ഭസ്മധാരണം

      ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി സ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ്.

      പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരംകൊണ്ടടച്ചുപിടിച്ചു സ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. സ്മധാരണഫലശ്രുതിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. - ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും. 

          പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല. 

            ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്. 

കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.

ശയനവിധി

         നല്ലതുപോലെ ഉറക്കം വന്നതിനുശേഷമേ കിടക്കാവു. "കിടന്നുറങ്ങരുത്" എന്ന ചൊല്ലിനര്‍ത്ഥം, ഉറക്കം വരുംമുന്‍പ് കിടന്നു ഏറെ സമയം കഴിഞ്ഞ് ഉറക്കമാകരുത് എന്നാണ്. ഉറക്കം വരുംമുന്‍പ്  കിടന്നാല്‍ മനസ്സിലേക്ക് പലവിധ വിചാരങ്ങള്‍ കടന്നുവന്ന് മനസ്സിന്ടെ ശാന്തിയെ കെടുത്തും. അത് അസ്വസ്ഥതക്കും വിക്ഷോഭത്തിനുമിടയാക്കുകയും സുഖസുഷുപ്തിക്ക് ഭംഗമുണ്ടാക്കുകയും ആരോഗ്യഹാനിക്കു കാരണമാകയും ചെയ്യും. കിടക്കുന്നതിനു മുന്‍പ് കാല്‍ കഴുകണം. 

        കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക, വിരിപ്പ് മുതലായവ കൈകള്‍കൊണ്ട് നല്ലതുപോലെ തട്ടിക്കുടഞ്ഞുവേണം വിരിച്ചുകിടക്കാന്‍. സുഖസുഷുപ്തിക്കായി പ്രാര്‍ഥിക്കുകയും ഉണര്‍ന്നെഴുന്നേല്‍ക്കും വരെ തന്ടെ രക്ഷ ഈശ്വരങ്കല്‍ സമര്‍പ്പിക്കയും വേണം. തന്ടെ അന്നത്തെ എല്ലാ കര്‍മങ്ങളും അവയുടെ ഫലങ്ങളും ഒപ്പം സമര്‍പ്പിക്കണം. അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ ഈശ്വരനോടു മാപ്പുചോദിക്കുകയും വേണം. അന്യന് ഹിതമല്ലാത്തതൊന്നും ആവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞയെടുക്കുകയും നേര്‍വഴികാട്ടാന്‍ പ്രാര്‍ഥിക്കുകയും വേണം.

     ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ ഈശ്വരചിന്തയല്ലാതെ മറ്റൊരുചിന്തയും മനസ്സിലുണ്ടാവരുത്.

      പുരുഷന്മാര്‍ നീണ്ടുനിവര്‍ന്ന് മലര്‍ന്നുകിടന്നുറങ്ങണം. സ്ത്രീകള്‍ മലര്‍ന്നുകിടന്നുറങ്ങാതെ ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങണം.

        കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത്  ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്.

         ആധുനികശാസ്ത്രം ഈ ശയനവിധിയും അവയുടെ ഫലങ്ങളും ശരിയെന്നു സമ്മതിച്ചിട്ടുണ്ട്.

വഴിപാടുകള്‍

    വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

        എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

    വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

            യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും.

ക്ഷേത്രം

           ഈശ്വരനെ മൂര്‍ത്തിരൂപത്തില്‍ ആരാധിക്കുന്നതിനുള്ള ആലയമാണ് ക്ഷേത്രം. ഭാരതത്തിലെ  ക്ഷേത്രങ്ങള്‍ പൌരാണികകാലത്ത് ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. ഭാരതീയസംസ്കാരത്തിന്ടെയും കലകളുടെയും സംഗമസ്ഥാനംകൂടിയായിരുന്നു. ക്ഷേത്രങ്ങളുടെ ആദിമസങ്കല്പം വേദകല്പിതമണേന്നാണ് പണ്ഡിതമതം.
         മനുഷ്യശരീരഘടനയനുസരിച്ചാണ് ക്ഷേത്രശില്പവും. "ഇദം ശരീരം കൌന്തേയം ക്ഷേത്രമിത്യഭിധീയതെ" എന്ന് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍തന്നെ ഇത് സാധൂകരിച്ചിട്ടുണ്ട്.

           ആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളുടെ സ്ഥാനമാണ് ക്ഷേത്രത്തിലെ പഞ്ചപ്രാകാരങ്ങള്‍ക്ക്. അന്തര്‍മണ്ഡലം, വലിയമ്പലം, വിളക്കുമാടം, ശിവേലിപ്പുര, പുറമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍. ബിംബം ദേവന്ടെ സൂക്ഷ്മശരീരമാണ്. പ്രാസാദം സ്ഥൂല ശരീരവും എട്ട് യോനികളും, പതിമൂന്ന് പരിഷകള്‍   അടങ്ങിയതാണ് പ്രാസാദം. കാലുകള്‍, തോരണങ്ങള്‍, ഘനദ്വാരം എന്നിവയുള്‍പ്പെടെ പ്രാസാദങ്ങള്‍ക്ക് നാല് ദ്വാരങ്ങളുണ്ട്. പ്രാസാദത്തിന്ടെ നിലയ്ക്കനുസരിച്ചാണ് അധിഷ്ഠാനം. പ്രസാദം സാലങ്കാരമാണെങ്കില്‍ അധിഷ്ഠാനവും സാലങ്കാരമായിരിക്കണം.ബിംബം പ്രതിഷ്ടിച്ചിരിക്കുന്നത്‌ പീടത്തിലാണ്. പ്രകൃതിസ്വരൂപിണിയായ ശക്തിയെ പീടമായും പുരുഷനെ ബിംബമായും സങ്കല്പിച്ചിരിക്കുന്നു.

              ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ തന്ടെ ശരീരഭാഗങ്ങള്‍ ദേവശരീരവുമായി ലയിപ്പിക്കണം.

സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാരവും

         പുരുഷന്മാര്‍ സാഷ്ടാംഗനമസ്കാരവും സ്ത്രീകള്‍ പഞ്ചാംഗനമസ്കാരവും ചെയ്യണം. മാറിടം, നെറ്റി, വാക്ക് മനസ്സ്, അഞ്ജലി, കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ ഈ  എട്ട് അംഗങ്ങള്‍ ചേര്‍ത്തുള്ള നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം.

    പുരുഷന്മാര്‍ക്ക് ദണ്‍ഡനമസ്കാരവും ആകാം. ദണ്‍ഡാകാരമായി വീണുചെയ്യുന്ന നമസ്കാരമാണ് ദണ്‍ഡനമസ്ക്കാരം.

       സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരവും ദണ്‍ഡനമസ്കാരവും ചെയ്യരുത്. കാല്‍മുട്ടുകളില്‍ കുന്തിച്ചിരുന്നുകൊണ്ടുള്ള നമസ്കാരം അതായത് പഞ്ചാംഗനമസ്കാരമാണ് സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്. ശരീരശാസ്ത്രമാനുസരിച്ചുള്ളതാണ് ഈ വിധി. മാറിടത്തിന്ടെ അസ്വാധീനതയെന്ന് പുറമേ പറയുന്നതെങ്കിലും അവരുടെ ഗര്‍ഭപാത്ര സുരക്ഷിതത്വമാണ് ഇതിനടിസ്ഥാനം.

          സ്ത്രീകള്‍ക്ക് അനുവദനീയമല്ലാത്ത മറ്റൊന്നാണ് ശയന പ്രദക്ഷിണം. ഇതും സ്ത്രീകളുടെ ആന്തരാവയവങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതാണ്. ശയനപ്രദക്ഷിണത്തിനു പകരമായി പാദങ്ങള്‍ മുട്ടിച്ചുള്ള പ്രദക്ഷിണമാകം. മുന്‍പോട്ടു വച്ച വലതുകാലിന്ടെ പെരുവിരല്‍ (തള്ളവിരലില്‍) മുട്ടിച്ച് ഇടതുകാല്‍ വച്ചശേഷം വലതുകാല്‍ ഇടതുകാലിന്ടെ പെരുവിരലില്‍ മുട്ടിച്ചുവച്ച് അടിവച്ചുള്ള പ്രദക്ഷിണമാണിത് 

ദേവദര്‍ശനം

      ആല്‍പ്രദക്ഷിണവും ക്ഷേത്രത്തിനു പുറത്തുകൂടിയുള്ള പ്രദക്ഷിണവും കഴിഞ്ഞേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാവു. ഒരു ക്ഷേത്രത്തിലും തിരുനടയില്‍ നേരെ നിന്ന് തൊഴരുത്. ഒരു വശം ചേര്‍ന്നുനിന്നെ തൊഴാന്‍ പാടുള്ളൂ. തൊഴുമ്പോള്‍ ഇരുകൈകളിലെയും വിരലറ്റങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കണം. പുരുഷന്മാര്‍ തൊഴുതുപിടിച്ച കൈകള്‍ ഇടതുനെഞ്ചിനു  നേരെയും സ്ത്രീകള്‍ കഴുത്തിനു നേര്‍ക്ക്‌ താടിയെല്ലുകള്‍ക്ക് താഴെയും ചേര്‍ത്തുപിടിക്കണം. പുരുഷന്മാര്‍ക്ക് ശിരസ്സിനു മുകളില്‍ പന്ത്രണ്ട് അംഗുലം ഉയര്‍ത്തി കൈകള്‍ തോഴുതുപിടിക്കുകയും ആവാം. ദര്‍ശന സമയത്ത് പുരുഷന്മാര്‍ മേല്‍വസ്ത്രം കൈത്തണ്ടയില്‍ തൂക്കിയിടുകയോ അരയില്‍ കെട്ടുകയോ കക്ഷത്തില്‍ ഇറുകിപ്പിടിക്കുകയോ വേണം. മേല്‍മുണ്ടു പുതച്ച് ദേവദര്‍ശനം പാടില്ല.

ദേവദര്‍ശനവും പ്രദക്ഷിണവും നമസ്കാരവും കഴിഞ്ഞ ശേഷമേ തീര്‍ഥവും പ്രസാദവും വാങ്ങാവും.

            മന്ത്രപൂര്‍വം ദേവബിംബം അഭിഷേകം ചെയ്തു കിട്ടുന്ന ഔഷധഗുണമുള്ള പുണ്യജലമാണ് തീര്‍ഥം. വലതു കൈവിരലുകള്‍ മടക്കി കുബിള്‍പോലെ പിടിച്ച് ഉള്ളംകൈയില്‍ വേണം തീര്‍ഥം സ്വീകരിക്കാന്‍. അപ്പോള്‍ ഇടതുകൈ വലതുകൈമുട്ടില്‍ താങ്ങിപ്പിടിചിരിക്കണം. കിഴക്കോട്ടു തിരിഞ്ഞുനിന്ന് മുഖം മുകളിലേക്കുയര്‍ത്തി തീര്‍ഥം താഴെ വീഴാതെയും ചുണ്ടില്‍ തട്ടാതെയും വയ്ക്കുള്ളിലെക്ക് ഒഴിച്ചു സേവിക്കുക. തീര്‍ഥം സേവിക്കും മുന്‍പ് മറ്റു യാതൊന്നും കഴിക്കരുത്. തീര്‍ഥം സേവിച്ച ശേഷം കൈകളില്‍ ശേഷിക്കുന്നത് ശിരസ്സിലണിയണം.

               ഇരുകൈകളും ഒരുമുച്ചു നീട്ടി വേണം പ്രസാദം വാങ്ങാന്‍. ക്ഷേത്രത്തിനുള്ളില്‍വച്ച് പ്രസാദം ശരീരത്തില്‍ലണിയരുത്. ക്ഷേത്രത്തിനു പുറത്തുവന്നശേഷമേ പ്രസാദം അണിയാവു. അര്‍ച്ചനാപുഷ്പങ്ങള്‍ എടുത്ത് കണ്ണിലണച്ചശേഷം ശിരസിലണിയുക. പുരുഷന്മാര്‍ ചെവിക്കിടയിലും സ്ത്രീകള്‍ മുടിത്തുബിലും പുഷ്പങ്ങള്‍ ചൂടുന്നു. ശരീരത്തിലണിയും മുന്‍പ് പ്രസാദവസ്തുക്കള്‍ നിലത്തുവീഴരുത്. ഔഷദഗുണങ്ങളുള്ള പൂക്കളും മലരുമാണ് തീര്‍ഥത്തില്‍ ഉള്ളത്. ധൂപവും ദീപവും ഇരുകൈകളാലും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങി കണ്ണിലണച്ച് താഴേക്ക് ഉഴിയണം.

ക്ഷേത്രദര്‍ശനം

                 നിത്യവുമുള്ള ക്ഷേത്രദര്‍ശനം മോക്ഷപ്രദമാണ്. ക്ഷേത്രദര്‍ശനത്തിനു പോകുന്ന ഭക്തന്‍ മുങ്ങികുളിച്ച് ഈറന്‍വസ്ത്രമണിഞ്ഞോ അലക്കി ശുദ്ധമാക്കിയ വസ്ത്രമണിഞ്ഞോ മാത്രമേ ക്ഷേത്രത്തിനുള്ളില്‍ കടക്കാവു.

