ത്രിംശാംശകാധിപന്മാരേയും ഋക്ഷസന്ധിയേയും പറയുന്നുകുജരവിജഗുരുജ്ഞശുക്രഭാഗാഃ
പവനസമീരണകോര്‍പ്പിജൂകലേയാഃ
അയുജി, യുജി തു തേ വിപര്യയസ്ഥാഃ
ശശിഭവനാളിഝഷാന്തമൃക്ഷസന്ധിഃ

സാരം :-

   ഓരോ രാശിയേയും മുപ്പതാക്കി ഭാഗിച്ചാല്‍ ഒരംശത്തെ (ഒരു തിയ്യതിയെയാണ്) "ത്രിംശാംശകം" എന്ന് പറയുന്നത്. മേടം, മിഥുനം തുടങ്ങിയ ഓജരാശികളില്‍ ആദ്യത്തെ അഞ്ച് ത്രിംശാംശകത്തിന്‍റെ അധിപന്‍ കുജനും, ആറുമുതല്‍ പത്തുകൂടിയ അഞ്ചിന്‍റെ അധിപന്‍ ശനിയും, പിന്നെ എട്ടിന്‍റെ അധിപന്‍ വ്യാഴവും, പിന്നെ ഏഴിന്‍റെ അധിപന്‍ ബുധനും, ഒടുവിലത്തെ അഞ്ച് ത്രിംശാംശകത്തിന്‍റെ അധിപന്‍ ശുക്രനുമാകുന്നു. ഇടവം, കര്‍ക്കിടകം മുതലായ യുഗ്മരാശികളില്‍ നേരെ വിപരീതവുമാണ്. ആദ്യത്തെ അഞ്ചംശകങ്ങളുടെ അധിപന്‍ ശുക്രനും, പിന്നെ ഏഴിന്‍റെ അധിപന്‍ ബുധനും, പിന്നത്തെ എട്ടിന്‍റെ അധിപന്‍ വ്യാഴവും, പിന്നെ അഞ്ചിന്‍റെ ശനിയും, ഒടുവിലത്തെ അഞ്ചംശകങ്ങളുടെ അധിപന്‍ കുജനുമാണെന്ന് താല്പര്യം. കര്‍ക്കിടകം വൃശ്ചികം മീനം ഈ രാശികളുടെ അവസാനങ്ങള്‍ രാശികളും നക്ഷത്രങ്ങളും ഒപ്പം അവസാനിക്കുന്ന സ്ഥലങ്ങളാണ്. ഈ കര്‍ക്കിടവൃശ്ചികമീനാന്ത്യങ്ങള്‍ ഗണ്ഡാന്തങ്ങളായ ആയില്യം തൃക്കേട്ട രേവതികളുടെ അന്ത്യചരണങ്ങളായി വരുന്നതിനാല്‍ ആ ഭാഗങ്ങള്‍ അശുഭങ്ങളുമാകുന്നു.

കര്‍ക്കടാന്ത്യനവഭാഗസംശ്രിതം ത്രിസ്ഫുടം മരണദായി വത്സരാദ്
മാസതോ മധുകരാന്ത്യഭാഗഗം രേവതീചരമഭാഗഗം ദിനാത് 

എന്ന് പ്രമാണമുണ്ട്.