പണപരം, ആപോക്ലിമം

കേന്ദ്രാത്പരം പണപരം പരതസ്തു സര്‍വ്വ-
മാപോക്ലിമം ഹിബുകമംബു സുഖം ച വേശ്മ
ജാമിത്രമസ്തഭവനം സുതഭം ത്രികോണം
മേഷൂരണം ദശമമത്ര ച കര്‍മ്മ വിദ്യാത്.


സാരം :-


2-5-8-11 എന്നീ ഭാവങ്ങള്‍ക്ക് "പണപരം" എന്നും 3-6-9-12 എന്നീ ഭാവങ്ങള്‍ക്ക് "ആപോക്ലിമം" എന്നും പേരുണ്ട്. 

കേന്ദ്രരാശികള്‍ അതില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവകളെക്കൊണ്ട് ബാല്യകാലത്തിലേയും ഈ ജന്മത്തിലേയും, പണപരം  അതില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവകളെക്കൊണ്ട് യൌവനത്തിലേയും വരുവാന്‍ പോകുന്ന ജന്മത്തിലേയും, അപോക്ലിമം അതിലുള്ള ഗ്രഹങ്ങള്‍ എന്നിവകളെക്കൊണ്ട് വാര്‍ദ്ധക്യത്തിലേയും കഴിഞ്ഞ ജന്മത്തിലേയും ഫലങ്ങളെ വിചാരിക്കണമെന്നും അഭിപ്രായമുണ്ട്.

ഹിബുകം, അംബു, സുഖം, വേശ്മ എന്നിവ നാലാംഭാവത്തിന്‍റെയും, ജാമിത്രം എന്നത് ഏഴാം ഭാവത്തിന്‍റെയും, ത്രികോണം എന്നത് അഞ്ചാം ഭാവത്തിന്‍റെയും, മേഷുരണം എന്നും കര്‍മ്മം എന്നും പത്താംഭാവത്തിന്‍റെയും പേരുകളാകുന്നു.