പ്രഭാതം മുതല്‍ പ്രദോഷം വരെ

ഒരു ദിവസത്തിന്ടെ ആരംഭമാണ് പ്രഭാതം. പ്രഭാതത്തില്‍ത്തന്നെ നാം കര്‍മനിരതരാകണം.

ദിവസം എങ്ങനെ ആരംഭിക്കണം.

1. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം. 

2. മലര്‍ന്നുകിടന്നുറങ്ങുന്നയാള്‍ ഉണര്‍ന്ന് ഇടതുവശം ചരിഞ്ഞ് വലതു കൈവിരല്‍കൊണ്ട് ഭൂമിയില്‍ "ശ്രീ' എന്ന് എഴുതുക. തുടര്‍ന്ന് ഗുരുസ്മരണയോടും ഈശ്വരധ്യാനത്തോടും കൂടി വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കുക. 

3. കിഴക്കോട്ട്  തിരിഞ്ഞുനിന്ന് ഇരുകൈപ്പത്തികളും ചേര്‍ത്ത് മലര്‍ത്തിപ്പിച്ചു അതില്‍നോക്കി താഴെ പറയുന്ന മന്ത്രജപത്തോടെ കണ്ണുകളില്‍ അണയ്ക്കുക.

"കരാഗ്രേ വസതേ ലക്ഷ്മി കരമാദ്ധ്യേ സരസ്വതി 
കരമൂലേ സ്ഥിതാ ഗൌരി  പ്രഭാതേ കരദര്‍ശനം"

തുടര്‍ന്ന് ഗുരു, അമ്മ, അച്ഛന്‍, എന്നിവരെ സ്മരിക്കുക.

4. ഇതിനുശേഷം ഭൂമിദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ മന്ത്രോച്ചാരണപൂര്‍വ്വം കുനിഞ്ഞ് ഭൂമിദേവിയെ തൊട്ടു വന്ദിക്കുക.

"സമുദ്രവസനേ ദേവി പാര്‍വത സ്തനമണ്ഡലേ
വിഷ്ണുപത്നൈന്യ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ."

      സര്‍വംസഹയായ മാതാവാണ് ഭൂമി. ആ മാതാവിനെ ചവിട്ടുന്നത് പാപമാണ്. പാപപരിഹാരത്തിനായി ക്ഷമ ചോദിക്കുകയാണ് ഇതിലൂടെ.

5. തുടര്‍ന്ന് ശരീരശുദ്ധി (വിസര്‍ജനാദിക്രിയകളും കാലും മുഖവും കഴുകലും), ദന്തശുദ്ധി ഇവ വരുത്തി വിരലുകളില്‍ ഭസ്മമെടുത്ത് നാമജപത്തോടെ നെറ്റിയിലും മറ്റും ധരിക്കുക. കാല്‍ കഴുകുബോള്‍ കാല്‍പ്പത്തിയുടെ പിന്‍ഭാഗം (ഉപ്പുറ്റി അഥവാ കാല്‍മടബ്) വേണം മുഖ്യമായും കഴുകാന്‍. 

6. നിലവിളക്ക് കൊളുത്തി ഇഷ്ടദേവതാസ്മരണം, ഗണപതി, സരസ്വതി തുടങ്ങിയവരെ പ്രാര്‍ഥിക്കല്‍, പിന്നീട് ആദിത്യനെയും നവഗ്രഹങ്ങളെയും ധ്യാനിക്കള്‍ ഇവ നിര്‍വഹിക്കണം.

7. എണ്ണതേച്ചു കുളിക്കുക. സ്ത്രീകള്‍ക്ക് ചൊവ്വയും വെള്ളിയും, പുരുഷന് ബുധനും ശനിയും എണ്ണ തേച്ചുകുളിക്ക് വിശിഷ്ടം. എണ്ണതേയ്ക്കുമ്പോള്‍ 'ഹരി ഹരി' എന്നോ 'ഗോവിന്ദ ഗോവിന്ദ' എന്നോ ജപിക്കണം.

8. കുളിക്കുംമുന്‍പ് കൈക്കുടന്നയില്‍ വെള്ളമെടുത്ത്,

"ഗംഗേ ച യമുനേ  ചൈവ ഗോദാവരീ സരസ്വതീ 
നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു"

                  എന്ന മന്ത്രം ജപിച്ച് അതേ ജലത്തിലേക്കുതന്നെ ഒഴിക്കുക. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്യണം. പുഴയിലായാലും കുളത്തിലായാലും കുളിമുറിയിലായാലും ഇതു ചെയ്യണം.

9. കുളിച്ചു തോര്‍ത്തും മുന്‍പ് തര്‍പ്പണം ചെയ്യണം. തര്‍പ്പണം ചെയ്യുന്നത് പുഴയിലോ കുളത്തിലോ മാത്രമേ ആകാവു. ആദിത്യങ്കിലേക്കാണ് തര്‍പ്പണം ചെയ്യേണ്ടത്.

10. കുളി കഴിഞ്ഞാല്‍ ആദ്യം ശരീരത്തിന്ടെ പുറക്കുവശം തോര്‍ത്തണം. അതിനുശേഷം മുഖവും തലയും മറ്റു ഭാഗങ്ങളും തോര്‍ത്തുക.

11ഇനി ഭസ്മധാരണമാണ്. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകൈകൊണ്ടടച്ചുപിടിച്ചു നമശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിക്കുക. ഭസ്മധാരണമന്ത്രത്തോടെ ഭസ്മം നിശ്ചിതസ്ഥാനങ്ങളില്‍ ധരിക്കണം

            ഭസ്മം വെള്ളമൊഴിച്ച് ഇരുകൈകളുംകൊണ്ട് കുഴച്ച് ചൂണ്ടു വിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ടുവേണം ധരിക്കാന്‍. 

പ്രദക്ഷിണത്തിന്ടെ കണക്കും ഫലവും

        പ്രദക്ഷിണം ആര്‍ക്കൊക്കെ എത്രവീതം വേണമെന്നും ഓരോ പ്രദക്ഷിണത്തിന്ടെയും ഫലമെന്തെന്നും ആഗമശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 

      ഗണപതിക്ക്‌ ഒരു പ്രദക്ഷിണവും സൂര്യന് രണ്ടും ശ്രീശങ്കരന് മൂന്നും ദേവിക്കും മഹാവിഷ്ണുവിനും നാലുവീതവും പ്രദക്ഷിണം വയ്ക്കണം. ആശ്വത്ഥവൃക്ഷത്തിനു ഏഴു പ്രദക്ഷിണമാണ് വിധിച്ചിട്ടുള്ളത്. ഇരുപത്തിയൊന്നു പ്രദക്ഷിണം ശ്രേഷ്ടകരമാണ്. എല്ലാ ദേവതകള്‍ക്കും പൊതുവേ മൂന്ന് പ്രദക്ഷിണമാകാം.

