ജ്യോതിഷം സാമാന്യവിവരണം

  പ്രപഞ്ചം സുഖദുഃഖസമ്മിശ്രമാണ്. ജീവിതദശ മുഴുവന്‍ സുഖമോ, ദുഃഖമോ മാത്രം അനുഭവിക്കുന്നവരുണ്ടോ? ഒരിക്കലുമില്ല. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള സുഖദുഃഖങ്ങള്‍ അവന്റെ ജനനസമയത്തെ ഗ്രഹനിലയെ ആശ്രയിച്ചിരിക്കും എന്നാണ് ആചാര്യന്മാരുടെ സിദ്ധാന്തം. നഭസ്സില്‍ അതിവേഗത്തില്‍ കറങ്ങികൊണ്ടിരിക്കുന്ന ജ്യോതിശ്ചക്രത്തില്‍ സ്ഥിതിചെയ്യുന്ന ആദിത്യാദി നവഗ്രഹങ്ങളുടെ ആത്മീയശക്തി അനുസരിച്ചായിരിക്കും ആയുര്‍ബലവും മറ്റു ഭാഗ്യാദികളും. ലോകത്തില്‍ കാണുന്ന സ്ഥിതിഭേദങ്ങള്‍ക്കും കാലവ്യതിയാനങ്ങള്‍ക്കും നിദാനവും അതുതന്നെയാണ്. ഏതു പ്രവൃത്തിയും ശുഭമുഹൂര്‍ത്തത്തില്‍ വെച്ചിട്ടുള്ളതിന്റെ തത്വം അതുതന്നെ. നവഗ്രഹങ്ങളുടെ സ്ഥിതിഭേദങ്ങള്‍ കണ്ടുപിടിച്ച് ശുഭാശുഭങ്ങളേയും മറ്റും നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ (സിദ്ധാന്തങ്ങളെ) പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ജ്യോതിശാസ്ത്രം. അതിഗഹനമായ ജ്യോതിശാസ്ത്രപ്രമേയങ്ങളെ സുഗ്രഹമാക്കുന്നതിന് പണ്ഡിതന്മാര്‍ - ഭാരതീയരും  വിശിഷ്യ കേരളീയരും - അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

   ശുഭമുഹൂര്‍ത്തമെന്നാല്‍ നവഗ്രഹങ്ങള്‍ ശുഭമായ സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒരു മുഹൂര്‍ത്തം എന്നാണു.

    നവഗ്രഹങ്ങള്‍ എന്നാല്‍ ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു ഇങ്ങനെ ആകാശത്തില്‍ ഉദിച്ചും അസ്തമിച്ചും കഴിയുന്ന ഒന്‍പതു ഗ്രഹങ്ങളാകുന്നു. 

    ജ്യോതിശ്ചക്രം - മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഈ പേരുകളാല്‍ അറിയപ്പെടുന്ന സമഭാഗങ്ങളായ പന്ത്രണ്ടു രാശികളായിട്ടാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ അതിവേഗത്തില്‍ ചുറ്റികൊണ്ടിരിക്കുന്ന പല രാശികളിലുമായി സ്ഥിതിചെയ്തുകൊണ്ട് മേല്‍പ്പറയപ്പെട്ട നവഗ്രഹങ്ങളും അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളും മറ്റ് അപ്രധാനങ്ങളായ പല ഉപഗ്രഹങ്ങളും ആകാശത്തില്‍ പ്രതിദിനം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. ജ്യോതിശാസ്ത്രത്തിന്റെ സൂഷ്മതത്വങ്ങളെ മനസ്സിലാക്കി ഒരു ശിശു ജനിക്കുന്ന നിമിഷത്തിലോ ഒരു പ്രവര്‍ത്തി തുടങ്ങുന്ന അവസരത്തിലോ ഉദിച്ചുനില്‍ക്കുന്ന രാശി ഏതാണെന്നും സൂര്യാദിഗ്രഹങ്ങള്‍ ജ്യോതിശ്ചക്രത്തിന്റെ ഏതെല്ലാം ഭാഗത്തായിട്ടാണ് അപ്പോള്‍ സ്ഥിതിചെയ്യുന്നത് എന്ന് കണ്ടുപിടിച്ച് രേഖപ്പെടുത്തുന്നതിനെയാണ് 'ജാതകം' എന്നും 'മുഹൂര്‍ത്തം' എന്നും പറയാറുള്ളത്.

  നമ്മുടെ ജീവിതത്തില്‍ നമുക്ക് ഓരോ നിമിഷവും അനുഭൂതമാകുന്ന സുഖദുഃഖങ്ങള്‍ക്കും സ്ഥിതിഭേദങ്ങള്‍ക്കും ആധാരമായി നില്‍ക്കുന്നതും മാംസചക്ഷുസ്സുകള്‍ക്ക് ഗോച്ചരമല്ലാത്തതുമായ ആ മഹത് ശക്തിയെ കണ്ടുപിടിക്കുന്നതിന്, മഹാജ്ഞാനികളായ മഹര്‍ഷീശ്വരന്മാര്‍, അവരുടെ ജന്മസിദ്ധമായ ആദ്ധ്യാത്മികജ്ഞാനത്തില്‍ ജീവാത്മാവായും, പ്രകൃതിയായും, പഞ്ചഭൂതതന്മാത്രകളായും ശരീരികളായും, സൂര്യാദിഗ്രഹങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആകാശത്തിലും, സ്ഥൂലസൂക്ഷ്മരൂപേണ സ്ഥിതിചെയ്യുന്ന പരിവര്‍ത്തനങ്ങളേയും ബാലാബലങ്ങളേയും ചെഷ്ടകളേയും സ്ഥിതികളേയും മറ്റും സൂക്ഷ്മദര്‍ശനം ചെയ്തിട്ടുള്ളതാണ്‌ "ജ്യോതിശാസ്ത്രം". സകല ജീവജാലങ്ങളും പല രൂപത്തില്‍ ജനിക്കുകയും മരിക്കുകയും പല പ്രകാരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനം ഈ ജ്യോതിശാസ്ത്ര മഹാദര്‍പ്പണത്തില്‍കൂടി നോക്കുമ്പോള്‍ നല്ലതുപോലെ തെളിഞ്ഞുകാണാവുന്നതാണ്.

