ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളുടെ ഫലങ്ങള്‍

ലഗ്നഭാവം (ഒന്നാം ഭാവം)



ദേഹസ്യ സൌഷ്ഠവം സ്വാസ്ഥ്യം സ്ഥിതിഃ  ശ്രേയോ യശസ്സുഖം

ജയോ വപുശ്ച തല്‍ സര്‍വ്വം ചിന്തനീയം വിലഗ്നതഃ

സാരം :-
ലഗ്നാധിയായ പന്ത്രണ്ട് ഭാവങ്ങള്‍ക്കൊണ്ട് പ്രഷ്ടാവിന്റെ ഇന്നിന്ന സംഗതികളെയാണ് ചിന്തിക്കേണ്ടത് എന്ന് പറയുന്നു.

ഇവിടെ ലഗ്നഭാവം കൊണ്ട് ശരീരത്തിന്റെ നന്മയേയും ആരോഗ്യത്തേയും ദേഹത്തിന്റെ അവസ്ഥയേയും ശ്രേയസ്സിനേയും കീര്‍ത്തിയേയും, സുഖാവസ്ഥയേയും, ലഗ്നത്തിന്റെ പ്രവൃത്തി മുതലായ കര്‍മ്മങ്ങളിലുള്ള ജയത്തേയും വിചാരിക്കണം. കൂടാതെ മാഹാത്മ്യത്തേയും ശിരസ്സിനേയും ആ ജന്മത്തിലുള്ള അവസ്ഥകളേയുംകൂടി ലഗ്നം കൊണ്ട് വിചാരിക്കേണ്ടതാണ്. "ലഗ്നം ഹോരാകല്യദേഹോദയാഖ്യംരൂപം ശീര്‍ഷം വര്‍ത്തമാനഞ്ചജന്മ" ഇത്യാദി അനേക വചനങ്ങള്‍ ഭാവാദിധേയങ്ങളായി കാണുന്നു. 

************************

രണ്ടാം ഭാവം 
കര്‍ത്തവ്യമഖിലം വിത്തം വാണീ ചക്ഷുശ്ച ദക്ഷിണം
വിദ്യാ ച വിവിധാപ്യേതല്‍ സര്‍വ്വം ചിന്ത്യം ദ്വിതീയതഃ

സാരം :-
താന്‍ ഭരിക്കേണ്ട എല്ലാറ്റിനേയും ധനത്തേയും വാക്കിനേയും വലത്തെ  കണ്ണിനേയും ബഹുമുഖങ്ങളായ വിദ്യകളേയും രണ്ടാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്.

മനസ്സ് അന്നപാനാദി, എഴുത്ത്കുത്ത് മുതലായ സംഗതികള്‍ ഇവകളുംകൂടി രണ്ടാം ഭാവംകൊണ്ട് വിചാരിക്കേണ്ടതാണ്. " വിത്തം വിദ്യാസ്വാന്നപാനാദിഭുക്തിം ദാക്ഷാക്ഷ്യാസംപത്രികാവാക് കുടുംബം" എന്നുള്ള വചനം കൊണ്ട് കാണുന്നു.

 ************************
മൂന്നാം ഭാവം
ധൈര്യം വീര്യശ്ച ദുര്‍ബുദ്ധിഃ സഹോദരപരാക്രമൌ
ദക്ഷകര്‍ണ്ണസഹായൌ ച ചിന്തനീയാസ്തൃതീയതഃ

സാരം :-
ധൈര്യത്തേയും ഉത്സാഹാദിയേയും ദുര്‍ബുദ്ധിയേയും, സഹോദരന്മാരേയും, പരാക്രമത്തെയും വലത്തെ ചെവിയേയും, സഹായത്തേയും മൂന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ മാറിടത്തെയും, സൈന്യബലത്തെയും മൂന്നാം ഭാവംകൊണ്ടുതന്നെ വിചാരിക്കേണ്ടതാണ്. " ദുശ്ചില്‍ക്കോരോദക്ഷ കര്‍ണ്ണാംശ്ചസേനാം ധൈര്യം ശൌര്യം വിക്രമംഭ്രാതരഞ്ച" ഇത്യാദി വചനം കൊണ്ട് കാണുന്നു.