   ആദ്യത്തെ പ്രദക്ഷിണംകൊണ്ട് ഭക്തന്‍ പാപത്തില്‍നിന്നു മോചിതനാകുന്നു. ദേവദര്‍ശനാനുമാതിയാണ് രണ്ടാമത്തെ പ്രദക്ഷിണത്തിന്ടെ ഫലം. മൂന്നാമത്തെ പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.

        പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാനേ പാടില്ല. ഭക്തന്ടെ വലതുവശത്ത്‌ ബലിക്കല്ല് വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. രണ്ടു ബലിക്കല്ലുകളുടെ മദ്ധ്യത്തില്‍കൂടി പോകുകയുമരുത്. അഭിഷേകതീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുത്. ശിവക്ഷേത്രത്തിലെ ഓവു മുറിച്ചുകടന്ന്‌ പ്രദക്ഷിണം വയ്ക്കരുത്.

നിലവിളക്കു കൊളുത്തേണ്ട വിധം

                ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു.
               വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം.

വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം ജപിക്കുന്നത്‌ ശ്രേയസ്കരമാണ്. 

"ചിത്  പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വജ്ഞാ ജ്ഞാപയ സ്വാഹാ."
എന്നതാണ്  അഗ്നിജ്വലനമന്ത്രം

സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.

"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".

തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍.

                  സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു വീശിക്കെടുത്തുകയാണ് ഉത്തമം.ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ ചെയ്യരുത്. എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്.

            മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ്  ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.

"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം 
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".

               അതായത്  ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍ രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും.

                തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം.

വ്രതങ്ങള്‍ അനുഷ്ഠിക്കുക

            ഹൈന്ദവജീവിതത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊണ്ടു സാധിക്കും. ആരോഗ്യപരിപാലനത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് പരമപ്രാധാന്യമാണുള്ളത്‌ എല്ലാ വ്രതാനുഷ്ടാനങ്ങള്‍ക്കും ഒരേ ഫലമല്ല. "ആണ്ടില്‍ രണ്ട്, മാസം രണ്ട്, ആഴ്ചയില്‍ രണ്ട്, ദിവസത്തില്‍ രണ്ട് ", എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം ആണ്ടില്‍ രണ്ട് ക്ഷൌരം, മാസം രണ്ട് ഏകാദശി, ആഴ്ചയില്‍ രണ്ട് തേച്ചുകുളി, ദിവസം രണ്ടു ശരീരശുദ്ധിവരുത്തല്‍ എന്നാണ്. 

           എല്ലാ ഹൈന്ദവാചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു വിധികളും മനുഷ്യന്ടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തെയും ലക്ഷ്യംവച്ച് പൌരാണികാചാര്യന്മാര്‍ നിര്‍ണയിചിട്ടുള്ളതാണ്.

           ആണ്ടില്‍ ഒരിക്കല്‍മാത്രം അനുഷ്ടിക്കേണ്ട വ്രതം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും അനുഷ്ടിക്കേണ്ട വ്രതങ്ങള്‍ വരെ അവര്‍ ഉപദേശിച്ചിട്ടുണ്ട്.

സന്ധ്യാസമയം

               സന്ധ്യാസമയത്തിന് ജീവിതത്തില്‍ വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.

          സൂര്യന്ടെയും ചന്ദ്രന്ടെയും സദ്ഗുണങ്ങള്‍ ഭൂമിയില്‍ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള്‍ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല. കല്ലില്‍ തുണികള്‍ അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില്‍ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കരുത്. പൂക്കള്‍ പാറിക്കരുത്. സന്ധ്യയായാല്‍ ചെടികള്‍ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു. 

            സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ സംഗം ചെയ്ത് കുട്ടികള്‍ ജനിച്ചാല്‍ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.

ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.

സന്ധ്യാദീപം

                സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. 
         സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. അതിനുശേഷം തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് "ദീപം" എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക്‌ സംക്രമിക്കും (എര്‍ത്തായി പോകും). നാമജപത്തിനുശേഷം സത്സംഗവും കൂടി നടത്തേണ്ടതാണ്. കുടുംബൈക്യത്തിനും ശ്രയസ്സിനും സത്സംഗം അത്യാവശ്യമാണ്. ഇതിനുശേഷമേ സന്ധ്യാവന്ദനം കഴിഞ്ഞെഴുന്നേല്ക്കാവു.

സന്ധ്യാദീപം കൊളുത്തുമ്പോള്‍തന്നെ തുളസിത്തറയിലും ദീപം തെളിക്കണം.  

ശുക്രാലുള്ള പാപത്വം

             ശുക്രന്‍ ഭാര്യാ ഭര്‍തൃകാരകനും ദാബത്യ സുഖകരനുമാകയാല്‍ ശുക്രനുണ്ടാകുന്ന പാപദൃഷ്ടി, പാപയോഗം, ശുക്രന്ടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്ന പാപസ്ഥിതികള്‍ എന്നീ കാര്യങ്ങളാല്‍ ശുക്രന് പാപസ്പര്‍ശത്താല്‍ മങ്ങലേല്‍ക്കുന്നു. ഇപ്രകാരം ശുക്രനു സംഭവിക്കുന്ന പാപബന്ധത്തെയാണ് ശുക്രാലുള്ള പാപിയായി കണക്കാക്കേണ്ടത്. 

                  ശുക്രഭാഗയില്‍ നിന്നും മുന്‍പോട്ടും പിന്പോട്ടുമുള്ള 15 + 15 = 30 ഭാഗകള്‍ക്കകം നില്‍ക്കുന്ന പാപഗ്രഹങ്ങള്‍, ശുക്രാല്‍ ഏഴില്‍ നില്‍കുന്ന പാപഗ്രഹങ്ങള്‍, ശുക്രനിലേകുള്ള പാപഗ്രഹങ്ങളുടെ വിശേഷ ദൃഷ്ടികള്‍ എന്നിവയാണ് ശുക്രാലുള്ള പാപികളായി കണക്കാക്കേണ്ടത്.