   ജ്യോതിശാസ്ത്രത്തിന് ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം ഇങ്ങനെ ആറുവിഭാഗങ്ങള്‍ ഉണ്ട്. അവയില്‍ ജാതകം, പ്രശ്നം ഇതുരണ്ടുമാണ് ഒരു മനുഷ്യന്റെ ഗുണദോഷഫലങ്ങളെപ്പറ്റി ചിന്തിക്കുന്നതിനുള്ള പ്രധാനമാര്‍ഗ്ഗങ്ങള്‍, ഒരു മനുഷ്യന്‍ പൂര്‍വ്വജന്മത്തില്‍ ചെയ്തിട്ടുള്ള സുകൃത ദുഷ്കൃതങ്ങളനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങളെ അറിയുന്നതിനുള്ള ഉപാധിയായി 'ജാതക' മെന്നും അവയില്‍നിന്നും ഇപ്പോള്‍ അനുഭവിക്കുന്നത് കഴിഞ്ഞ ജന്മങ്ങളില്‍ചെയ്ത നന്മതിന്മകളില്‍ ഏതിന്റെ ഫലമെന്നും ഈ ജന്മത്തില്‍ പുണ്യപാപങ്ങളില്‍ ഏതാണ് ചെയ്തതെന്നും ചെയ്യുന്നതെന്നും മറ്റും അറിയുന്നതിന് മേല്‍പ്പറയപ്പെട്ട രാശ്യാദികളുടേയും ഗ്രഹസ്ഥിതികളുടേയും തല്ക്കാലാവസ്ഥയെ കണ്ടുപിടിച്ചു പരിശോദിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപാധിയെ 'പ്രശ്നം' എന്നും പറഞ്ഞുവരുന്നു. അതുകൊണ്ട് ജാതകത്തിനായാലും പ്രശ്നത്തിനായാലും അത്യന്താപേക്ഷിതമായ അറിവ് സൂക്ഷ്മമായ ജ്യോതിശാസ്ത്രപഠനംകൊണ്ടും മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്പഷ്ടമാകുന്നു. ലോകത്തില്‍ കാണുന്ന സകല സ്ഥിതിഭേദങ്ങളും കാലവ്യത്യാസങ്ങളും മറ്റും ഉണ്ടാകുന്നതിനുള്ള കാരണം ആകാശത്തില്‍ സഞ്ചരിക്കുന്ന സൂര്യാദിഗ്രഹങ്ങളുടെ പരിവര്‍ത്തനം മൂലമാണെന്ന് നമുക്ക് അനുഭവസിദ്ധമാണല്ലോ. അതുപോലെയാണ് നാം ജനിക്കുന്ന നിമിഷത്തില്‍ ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി സൂക്ഷ്മരൂപത്തില്‍ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിച്ച് ജനനം മുതല്‍ മരണംവരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും, അവയുടെ ഗതിവ്യത്യാസങ്ങള്‍ അനുസരിച്ച് നമ്മുക്ക് സുഖദുഃഖാദ്യവസ്ഥകള്‍ അനുഭവപ്പെടുന്നതുമാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന അവസ്ഥാഭേദങ്ങള്‍ നാം പൂര്‍വ്വജന്മങ്ങളില്‍ ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ  ആശ്രയിച്ചേ സംഭവിക്കുകയുള്ളൂ.

ജ്യോതിശ്ചക്രസ്ഥിതിവിവരം
   ജ്യോതിശ്ചക്രത്തിന്റെ എല്ലാറ്റിലും മുകളിലായി നക്ഷത്രങ്ങളും അതിനുതാഴെ ക്രമേണ ശനി, വ്യാഴം, ചൊവ്വ, ആദിത്യന്‍, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ ഈ ഗ്രഹങ്ങളും; അവയ്ക്കെല്ലാം കീഴിലായി ഭൂമിയും സ്ഥിതി ചെയ്യുന്നു. ഈ ചക്രം ഭൂമിയെ ചുറ്റി വളരെ അകലത്തായി അധോഭാഗത്തോട്ടും ഉപരിഭാഗത്തോട്ടും വ്യാപിച്ചിട്ട് എല്ലായ്പ്പോഴും നമ്മുടെ മേല്‍ഭാഗത്തില്‍ പടിഞ്ഞാറോട്ടായിട്ടും കീഴ്ഭാഗത്ത് കിഴക്കോട്ടായിട്ടും കറങ്ങിക്കൊണ്ടിരിക്കുകയാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.