ്പർശദീക്ഷ മറ്റൊരു തരത്തിലുള്ള മന്ത്രദീക്ഷാദാന സമ്പ്രദായമാണ്. ഈ സമ്പ്രദായത്തിൽ ഗുരു സ്വസ്പർശനത്തിൽ കൂടി ശിഷ്യനിൽ മന്ത്ര ശക്തിയെ പകർത്തുന്നു. സ്പർശദീക്ഷയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

യഥാ പക്ഷീ സ്വപക്ഷാഭ്യാം ശിശൂൻ സംവർധയേത് ശനൈഃ
സ്പർശദീക്ഷോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ

ദൃഗ്‌ദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു സ്വന്തം നോട്ടം കൊണ്ടുതന്നെ തന്റെ മന്ത്രശക്തിയെ ശിഷ്യന് നൽകുന്നു.

സ്വാപത്യാനി യഥാ കൂർമ്മോ വീക്ഷണേനൈവ പോഷയേത്
ദൃഗ്‌ദീക്ഷാഖ്യോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ

ധ്യാനദീക്ഷ / വേധദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു ധ്യാനത്തിൽകൂടി തന്നെ മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. 

യഥാ മത്സ്യോ സ്വതനയാൻ ധ്യാനമാത്രേണ പോഷയേത്
വേധദീക്ഷോപദേശസ്തു മനസഃ സ്യാത്തഥാവിധഃ

മന്ത്രസിദ്ധിപ്രാപ്തിവിധി

മന്ത്രസിദ്ധി രണ്ടുതരത്തിൽ നേടാം

1). സിദ്ധമന്ത്രനായ ഗുരുവിന്റെ മേൽനോട്ടത്തിലും നിർദ്ദേശത്തിലും മന്ത്രസാധന ചെയ്യുക.

2). ഗുരുവിൽ നിന്നും ശക്തിപാതം, സ്പർശദീക്ഷ, ദൃഗ്‌ദീക്ഷ, ധ്യാനദീക്ഷ എന്നിവയിൽ ഏതെങ്കിലും ഒരു വഴിയിൽ ദീക്ഷസ്വീകരിച്ച് മന്ത്രസാധന ചെയ്യുക.

ക്ഷുദ്രസിദ്ധികൾ

ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്

1). ത്രികാലജ്ഞത

2). അദ്വന്ദ്വത

3). പരചിത്താഭിജ്ഞത

4). പതിഷ്ടംഭം

5). അപരാജയം


ത്രികാലജ്ഞാനം :- മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.

അദ്വന്ദ്വത :- ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.

പരചിത്താഭിജ്ഞത :- അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.

പതിഷ്ടംഭം :- വിഷം, അഗ്നി, വായു, സൂര്യൻ,  ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.

അപരാജയം :- വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.

ഗൗണസിദ്ധികൾ

ഗൗണസിദ്ധികൾ 10 തരത്തിലാണ്.

1). അനൂർമി

2). ദൂരശ്രവണസിദ്ധി

3). ദൂരദർശിനസിദ്ധി

4). മനോജവസിദ്ധി

5). കാമരൂപസിദ്ധി

6). പരകായപ്രവേശസിദ്ധി

7). സ്വഛന്ദമരണസിദ്ധി

8). ദേവക്രീഡാനുദർശനം

9). യഥാസങ്കല്പസിദ്ധി

10). അപ്രതിഹതഗതി


അനൂർമിസിദ്ധി :- വിശപ്പ്, ദാഹം, ദുഃഖം, മോഹം, വാർദ്ധക്യം, മരണം എന്നിവയെ കീഴടക്കാനുള്ള കഴിവ്.

ദൂരശ്രവണസിദ്ധി :- ഒരേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെയുള്ള ശബ്ദങ്ങൾ കേട്ട് ഗ്രഹിക്കുവാനുള്ള കഴിവ്

ദൂരദർശനസിദ്ധി :- ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെ കണ്ണിനപ്പുറം നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവ്. (ഈ സിദ്ധികൊണ്ടാണ് സഞ്ജയൻ മഹാഭാരതയുദ്ധം ദൂരെ ഇരുന്നുകൊണ്ട് തന്നെ കാണുകയും ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തത്).

മനോജവസിദ്ധി :- മനസ്സിന്റെ വേഗത്തിൽ ഏത് സ്ഥലത്തും എത്താനുള്ള കഴിവ്.

കാമരൂപസിദ്ധി :- തനിക്ക് ഇഷ്ടമുള്ള രൂപം ധരിക്കാനുള്ള ശക്തി.

പരകായപ്രവേശം :- സ്വന്തം ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.

സ്വഛന്ദമരണം :- തനിക്ക് വേണമെന്നു തോന്നുമ്പോൾ മാത്രം മരിക്കുക. മരണത്തിൽപോലും നിയന്ത്രണം നേടുക. (മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ ഈ സിദ്ധിനേടിയിരുന്നു).

ദേവക്രീഡാനുദർശനം :- മാംസദൃഷ്ടിക്ക് അദൃശ്യരായ ദേവന്മാരുടെ ക്രീഡകൾ കാണാൻ കഴിയുക.

യഥാസങ്കല്പസിദ്ധി :- താൻ നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കുക.

അപ്രതിഹതഗതി :- ഏത് സ്ഥലത്തും പോകുന്നതിന് ഒരു തടസ്സവും അനുഭവപ്പെടാതിരിക്കുക.