                                                                ************************

നാലാം ഭാവം 
മാതാ സുഹൃന്മാതുലഭാഗിനിനേയൌ
ക്ഷേത്രം സുഖം വാഹനമാസനഞ്ച
ലാളിത്യമംഭശ്ശയനഞ്ച വൃദ്ധിഃ
പശ്വാദികം വേശ്മ ഗൃഹാല്‍ ചതുര്‍ത്ഥാല്‍

സാരം  :-
  മാതാവ്, ബന്ധുക്കള്‍, മാതുലന്മാര്‍, മരുമക്കള്‍, കൃഷിഭൂമി അഥവാ ദേവാലയം, സുഖം, വാഹനം അതായത് ആന, കുതിര, തേര് മുതലായവ, പീഠം, കസേര മുതലായ ആസനങ്ങള്‍, പരിശുദ്ധത, ശയനസാധനം, അഭിവൃദ്ധി, പശുക്കള്‍ മുതലായ നാല്‍ക്കാലികള്‍, തന്റെ ഗൃഹം ഇവകളെക്കുറിച്ചും നാലാം ഭാവംകൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ ഈ ഭാവം കൊണ്ട് തന്നെ രാജ്യത്തേയും മഹിഷത്തെയും സുഗന്ധവസ്ത്ര ഭൂഷണാദികളേയും പാതാളത്തേയും സമുദ്രം നദി ഇവകളേയും ചിന്തിക്കേണ്ടതാണ്. "ഗേഹം ക്ഷേത്രം മാതുലം ഭാഗിനേയം ബന്ധും മിത്രം വാഹനം മാതരഞ്ചരാജ്യം ഗോമഹിഷ സുഗന്ധവസ്ത്രഭൂഷാ പാതാളം ഹിബുകസുഖാംബുസേതുനദ്യാ " എന്ന വചനം കൊണ്ട് കാണുന്നു.

                                                                  ************************

അഞ്ചാം ഭാവം 

പ്രജ്ഞാ മേധാ പ്രതിഭാ വിവേകശക്തിഃ പുരാതനം പുണ്യം
മന്ത്രാമാതൃതനൂജാഃ പഞ്ചമതസ്സൗമനസ്യമപി ചിന്ത്യം

സാരം :-
         ബുദ്ധിയും ധാരണാശക്തിയും പ്രതിഭയും - പ്രതിഭ അപ്പഴപ്പോള്‍ വേണ്ടവിധം യുക്തിയുക്തമായ വിധത്തില്‍ ഉന്മേഷത്തെ ജനിപ്പിക്കുന്ന ബുദ്ധിയുടെ ഒരു വിശേഷഗുണമാകുന്നു. ഗുണദോഷങ്ങളെ തിരിച്ചറിവാനുള്ള സാമര്‍ത്ഥ്യം പൂര്‍വ്വജന്മങ്ങളില്‍ സമ്പാദിച്ചിട്ടുള്ള പുണ്യഫലങ്ങളുടെ നില, കാര്യാലോചനമന്ത്രിമാര്‍, പുത്രന്മാര്‍ സുശീലതാ എന്നിവയെല്ലാം അഞ്ചാംഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. രാജചിഹ്നവും നികുതിയും, ഭാവികാര്യവും അടുത്ത ജന്മസ്ഥിതി മുതാലയവയും വയറും ചെവിയും ഓര്‍മ്മയുംകൂടി അഞ്ചാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. " രാജാംഗം സചിവകരാന്മധീഭവിഷ്യല്‍ ജ്ഞാനാസൂന്‍സുതജശ്ചരശ്രുതിസ്മൃതീ " എന്ന വചനം കാണുന്നു.