                   ശുക്രന് മൌഡ്യം സംഭവിക്കുന്നത്‌  സൂര്യന്ടെ സാമീപ്യത്താല്‍ ആകയാല്‍ അതും കണക്കിലെടുത്ത് 1/2 പാപത്വം ശുക്രാല്‍ കണക്കാക്കേണ്ടതാണ്. ശുക്രന് ഇപ്രകാരമുള്ള പാപസ്ഥിതികള്‍ ഏറിയാല്‍  ഒന്നരയോ അഥവാ രണ്ട്‌ പാപികള്‍ക്ക് അകത്തോ മാത്രമേ വരാനിടയുള്ളൂ.

ലഗ്നാലും ചന്ദ്രാലുമുള്ള പാപനിര്‍ണയം

      ലഗ്നാലുള്ള പാപനിര്‍ണയ സ്ഥിതിക്ക് ഏറ്റവും ശക്തികൂടുതലും ചന്ദ്രാലുള്ള പാപനിര്‍ണ്ണയത്തിന് ചന്ദ്രന്ടെ ബലാബലം അനുസരിച്ചുമാണല്ലോ കണക്കാക്കുന്നത്. അതായത് ചന്ദ്രബലം കൂടുതലായിതീരുന്നതിനാല്‍ അത് ലഗ്നതുല്യമായ ശക്തിയെ ഉണ്ടാക്കുന്നതുമാണ്‌.

         പൌര്‍ണമിയും പൌര്‍ണമിയുടെ മുന്‍പും പിന്‍പുമുള്ള 3 1/2 + 3 1/2 = 7 ദിവസക്കാലവും ചന്ദ്രന്‍ പരിപുഷ്ടനാകയാല്‍ ആ ചന്ദ്രാലുള്ള പാപസ്ഥിതി ലഗ്നതുല്യമായി കണക്കാക്കേണ്ടതാണ്. അര്‍ദ്ധചന്ദ്രാവസ്ഥയില്‍ (അപരപക്ഷത്തിലും സിതപക്ഷത്തിലും) ചന്ദ്രാലുള്ള പാപിക്ക്‌  1/2 പാപത്വം വീതം കണക്കാക്കേണ്ടതും അമാവാസിയോട് അടുത്ത ചന്ദ്രനാണെങ്കില്‍ ക്ഷീണചന്ദ്രനെന്നുള്ള നിലയ്ക്ക് ചന്ദ്രാലുള്ള പാപികള്‍ക്ക് പ്രസക്തികുറയുന്നതിനാല്‍ 1/4 പാപത്വം വീതം കൊടുക്കുകയും ചെയ്യേണ്ടതാണ്.

ലഗ്നവും ചന്ദ്രലഗ്നവും ഒരുമിച്ചുവന്നാല്‍ പാപസാമ്യം നോക്കേണ്ട വിധം 

           ലഗ്നവും ചന്ദ്രരാശിയും ഒരേ രാശിയായി വന്നാല്‍ ചന്ദ്രന് പ്രത്യേകം പാപസ്ഥിതി നോക്കേണ്ടതില്ല എന്നുള്ള അഭിപ്രായക്കാരുമുണ്ട്.

ലഗ്നാധിപനായ പാപഗ്രഹം പാപസ്ഥാനത്തുനിന്നാല്‍ 

    ലഗ്നാധിപനായ പാപഗ്രഹം പാപസ്ഥാനത്ത് നിന്നാല്‍ അത് മുഴുപാപിയാകുന്നില്ല.

7 ലും 8 ലും പാപഗ്രഹങ്ങള്‍ ഉച്ചസ്വക്ഷേത്രരാശികളില്‍ നിന്നാലുള്ള ഫലം.

"മദനേ നിധനേപാപി സോച്ച സ്വക്ഷേത്രഗേവിവാ
നെടമംഗല്യമായുസ്സും ശ്രീയും സന്തതിയും വദേല്‍."

            ഏഴാം ഭാവത്തും എട്ടാം ഭാവത്തും ഉച്ചസ്ഥനായോ സ്വക്ഷേത്രസ്ഥിതനായോ പാപഗ്രഹങ്ങള്‍ നിന്നാല്‍ ദബതികള്‍ക്ക് ഐശ്വര്യവും ദീര്‍ഘമാഗല്യവും സല്‍സന്താന ഭാഗ്യവും കൈവരുന്നു.

കുജന്‍ ( ചൊവ്വ ) നിര്‍ദ്ദോഷിയാകുന്ന കാര്യങ്ങള്‍

         4, 7, എന്നീ ഭാവങ്ങളില്‍ സ്വക്ഷേത്ര രാശികളിലോ ഉച്ചനീച്ചരാശികളിലോ കുജന്‍  നിന്നാല്‍ ചൊവ്വാദോഷം ഉണ്ടാകുന്നതല്ല. ആ ഭാവങ്ങളിലുള്ള നീചവും മൌഡ്യവും ഒഴിച്ചുള്ള കുജന്‍ പൂര്‍ണ്ണ നന്മയെ ചെയ്യുന്നതുമാണ്.

"ചരരാശിഗതോ ഭൌമ
കുജദോഷം വിനശ്യതി" -  അതുകൊണ്ട് കര്‍ക്കടകം രാശി കുജന് പാപശക്തികുറയുന്നു.

"കളത്രനാശമില്ലെഴില്‍ സ്വക്ഷേത്രപാപിനില്‍ക്കുകില്‍"

                  7 ലെ സ്വക്ഷേത്രപാപിക്ക് ദോഷശക്തിയില്ലായെന്ന്‍ പ്രശ്നരീതിയില്‍ പറയുന്നു. ഏഴാം ഭാവാധിപന്‍ സ്വക്ഷേത്രസ്ഥിതനായി നിന്നാല്‍ ആ ഭാവത്തില്‍ പുഷ്ടിയെക്കൊടുക്കുന്നതാണ്. 

പാപഗ്രഹങ്ങള്‍ക്ക് പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍

1. പാപഗ്രഹങ്ങള്‍ക്ക് ശുഭഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഉണ്ടാകുക. 

2. പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പും ശുഭഗ്രഹങ്ങള്‍ നില്‍ക്കുക.  

3. പാപഗ്രഹങ്ങള്‍ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്യുക.

4. കേന്ദ്രത്രികോണരാശികളുടെ ആധിപത്യത്താല്‍ പാപഗ്രഹങ്ങള്‍ രാജയോഗ കാരകരായിതീരുക.

5. ലഗ്നാധിപത്യം പാപഗ്രഹങ്ങള്‍ക്ക് ഉണ്ടാകുക.

    ഇപ്രകാരം പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ പാപന്ടെ രൂക്ഷത കുറയാനിടയാകുന്ന്താണ്. മുഴുപാപത്വവും കുറയുന്നില്ലയെന്നുള്ളതും ശ്രദ്ധേയമാണ്.

