ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും, ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു

മന്ദോലസഃ കപിലദൃക്കൃശ്വദീര്‍ഗ്ഘഗാത്രഃ
സ്ഥൂലദ്വിജഃ പരുഷരോമകചോനിലാത്മാ
സ്നായ്വസ്ഥ്യസൃക്ത്വഗഥ ശുക്ലവസേ ച മജ്ജാ
മന്ദാര്‍ക്കചന്ദ്രബുധശുക്രസുരേഡ്യഭൗമാഃ

സാരം :-
ചടച്ചു ഉയരം കൂടിയ ശരീരവും വലിയ പല്ലുകളും പരുപത്ത രോമങ്ങളും അപ്രകാരമുള്ള  തലമുടിയും  വെള്ളികണ്ണുകളും ഉത്സാഹമില്ലായ്മയും വാതാധികമായ ദേഹസ്വഭാവവും ശനിയുടെ പ്രകൃതികളാകുന്നു. ഇവിടെ "മന്ദഃ" "അലസഃ" ഇത്യാദി പദങ്ങളെക്കൊണ്ട് ഏഷണികൂട്ടുക, ക്രൂരസ്വഭാവം, പരിഭ്രമശീലം, ദേഷ്യം, നേത്രവികാരം, കുണ്ടന്‍കണ്ണ്, വികൃതിതങ്ങളായ പല്ലുകള്‍, നീണ്ടുനില്‍ക്കുന്ന താടി മീശതലമുടി ഇതുകളും കൂടി ശനിയുടെ പ്രകൃതികളാണെന്ന്  വിചാരിക്കേണ്ടതാണ്. രാഹുവിന്‍റെ പ്രകൃതി ഏകദേശം ശനിയുടേതുപോലെയും കേതുവിന്‍റെത് ചൊവ്വയുടേതുപോലെയും ആകുന്നു.

പ്രശ്നജാതകാദികള്‍ ദേഹാദിപ്രകൃതികളെ പയേണ്ടുന്നിടത്തെല്ലാം ഗ്രഹങ്ങളെക്കൊണ്ട് ഈ പറഞ്ഞവിധം വിചാരിയ്ക്കേണ്ടതാണ്. ജാതകത്തില്‍ ലഗ്നാംശകാധിപന്‍റെയോ, ബലവാനായ ഗ്രഹം കേന്ദ്രത്തിലുണ്ടെങ്കില്‍ അതിന്‍റെയോ ദേഹപ്രകൃതിയായിരിയ്ക്കും ആ ശിശുവിനുണ്ടാവുക എന്ന് പറയാം. "ലഗ്നനവാംശപ തുല്യ തനുഃ സ്യാദ്വിര്യയുതഗ്രഹതുല്യതനുര്‍വ്വാ" എന്ന് അഞ്ചാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. അപ്രകാരം തന്നെ ഏഴാം ഭാവാധിപന്‍ അതിന്‍റെ നവാംശകാധിപന്‍ ഏഴിള്‍ നില്‍ക്കുന്ന ഗ്രഹം അവിടേയ്ക്ക് നോക്കുന്ന ഗ്രഹം ഇവരില്‍ ബലം ഏറിയതിന്‍റെ ദേഹപ്രകൃതിയായിരിക്കും ഭാര്യക്ക് എന്ന് പറയണം. സഹോദരാദി മറ്റു ഭാവങ്ങള്‍ക്കും ഇപ്രകാരം കണ്ടുകൊള്‍ക.

പ്രശ്നത്തിങ്കല്‍ ആരൂഢാധിപനേക്കൊണ്ട് (ലഗ്നാധിപനെ കൊണ്ട്) പ്രഷ്ടാവിന്‍റെയും പ്രകൃതിയെ വിചാരിയ്ക്കാവുന്നതാണ്. സ്ഥാനപ്രശ്നത്തിങ്കലും ഇതുകൊണ്ട് വിചാരിക്കാം. എങ്ങനെയെന്നാല്‍ ഗ്രഹങ്ങളുടെ ദേഹം കൊണ്ട് ഭൂമിയുടെ പ്രകൃതിയും ദന്തങ്ങളേക്കൊണ്ട് പാറ മുതലായതിനേയും, രോമങ്ങളെക്കൊണ്ട് ധാന്യാദികളേയും, തലമുടികൊണ്ട്‌ വൃക്ഷങ്ങളേയും, പിത്തപ്രകൃതിക്കൊണ്ട് ഉണങ്ങിവരണ്ട ഭൂമിയേയും, കഫപ്രകൃതികൊണ്ട് ജലമയമായ പ്രദേശത്തേയും, വാതപ്രകൃതിക്കൊണ്ട് കാറ്റ് അധികമുള്ളതോ കുറ്റി മുടിഞ്ഞതോ ആയ ഭൂമിയേയും മറ്റും വിചാരിക്കാം. ആരൂഢത്തില്‍ (ലഗ്നത്തില്‍) നില്‍ക്കുന്നവന്‍ അതില്ലെങ്കില്‍ ആരൂഢത്തിലേയ്ക്ക്  (ലഗ്നത്തിലേയ്ക്ക്) നോക്കുന്നവന്‍ ഇവരെക്കൊണ്ടാണ് സ്ഥലപ്രശ്നത്തിങ്കല്‍ ലക്ഷണം വിചാരിക്കേണ്ടത്. മൃഗാദിയായ മറ്റുള്ളവരുടെ ദേഹപ്രകൃതിയെ വിചാരിയ്ക്കേണ്ടതും മേല്‍പറഞ്ഞ വിധത്തിലാകുന്നു.

ഞെരമ്പു (സിര) കളുടേയും ധമനികളുടേയും അധിപതി ശനിയും, 

അസ്ഥിയുടെ അധിപന്‍ ആദിത്യനും, 

രക്തത്തിന്‍റെയും മാംസത്തിന്‍റെയും അധിപന്‍ ചന്ദ്രനും, 

ത്വക്കിന്‍റെയും രസധാതുവിന്‍റെയും അധിപന്‍ ബുധനും, 

ശുക്ലത്തിന്‍റെ അധിപന്‍ ശുക്രനും, 

വസയുടെ അധിപന്‍ വ്യാഴവും, 

മജ്ജയുടെ അധിപന്‍ കുജനുമാകുന്നു.

അതാതു ഗ്രഹങ്ങളുടെ ദേഹങ്ങള്‍ അവരവരുടെ ധാതുക്കള്‍ പ്രധാനമായിരിയ്ക്കുമെന്നും അറിയണം. പ്രശ്നത്തിങ്കല്‍ രോഗദാതാവായ ഗ്രഹത്തിന്‍റെ ധാതുകോപമായിരിക്കും രോഗഹേതുവെന്ന്‌ പറയാം. " ദുസ്ഥിതാസ്ഥ്യാദിധാതുസ്ഥോ രോഗിണാം രോഗ ഈര്യതാം " എന്ന് പ്രമാണമുണ്ട്.