നാല്‍ക്കാലികളുടെ ശരീരത്തിലെ നിറത്തെ (വര്‍ണ്ണത്തെ) പറയുന്നു.

ലഗ്നാംശകാത് ഗ്രഹയോഗേക്ഷണാദ്വാ
വര്‍ണ്ണാന്‍ വദേത് ബലയുക്താ ദ്വിയോനൗ
ദൃഷ്ട്യാ സമാനാം പ്രവദേച്ച സംഖ്യാം
രേഖാം വദേത് സ്മരസംസ്ഥൈശ്ച പൃഷ്ഠേ

സാരം :-

ലഗ്നാധിപനും ലഗ്നനവാംശകാധിപനും നല്ല ബലവാന്മാരാണെങ്കില്‍ ലഗ്നനവാംശകരാശിയുടെ വര്‍ണ്ണത്തെ (നിറത്തെ) യാണ് വിയോനിയ്ക്ക് പറയേണ്ടത്. അത് രണ്ടിനും ബലം കുറവാണെങ്കില്‍, ബലവാനായി ലഗ്നത്തിലേയ്ക്ക് നോക്കുന്ന ഗ്രഹത്തിന്‍റെ നിറമായിരിയ്ക്കയും ചെയ്യും. ലഗ്നത്തി ബലവാന്മാരായ ഒന്നിലധികം ഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍, അങ്ങനെ എത്ര ഗ്രഹം നോക്കുന്നുണ്ടോ അത്ര വര്‍ണ്ണമുണ്ടെന്നും പറയണം. ഇവിടെ ദൃഷ്ടിയോട് തുല്യമായ സംഖ്യയെ പറയാം എന്നും മാത്രം പറഞ്ഞിരിയ്ക്കകൊണ്ട്, ലഗ്നത്തിലേയ്ക്ക് എത്ര ഗ്രഹങ്ങള്‍ ബലാവാന്മാരായിട്ടു നോക്കുന്നുണ്ടോ ജനിച്ച വിയോനിസംഖ്യ അത്രയാണെന്നും വിചാരിയ്ക്കാം. പ്രജകളുടെ ആകൃതി സ്വഭാവം മുതലായ ഗുണദോഷങ്ങളേയും മറ്റും ചിന്തിയ്ക്കേണ്ടത്, നോക്കുന്ന ഗ്രഹങ്ങളേക്കൊണ്ടാകുന്നു. എവിടെ ഒക്കെയാണോ സംഖ്യ അറിയേണ്ടത് അവിടങ്ങളിലൊക്കെയും ഗ്രഹദൃഷ്ടികൊണ്ട് കണക്കാക്കാവുന്നതാകുന്നു. അഞ്ചിലേയ്ക്കുള്ള ദൃഷ്ടികൊണ്ട് പുത്രസംഖ്യയേയും, ഏഴിലേക്കുള്ളതുകൊണ്ട് ഭാര്യമാരുടെ എണ്ണത്തേയും കണക്കാക്കാമെന്നു താല്പര്യം. ഉച്ചം, വക്രം, മുതലായതുള്ളതും ദൃഷ്ടിയുള്ളതുമായ ഗ്രഹങ്ങളേക്കൊണ്ട് മുമ്മൂന്നു സംഖ്യയേയും, സ്വക്ഷേത്രസ്ഥിതി വര്‍ഗ്ഗോത്തമാംശകം സ്വക്ഷേത്രനവാംശകം മുതലായതുള്ളതിന്‍റെ ദൃഷ്ടികൊണ്ട് ഈ രണ്ടു സംഖ്യയേയും പറയേണ്ടതുമാണ്.

സ്വതുംഗവക്രോപഗതൈസ്ത്രിസംഗുണം
ദ്വിരുത്തമസ്വാംശഗൃഹത്രിഭാഗഗൈഃ

എന്നുണ്ട്.

ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ട് മുതുകത്തെ രേഖയേയും പറയണം. ഈ ഗ്രഹത്തിന് ഉച്ചസ്ഥിതി മുതലായതുണ്ടെങ്കില്‍ പുറത്തെ രേഖ വളരെ ഭംഗിയുള്ളതും ശുഭപ്രദവുമാണെന്നും, ബലമില്ലെങ്കില്‍ കാക്കപ്പുള്ളി മുതലായതാണെന്നും, ഏഴില്‍ ഒരു ഗ്രഹവുമില്ലെങ്കില്‍ പുറത്തു രേഖയൊന്നുമില്ലെന്നും, ഏഴില്‍ ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കില്‍ അത്ര രേഖകളുണ്ടെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയാവുന്നതുമാണ്.