       ഉച്ചസ്ഥനായ പാപഗ്രഹം ദോഷഫലത്തെ ചെയ്യുന്നതല്ല. നീച്ചത്തിലോ ശത്രുക്ഷേത്രത്തിലോ നില്‍ക്കുന്ന ഗ്രഹം ദോഷഫലത്തെ ചെയ്യുന്നു. മൌഡ്യം ഉള്ള ഗ്രഹം അതിദോഷത്തെ ചെയ്യുന്നു.

കുജാദിപാപഗ്രഹങ്ങളുടെ കണക്കുകള്‍

         കുജന് പാപശക്തി 2 ആണെങ്കില്‍ രാഹുവിനും ശനിക്കും 1 വീതവും സൂര്യനും കേതുവിനും 1/2 പാപത്വം വീതം കണക്കാക്കേണ്ടതാണ്.

ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും

                     ശുഭഗ്രഹങ്ങള്‍ വ്യാഴം, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, എന്നീ ക്രമത്തിലും പാപഗ്രഹങ്ങള്‍ കുജന്‍, ശനി, രാഹു, കേതു, സൂര്യന്‍ എന്നീ ക്രമത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

പാപഗ്രഹങ്ങളുടെ രൂക്ഷത അനുസരിച്ചുള്ള ക്രമീകരണം

             പാപഗ്രഹങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ രൂക്ഷത കുജനും അതില്‍ താഴെ ശനിയും അതിനടുത്ത് രാഹുവും അവസാനം സൂര്യനും കേതുവിനുമാണ്.

പാപസാമ്യതയില്‍ കര്‍ശനമായ ശാസ്ത്ര നിയമം

                 പാപസാമ്യനിരൂപണത്തില്‍ പ്രതിപാദിച്ചിട്ടുള്ളതനുസരിച്ച് ഏറ്റവും പാപസാമ്യം ഇല്ലാത്തത് അത്യന്തം കഷ്ടത്തെചെയ്യുന്നതാണ്. പുരുഷന്ടെ പാപിക്ക്‌ തുല്യമായോ അതില്‍നിന്നും 1/2 പാപിയോ, ഏറിയാല്‍ 1 പാപിയോ സ്ത്രീയ്ക്ക് കുറഞ്ഞിരിക്കുകയും ചെയ്താല്‍ അതുവളരെ യോജിപ്പാണ്. പുരുഷനെക്കാള്‍ സ്ത്രീയ്ക്ക് അല്പവും പാപികൂടുതലാകാന്‍ പാടില്ല. എന്നാണ് ശാസ്ത്രത്തില്‍ കര്‍ശനമായ കാര്യം. അപ്രകാരം വന്നാല്‍ പാപി വളരെ കുറഞ്ഞ ജാതകര്‍ക്ക് ആയുസ്സ് കുറഞ്ഞുപോകുമെന്നാണ് ശാസ്ത്രനിയമം

പാപസാമ്യനിരൂപണം

            വിവാഹപ്പൊരുത്തത്തില്‍ അതിപ്രധാനമായ ഭാഗമാണ് പാപസാമ്യം. സൂക്ഷ്മമായി ഗണിച്ചുണ്ടാക്കിയ സ്ത്രീ പുരുഷജാതകഗ്രഹനിലകളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണ്ണയിക്കേണ്ടത്. ഭാവസന്ധിപ്രകാരം ഗ്രഹസ്ഥിതികള്‍ ശരിയായി മനസ്സിലാക്കുന്നതിന് ഗ്രഹസ്ഫുടം, നവാംശകം എന്നിവ വളരെ അത്യാവശ്യമാണ്.

                   ഗ്രഹങ്ങളുടെ സ്വക്ഷേത്രസ്ഥിതി, ഉച്ചനീചാവസ്ഥകള്‍, ശത്രുക്ഷേത്രസ്ഥിതി, മൌഡ്യം, അംശകബലാബലങ്ങള്‍, പാപഗ്രഹങ്ങളുടെ ശുഭയോഗദൃഷ്ടികള്‍, പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പുമുള്ള ശുഭഗ്രഹസ്ഥിതികള്‍, ശുക്രനുണ്ടാകുന്ന പാപയോഗം, പാപദൃഷ്ടി, ശുക്രന്ടെയും ഏഴാംഭാവാധിപന്ടെയും ബലാബലങ്ങള്‍, ലഗ്നാലും ചന്ദ്രാലും മംഗല്യഭാവങ്ങളിലും മറ്റു പാപസ്ഥാനങ്ങളിലുമുള്ള ഗ്രഹസ്ഥിതികള്‍, ലഗ്നബലം, ചന്ദ്രബലം, പാപഗ്രഹങ്ങള്‍ക്കുള്ള ശക്തിനിര്‍ണയം മുതലായവ വളരെ സൂക്ഷ്മായി ചിന്തിച്ചാലെ പാപസാമാന്യനിരൂപണം മിക്കവാറും പൂര്‍ണ്ണമാവുകയുള്ളൂ .

       പൊരുത്ത വിഷയത്തില്‍ പാപസാമ്യനിരൂപണം അതിപ്രധാനമാകയാല്‍ വളരെ സൂഷ്മതയോടുകൂടി കൈകാര്യം ചെയ്യേണ്ടതാണ്.

                 ആദ്യം സ്ത്രീപുരുഷജാതകങ്ങള്‍ പരിശോധിക്കുബോള്‍ പാപസാമ്യം ഇല്ലെന്നും കണ്ടാല്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം ചിന്തിക്കേണ്ടകാര്യമില്ല. അതുപോലെതന്നെ ചില നക്ഷത്രങ്ങള്‍ തമ്മില്‍ ഒട്ടും ചേരുകയില്ലെന്നു കണ്ടാല്‍ അവരുടെ ജാതകങ്ങള്‍ തമ്മില്‍ പാപസാമ്യം ചിന്തിച്ചിട്ടും കാര്യമില്ല. ഇതിലേക്കായി രണ്ടുകാര്യങ്ങളും സാമാന്യമായി ആദ്യം ശ്രദ്ധിക്കേണ്ടതാണ്.

വിവാഹപൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

               സ്ത്രീ പുരുഷന്മാരുടെ ജാതകം ആദ്യമായി പരിശോധിച്ച്  അവരുടെ ആയുസ്സിനെ നിശ്ചയിച്ചശേഷം തമ്മിലുള്ള പൊരുത്തങ്ങള്‍, മംഗല്യസ്ഥിതി, പാപസാമ്യം, ദശാസന്ധി, സന്താനലാഭം, മറ്റു ശുഭാശുഭങ്ങള്‍ ഇവയെല്ലാം നിരൂപിക്കുകയും പ്രശ്നലഗ്നം കൊണ്ട് ഭാവി ഫലത്തെ നിര്‍ണ്ണയിക്കുകയും ചെയ്യണം. അതിനുശേഷമാണ് ദൈവജ്ഞന്‍ വിവാഹത്തെ വിധിക്കേണ്ടത്. 

