ഗര്‍ഭാദാനം ചെയ്ത പുരുഷന്‍റെയും ഗര്‍ഭം ധരിച്ച സ്ത്രീയുടേയും മരണത്തെ പറയുന്നു

ദിവാകരേന്ദ്വോഃ സ്മരഗൗ കുജാര്‍ക്കജൗ
ഗദപ്രദൗ പുംഗളയോഷിതോസ്തദാ
വ്യയസ്വഗൗ മൃത്യുകരൗ യുതൗ തഥാ
തദേകദൃഷ്ട്യാ മരണായ കല്പിതൗ


സാരം :-

ഗര്‍ഭാധാനസമയത്തേയോ അത് നിശ്ചയമില്ലെങ്കില്‍ ഗര്‍ഭത്തിന്‍റെ ഗുണദോഷം അറിവാന്‍ വെച്ച പ്രശ്നസമയത്തേയോ സൂര്യന്‍റെ ഏഴാം മേടത്താണ് കുജനും ശനിയും നില്‍ക്കുന്നതെങ്കില്‍ ആധാനകര്‍ത്താവിനും തത്സമയത്തെ ചന്ദ്രന്‍റെ ഏഴാമേടത്താണ് കുജനും ശനിയും നില്‍ക്കുന്നതെങ്കില്‍ ഗര്‍ഭിണിയ്ക്കും രോഗം ഉണ്ടാവുമെന്ന് പറയണം. അപ്രകാരം തന്നെ കുജമന്ദന്മാര്‍ ആദിത്യന്‍റെ രണ്ടും പന്ത്രണ്ടും ഭാവങ്ങളില്‍ നിന്നാല്‍ പുരുഷനും, ചന്ദ്രന്‍റെ രണ്ടും പന്ത്രണ്ടും ഭാവങ്ങളില്‍ നിന്നാല്‍ സ്ത്രീക്കും മരണമുണ്ടാവുമെന്നും പറയണം. കുജമന്ദന്മാരില്‍ ഒന്ന് ആദിത്യനോടുകൂടി നില്‍ക്കുകയും മറ്റേത് സൂര്യനെ നോക്കുകയും ചെയ്‌താല്‍ പുരുഷനും, കുജമന്ദന്മാരില്‍ ഒന്ന് ചന്ദ്രനോട് കൂടുകയും മറ്റേതു ചന്ദ്രനെ നോക്കുകയും ചെയ്‌താല്‍ സ്ത്രീയും പ്രസവത്തിനുമുമ്പ് തീര്‍ച്ചയായും മരിയ്ക്കുകയും ചെയ്യും.

പിതൃമാതൃകാരകന്മാരായ സൂര്യചന്ദ്രന്മാരേക്കൊണ്ട് ഇങ്ങനെ പറഞ്ഞതിന് ഇത്രമാത്രമല്ല അര്‍ത്ഥമുള്ളത്. ഇത് ഒരു ദൃഷ്ടാന്തം മാത്രമാണെന്ന് കരുതിയാല്‍ മതി. സൂര്യന്‍റെ സ്ഥാനത്തു ഒമ്പതാം ഭാവം അതിന്‍റെ അധിപന്‍ ഇതുകളില്‍ നിന്നും - എന്നതുമാത്രമല്ല പ്രശ്നജാതകാദികളിലൊക്കെയും ഭാവം, ഭാവാധിപന്‍, കാരകന്‍ ഇതു മൂന്നില്‍ നിന്നും - മേല്‍പറഞ്ഞ യോഗങ്ങളെ വിചാരിക്കാവുന്നതാണ്. "പ്രോക്തം ത്വിദം ചിന്തനം ഭാവാനാം തദധീശകാരകവിഹംഗാനാം ത്രയാണാമപി" എന്ന് പ്രമാണമുണ്ട്. കേതുവിന് കുജനോടും, രാഹുവിന് ശനിയോടും തുല്യഫലത്വമുണ്ടാകയാലും സംജ്ഞാപ്രകരണത്തില്‍ രാഹുകേതുക്കളെ കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കയാലും, മന്ദകുജന്മാരുടെ സ്ഥാനത്ത് രാഹുകേതുക്കളേയും ചിന്തിയ്ക്കാമെന്ന് ഒരു പക്ഷാന്തരവും കാണുന്നുണ്ട്.