                                                                     ************************

ആറാം ഭാവം

തസ്കരാരാതി വിഘ്നാധിവ്യാധയശ്ചതനുക്ഷിതിഃ
മരണം വാരിശസ്ത്രേണ ചിന്തനീയം ഹി ഷഷ്ഠതഃ

സാരം :-
   കള്ളന്മാരെ, ശത്രുക്കളെ, വിഘ്നങ്ങളെ മനോദുഃഖത്തെ രോഗങ്ങളെ ശരീരത്തിലുള്ള ഒടിവ് ചതവ് മുതലായ പരിക്കുകളെ ശത്രുവിന്റെ ആയുധാദികളില്‍ നിന്നുള്ള ഈവകകളെയെല്ലാം ആറാം ഭാവം കൊണ്ടാണ് വിചാരിക്കേണ്ടത്. ജാതി വര്‍ഗ്ഗത്തേയും കടത്തേയും യുദ്ധത്തേയും ദുഷ്കൃതത്തേയും ഭയത്തേയും അപമാനത്തേയുംകൂടി ഈ ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. "ഋണാസ്ത്രചോരക്ഷതരോഗശത്രുന്‍ ജ്ഞാത്യാജിദുഷ്കൃത്യഘഭിത്യവജ്ഞാഃ " എന്ന വചനം കാണുന്നു.


                                                                ************************

ഏഴാം ഭാവം
വിവാഹ മദനാലോകഭാര്യാഭര്‍ത്തൃസമാഗമാഃ
ശയ്യാസ്ത്രീസത്മനഷ്ടാര്‍ത്ഥമൈഥുനനാന്യപി സപ്തമാല്‍

സാരം :-
   വിവാഹം, കാമവിശേഷം, ദര്‍ശനം, ഭാര്യാ, ഭര്‍ത്താവ്, പോകുക, വരിക, ശയനസാധനങ്ങള്‍ ഭാര്യയുടെ വീട്, നഷ്ടപ്പെട്ട വസ്തുക്കള്‍, സംഭോഗം ഇവയെല്ലാം ഏഴാം ഭാവം കൊണ്ട് വിചാരിച്ചറിയേണ്ടതാണ്. പുരുഷനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏഴാം ഭാവം കൊണ്ട് ഭാര്യയേയും, സ്ത്രീയെ കുറിച്ച് പ്രശ്നം ചിന്തിക്കുമ്പോള്‍ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിനേയും അതുപോലെ തന്നെ അവരുടെ ഭവനത്തേയും വിചാരിച്ച് കൊള്ളണം.  കൂടാതെ ജനസമൂഹത്തെയും മാര്‍ഗ്ഗവിശേഷത്തെയും മറ്റുംകൂടി ഏഴാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. (ജാമിത്രചിത്തോര്‍ത്ഥമദാസ്തകാമാന്‍ ദ്യൂനോര്‍ദ്ധ്വലോകാന്‍പാതിമാര്‍ഗ്ഗ ഭാര്യാഃ " എന്ന വചനം കാണുന്നു.

                                                                 ************************


എട്ടാം ഭാവം

സര്‍വ്വ പ്രണാശോ വിപദോƒപവാദോഹേതു പ്രദേശൗമരണസ്യാദാസഃ
മഠാദികം വേശ്മഗദാശ്ച വിഘ്നാ വിചിന്തനീയാഃ പുനരഷ്ടമേന

സാരം :-
എല്ലാ പദാര്‍ത്ഥങ്ങളുടെയും നാശത്തെക്കുറിച്ച് അഷ്ടമം കൊണ്ടാണ് ചിന്തിക്കേണ്ടത്. അതുപോലെ തന്നെ ആപത്തുകള്‍, അന്യജനങ്ങളില്‍ നിന്ന് കാരണമില്ലാതെ നിന്ദകള്‍, മരണത്തിനുള്ള ഹേതു, മരണം സംഭവിക്കുന്ന പ്രദേശത്തിന്റെ അവസ്ഥ, ഭൃത്യന്മാര്‍, വെളിയിലുള്ള ഉപഗ്രഹങ്ങള്‍, രോഗങ്ങള്‍, കാര്യവിഘ്നങ്ങള്‍ ഇവയെല്ലാം അഷ്ടമഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ സ്ത്രീകളുടെ വിവാഹ നിലനില്‍പ്പും ആശുചിയും പരിഭവവും ദുഃഖവും ഛിദ്രവുംമറ്റും കൂടി എട്ടാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. "മാംഗള്യരന്ധ്രമലിനാധിപരാഭവായുഃക്ലേശാപവാദ മരണാശുചിവിഘ്നദാസാന്‍ " എന്ന ഭാഗം കൊണ്ട് സൂചിപ്പിക്കുന്നു.