പ്രസാദം

   അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.

     മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം

ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.

1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം. 
2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.

3. വീടിന്ടെ കിഴക്കുവശത്ത്‌  ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.

5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.

6. ക്ഷേത്രദര്‍ശനത്തിനു  സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.  

7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.

8. ഒരു ആവണപ്പലക.

9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.
10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.

11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.

12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.

കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.

ഗൃഹം

                  ഓരോ ഹൈന്ദവഗൃഹവും വാസ്തുവിദ്യയനുസരിച്ചു പണിയേണ്ടതാണ്. ഇതിനായി ഒരു വാസ്തു വിദ്യാനിപുണന്‍ടെ സഹായം തേടണം, വീടു വയ്ക്കാന്നുദ്ദേശിക്കുന്ന ഭൂമിയില്‍ ആ സ്ഥലത്തിന് അനുയോജ്യമായ വീടാണു നിര്‍മിക്കേണ്ടത്. വീടുപണി ആരംഭിക്കുന്നത്തിനു മുന്‍പ് ഭൂമിപൂജ നടത്തണം. ഗൃഹപ്രവേശനത്തിനു മുന്‍പ് ഗണപതിഹോമം, ഭാഗവത്സേവ തുടങ്ങി യഥാവിധിയുള്ള പൂജകള്‍ കഴിക്കണം. ഗൃഹപ്രവേശനത്തിന് നല്ല ദിവസവും നല്ല സമയവും നോക്കുകയും വേണം.

ആല്‍ പ്രദക്ഷിണം

        ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പ് ആല്‍ പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല്‍ പ്രദക്ഷിണ സമയത്ത് ആലിന്‍ ചുവട്ടില്‍ ബ്രഹ്മാവിനെയും ആല്‍മദ്ധ്യത്തില്‍ മഹാവിഷ്ണുവിനെയും ആലിന്ടെ അഗ്രത്തില്‍ പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം.
"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത ശിവരൂപായ
വൃക്ഷരാജായ തേ നമ"

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

                 മറ്റ് ക്ഷേത്രങ്ങളിലെതില്‍നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. തിരുനടയില്‍ വശം ചേര്‍ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്‍ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്‍ശിച്ച് ഏഴു പ്രാവിശ്യം കൈകള്‍കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്‍ക്കുള്ളില്‍ കൂടി മടങ്ങിവന്നു ദേവനെ തൊഴുത്‌ മറുവശത്തുകൂടി വന്ന്‍ വിങ്കലെത്തി മുന്‍പ് പറഞ്ഞപോലെ തൊഴുത്‌ മടങ്ങി തിരുനടയിലെത്തി വശം ചേര്‍ന്നുനിന്ന് തൊഴണം.

നിറപറ

        മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു. ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം.

നിറപറ ഗുണങ്ങള്‍

1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കുടുംബഐശ്വര്യം, യശസ്സ് 

2. ദേവസന്നിധിയില്‍ അവില്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    ദാരിദ്ര്യ ശമനം 

3. ദേവസന്നിധിയില്‍ മലര്‍പറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    രോഗശാന്തി

4. ദേവസന്നിധിയില്‍ ശര്‍ക്കരപറ  വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    ശത്രു ദോഷം നീങ്ങും.

5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കാര്യതടസ്സം നീങ്ങും.

6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    മാനസിക ദുരിതങ്ങള്‍ നീങ്ങും.

7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    മംഗല്യഭാഗ്യം 

9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    രാഹുദോഷം നീങ്ങും, ശാശ്വത സുഖം.

10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
      ധനസമൃദ്ധി.

രുദ്രാക്ഷ ധാരണാഗുണങ്ങള്‍

ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസം.

ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ഓര്‍മ്മശക്തിവര്‍ദ്ധിക്കും, പാപമുക്തി ഭവിക്കും.

ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സര്‍പ്പഭയം ഇല്ലാതാകുന്നു, ദീര്‍ഘായുസ്സ്.


എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
വിഘ്നങ്ങള്‍ തീരും, സമ്പത്ത് വര്‍ദ്ധിക്കും.

ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
സന്താനലബ്ധി, നവഗ്രഹദോഷങ്ങള്‍ അകലും, രക്തസംബന്ധമായ രോഗങ്ങള്‍ മാറും.

പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
മാനസ്സിക സംഘര്‍ഷം അകലുന്നു, നീര്‍ദോഷം, ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് ശമനം.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
യജ്ഞം ചെയ്താലുള്ള ഗുണം,  പകര്‍ച്ചവ്യാധികള്‍ അകലും.

പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
തേജസ് വര്‍ദ്ധിക്കുന്നു, നേത്രസംബന്ധമായ രോഗങ്ങള്‍ അകലും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
ആത്മശാന്തി അനുഭവപ്പെടുന്നു 

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
രോഗങ്ങളില്‍ നിന്ന് മുക്തി, ശരീരബലം വര്‍ദ്ധിക്കുന്നു.

ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
    വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
    വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
    ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
    ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
    പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
    കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
    ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
    കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
    വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
      വിജയം, മനസുഖം, മോക്ഷം.

പ്രാണായാമ ഗുണങ്ങള്‍

1. ദുര്‍മ്മേദസിനെ നശിപ്പിക്കുന്നു.

2. സ്വാശകോശത്തേയും, ഹൃദയത്തേയും ബലിഷ്ഠമാക്കുന്നു.

3. രക്തശുദ്ധി ഉണ്ടാക്കുന്നു.

4. നട്ടെല്ലിന്ടെ ക്ഷീണം മാറുന്നു.

5. ഇന്ദ്രിയങ്ങളെ കര്‍മ്മനിരതമാക്കുന്നു.

6. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.

7. മര്‍മ്മങ്ങളെ ശുദ്ധിയാക്കുന്നു.

8. കഫരോഗത്തെ ശമിപ്പിക്കുകയും, സുഖനിദ്രയുണ്ടാവുകയും ചെയ്യുന്നു.

9. നാഡിശുദ്ധി കൈവരുന്നു.

10. സ്വരശുദ്ധി, മലശുദ്ധി എന്നിവയുണ്ടാകുന്നു.

11. ശ്രവണ ഗ്രഹണ സാമര്‍ത്ഥ്യവും, സൂക്ഷ്മദൃഷ്ടിയും ലഭിക്കുന്നു.

12. ദുസ്വപ്ന നാശവും, ജരാനാശവും സംഭവിക്കുന്നു.

13. മൂത്രദോഷ ശമനം, ആമാശയ ശുദ്ധി, ത്വക് പ്രസാദം എന്നിവ കൈവരുന്നു.

14. മനസ്സിന് ശാന്തിയും ഉണ്ടാവുന്നു.

15. സര്‍വ്വരോഗങ്ങളും ഭേദപ്പെടുന്നു.

16. അഷ്ടസിദ്ധികള്‍ കരഗതമാകുന്നു.

ഉപവാസഗുണങ്ങള്‍

1. ഞരബുകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു.

2. കണ്ണുകളുടെ ശക്തി വര്‍ദ്ധിക്കുന്നു.

3. ശരീരത്തിലെ മലിന വസ്തുക്കളെ പുറംതള്ളാന്‍ പ്രാണന് കൂടുതല്‍ സമയം കിട്ടുന്നു.

4. രക്തത്തിലെ ചുവന്ന അണുക്കള്‍ വര്‍ദ്ധിക്കുന്നു.

5. ബുദ്ധിവികാസം എളുപ്പം കരഗതമാകുന്നു.

6. ഹൃദയം, വൃക്കകള്‍, കരള്‍, രക്തം എന്നിവയ്ക്ക് വിശ്രമം കിട്ടുകയും അവയുടെ കാര്യശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

7. ക്ഷതം സംഭവിച്ച എല്ലുകള്‍ എളുപ്പം നന്നാക്കപ്പെടുന്നു.

8. അകത്തും പുറത്തുമുള്ള ശരീര വൃണങ്ങള്‍ സുഖപ്പെടുന്നു.

സ്ത്രീകളുടെ അശുദ്ധി - പുലവാലായ്മകള്‍

            ശരീരം അശുദ്ധമാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തരുത്. മൂന്നു ദിവസം വീട്ടില്‍ മാറിയിരിക്കണം. നാലാംനാള്‍ മുങ്ങികുളിച്ച് ശുദ്ധമായ ശേഷമേ അടുക്കളയില്‍ പ്രവേശിക്കാനും മറ്റുള്ളവരുമായി ഇടപെടാനും പാടുള്ളൂ. മൂന്ന്  ദിവസം ഉപയോഗിച്ച വസ്ത്രങ്ങളും കിടന്നിരുന്ന പായും ശുദ്ധിവരുത്തണം.

             ക്ഷേത്രദര്‍ശനത്തിന്, ശിവക്ഷേത്രത്തിലോഴികെ, ഏഴുനാള്‍ കഴിയണം. ഏഴുദിവസം അശുദ്ധി പാലിച്ച് എട്ടാം നാള്‍ മുങ്ങികുളിച്ച് ക്ഷേത്രദര്‍ശനം നടത്താം. അന്നുമുതല്‍ക്കെ പ്രസാദമണിയാവു. എന്നാല്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് പത്തു ദിവസം അശുദ്ധി പാലിച്ച് പതിനൊന്നാം ദിവസമേ പാടുള്ളൂ. അശുദ്ധിദിനം മുതല്‍ ഇരുപതു ദിവസം കഴിഞ്ഞാല്‍ ശിവക്ഷേത്ര ദര്‍ശനം പാടില്ല. 23 ദിവസം കഴിഞ്ഞാല്‍ മറ്റു  ക്ഷേത്രങ്ങളിലും പോകരുത്. 

                    പ്രസവിച്ച ശേഷം ആറുമാസത്തേക്ക് ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തരുത്. ആറാം മാസത്തില്‍ കുഞ്ഞിനു ചോറ് കൊടുക്കണം. അതിനുശേഷം കുഞ്ഞിനോടൊപ്പം ക്ഷേത്രദര്‍ശനം നടത്താം.

പുലവാലായ്മകള്‍ 

        മരിച്ചയളിന്ടെ ഉറ്റബന്ധുക്കളും പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കളും  പാലിക്കുന്ന ആശുദ്ധിയാണ് പുലവാലായ്മകള്‍.

               പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കള്‍ പതിനൊന്നുദിവസത്തേക്ക് ക്ഷേത്രദര്‍ശനം പാടില്ല. നാലമ്പലത്തില്‍ കടക്കരുതെന്നാണ് നിബന്ധന. പതിനോന്നുരാത്രിക്ക് ശേഷം കുളിച്ച് ശുദ്ധമായി നാലമ്പലത്തില്‍ കടന്ന്‍ ദേവ ദര്‍ശനം നടത്താം. ഈ ആശുദ്ധിക്ക് ചില സ്ഥലങ്ങളില്‍ പെറ്റപുലയെന്നും ചില സ്ഥലങ്ങളില്‍ വാലായ്മയെന്നും പറയും. വര്‍ണഭേദമനുസരിച്ച്  ഉറ്റബന്ധുക്കളുടെ പട്ടികയ്ക്ക് വ്യത്യാസമുണ്ട്. 

         ഒരാള്‍ മരിച്ചാല്‍ ഉറ്റബന്ധുക്കള്‍ പാലിക്കുന്ന ആശുദ്ധിക്കു പുല എന്നു പറയുന്നു. പതിനഞ്ചുദിവസം മരണാനന്തരകര്‍മങ്ങള്‍ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച്  പതിനേഴാം നാള്‍ പിതൃവിനെ സ്വര്‍ഗലോകത്തെക്ക് ഉദ്വസിച്ചശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പതിനാറുരാത്രി കഴിഞ്ഞാല്‍ പുലവീടും.

   ദേഹത്തില്‍നിന്നു വേര്‍പെടുന്ന ജീവാത്മാവ് സൂക്ഷ്മശരീരിയാണ്. ഷോഡശപിണ്ഡദാനംകൊണ്ട് പരേതാല്‍മാവിനു അവയവ പൂര്‍ത്തിവരുത്തിയാണ് സ്വര്‍ഗലോകത്തെക്ക് ഉദ്വസിക്കുന്നത്  എന്നു വിധി. പിതൃഗതി വരുത്തിന്നു എന്നും ഇതിനു പറയും. യഥാവിധി പിതൃഗതി വരുത്തുന്നില്ലെങ്കില്‍ പരേതാത്മാവ് ഗതികിട്ടാതെ പ്രേതമായി അലയുമെന്നും അനുശാസിക്കുന്നു.

ഗൃഹശുദ്ധി

               പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച്  ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു. 

            ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്‌. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച്  വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം. 

             ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.

           വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.

          രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.