                                                                         ************************

ഒന്‍പതാം ഭാവം
ഭാഗ്യധര്‍മ്മദയാപുണ്യതപ്സ്താതസുതാന്മജാഃ
ദാനോപാസനസൗശീല്യഗുരവോ നവമാദമീ.

സാരം :-
    ഭാഗ്യം, ധര്‍മ്മം, ദയ, പുണ്യം, തപസ്സ് അഥവാ, വ്രതാനുഷ്ടാനം മുതലായ കര്‍മ്മങ്ങള്‍, പിതാവ്, മക്കളുടെ മക്കള്‍, ദാനം മന്ത്രജപംകൊണ്ടും മറ്റുമുള്ള ദേവോപാസനം, സ്വഭാവനന്മ, ഗുരുക്കന്മാര്‍ എന്നിവയെല്ലാം ഒന്‍പതാം ഭാവം കൊണ്ട് വിചാരിക്കണം. കൂടാതെ സദാചാരം ഇഷ്ടദേവത പൂര്‍വ്വപുണ്യം വംശശുദ്ധി ഔഷധം ഇവയും ഒന്‍പതാംഭാവം കൊണ്ട് തന്നെയാണ് വിചാരിക്കേണ്ടത്.

                                                                         ************************
പത്താം ഭാവം
ദേവാലയനഗരസഭാമാര്‍ഗ്ഗാലയദാസ സര്‍വ്വകര്‍മ്മാണി
ആജ്ഞാലംബനമേതല്‍ സര്‍വ്വം ചിന്ത്യം ഹി ദശമേന

സാരം :-
   ദേവാലയം, നഗരം, സഭാ, വഴിയമ്പലം, ഭൃത്യന്മാര്‍,  എല്ലാവിധത്തിലുമുള്ള കര്‍മ്മങ്ങള്‍, കല്പനാശക്തി, ആശ്രയം ഇവയെല്ലാം പത്താംഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ വാസസ്ഥാനം, ഈര്‍ഷ്യ, ജയം യാഗാദികര്‍മ്മങ്ങള്‍, സല്ക്കീര്‍ത്തി, ആകാശം, ജീവിതരീതി, തൊഴില്, അന്യദേശഗമനം ഇത്യാദികളും പത്താം ഭാവം കൊണ്ട് തന്നെ വിചാരിക്കേണ്ടതാണ്.

                                                                         ************************

പതിനൊന്നാം ഭാവം
സര്‍വ്വാഭീഷ്ടാഗമോ ജ്യേഷ്ഠഭ്രാതാ ജാതാ നിജാത്മജാഃ
വാമകര്‍ണ്ണോƒര്‍ത്ഥലാഭശ്ച ചിന്ത്യാ ഹ്യേകാദശേന തേ.

സാരം :-

എല്ലാവിധത്തിലുമുള്ള തന്റെ അഭീഷ്ടങ്ങളുടെ പ്രാപ്തിയും, ജ്യേഷ്ഠസഹോദരീ സഹോദരന്മാരും, ഉണ്ടായിട്ടുള്ള പുത്രന്മാരും, ദ്രവ്യലാഭവും, ഇടത്തെ ചെവി എന്നിവ പതിനൊന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ വരവുകൊണ്ടുള്ള ഫലം, ഐശ്വര്യവിഭവം, സംസാരബന്ധം, മനസ്സ് തൃപ്തി, ശ്രവണഗുണം മുതലായവയും പതിനൊന്നാം ഭാവം കൊണ്ട് തന്നെ വിചാരിക്കേണ്ടതാണ്. 


                                                                         ************************
പന്ത്രണ്ടാം ഭാവം

പാപം വ്യയഞ്ച പതനം നിരയം വാമമംബകം
സ്ഥാനഭ്രംശഞ്ച വൈകല്യം ദ്വാദശേന വിചിന്തയേല്‍.

സാരം :-
  പാപം, ചിലവ്, വീഴ്ച, നരകഗതി, ഇടത്തെ കണ്ണ്, സ്ഥാനഭ്രുഷ്ടത, അവയവങ്ങളുടെ വികലത എന്നിവ പന്ത്രണ്ടാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ കാല്, ക്ഷയം, ദാരിദ്രം, ശയനം, ഇത്യാദികളെ കൂടിയും പന്ത്രണ്ടാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. 

                                                                         ************************

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.