രാഹുകേതുക്കളുടെ ഫലങ്ങള്‍

മന്ദോദിതം  സ്വാശ്രിതഭേശ്വരോക്തം
സ്വോക്തഞ്ച രാഹോരഥ ഭൂമിജോക്തം
സ്വോക്തം നിജാധിഷ്ഠിതരാശിപോക്തം
കേതോശ്ച വാച്യം ത്രിതയം ഫലാനാം.

സാരം :-

രാഹുവിന് ശനിക്ക്‌ പറഞ്ഞ ഫലങ്ങളും താന്‍ ഏതു രാശിയില്‍ നില്‍ക്കുന്നുവോ ആ രാശി നാഥന്‍റെഫലങ്ങളും തനിക്കു (രാഹുവിന്) പറഞ്ഞിട്ടുള്ള ഫലങ്ങളും പറയണം. ഇങ്ങിനെതന്നെ കേതുവിനു ചൊവ്വായുടെ ഫലങ്ങളും, കേതു നില്‍ക്കുന്ന രാശി നാഥന്‍റെ ഫലങ്ങളും കേതുവിനു തന്നെ പറഞ്ഞിട്ടുള്ള ഫലങ്ങളും പറയണം.

രാഹു കേതുക്കള്‍ക്ക് ഉച്ചം സ്വക്ഷേത്രം മുതലായ ബന്ധമില്ലല്ലോ. എങ്കിലും പരാശരഹോരയില്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു.

രാഹോസ്തു വൃഷഭഃ കേതോര്‍വൃശ്ചികം തുംഗസംജ്ഞകം
മൂലത്രികോണം കര്‍ക്കീ ച യുഗ്മചാപം തഥൈവ ച.
കന്യാ ച സ്വഗൃഹം പ്രോക്തം സ്വഗൃഹം സ്മൃതം

ഈ വചനം അനുസരിച്ച് രാഹു കേതുക്കളുടെ ബലാബലങ്ങള്‍ നിശ്ചയിക്കാവുന്നതാണ്.
കൂടാതെ,

നീലദ്യുതിര്‍ ദീര്‍ഘതനുഃ കുവര്‍ണ്ണോ
വാമീ സപാഷണ്ഡമദസ്സഹിക്കഃ
അസത്യവാദീ കപടീ ച രാഹുഃ
കുഷ്ഠീപദാന്‍ നിന്ദതി ബുദ്ധിഹീനഃ

രക്തോഗ്രദൃഷ്ടിര്‍വൃഷവാനുദഗ്ര-
ദേഹസ്സശാസ്ത്രഃപതിതസ്തു കേതുഃ
ധൂമ്രദ്യുതിര്‍ധൂമമയേവ നിത്യം
വ്രണാങ്കിതാംഗഞ്ച കൃശാനുസംസഃ

ഈ വചനങ്ങള്‍ കൊണ്ട് രാഹുകേതുക്കളുടെ സ്വരൂപവൃത്തികളും,

സീസഞ്ചജീര്‍ണ്ണവസനംതമസസ്തു കേതോര്‍-
മൃത്ഭാജനം വിവിധചിത്രപടം പ്രദിഷ്ടം

ഈ വചനം കൊണ്ട് ലോഹാദികളായ പാത്രഭേദങ്ങളും വസ്ത്രഭേദവും

മിത്രാണി വില്‍ശനിസിതാസ്തമസോ ദ്വയോസ്തു
ഭൗമസ്സമോ നിഗദിതോ രിപവശ്ച ശേഷാഃ

എന്ന ഭാഗം കൊണ്ട് രാഹു കേതുക്കളുടെ ബന്ധുമിത്രത്വവും ഗ്രാഹ്യമാകുന്നു. 

അശുഭദിനത്തിലെ മരണത്തിന് പ്രതിവിധിയുണ്ടോ?


അശുഭദിനത്തിലെ മരണത്തിന് പ്രതിവിധിയുണ്ട്. അശുഭദിനങ്ങളിലെ മരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദോഷം "വസുപഞ്ചകമാണ്". കുംഭം, മീനം രാശികളില്‍ വരുന്ന നക്ഷത്രങ്ങള്‍ക്കാണ് വസുപഞ്ചക ദോഷമുള്ളത്. അവിട്ടത്തിന്‍റെ അന്ത്യപകുതി, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി നാളുകളില്‍ മരണം നടന്നാല്‍ ആ കുടുംബത്തില്‍ ഒരു വര്‍ഷത്തിനകം അഞ്ച് മരണങ്ങള്‍കൂടി ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ നക്ഷത്രത്തോടൊപ്പം മറ്റു ചില ഘടകങ്ങളും ഒത്തുവരണമെന്നും ജ്യോതിഷഗ്രന്ഥങ്ങളില്‍ കാണുന്നു. അവിട്ടം നക്ഷത്രത്തോട് ചൊവ്വാഴ്ചയും ഏകാദശിയും വൃശ്ചികലഗ്നവും ചേര്‍ന്ന് വരണം. ചതയത്തിനോട് ബുധനാഴ്ചയും ദ്വാദശിയും ധനുലഗ്നവും ചേര്‍ന്ന് വരണം. പൂരോരുട്ടാതിയോട് വ്യാഴാഴ്ചയും ത്രയോദശിയും മകരലഗ്നവും ചേര്‍ന്ന് വരണം. ഉത്രട്ടാതിയോടു വെള്ളിയാഴ്ചയും ചതുര്‍ദ്ദശിയും കുംഭലഗ്നവും ചേര്‍ന്ന് വരണം. രേവതിയോട് ശനിയാഴ്ചയും വാവും മീനലഗ്നവും ചേര്‍ന്ന് വരണം. മേല്‍പറഞ്ഞ സമയങ്ങളില്‍ മരണം സംഭവിച്ചാല്‍ സാധാരണ രീതിയിലുള്ള ശവദാഹം പാടില്ല.

പഞ്ചകദോഷ സമയത്ത് മരിച്ച വ്യക്തിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം നിശ്ചിതദിവസത്തെ പുല കഴിഞ്ഞ് ഭവനം ശുദ്ധമാക്കുക. അതിനുശേഷം അവിടെ മൃത്യുഞ്ജയ ഹോമവും യമരാജഹോമവും നടത്തുന്നത് ദോഷശാന്തിയ്ക്ക് ഫലപ്രദമാണ്. പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച വ്യക്തിയുടെ ജന്മനക്ഷത്രം തോറും ശിവക്ഷേത്രങ്ങളില്‍ മൃത്യുഞ്ജയ മന്ത്രാര്‍ച്ചന, രുദ്രാഭിഷേകം തുടങ്ങിയവയും നടത്തേണ്ടതാണ്. ഇത് ഒരു വര്‍ഷക്കാലം തുടരുകയും വേണം.

ഭദ്രാതിഥികളായ ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ തിഥികള്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍, കാര്‍ത്തിക, പുണര്‍തം, ഉത്രം, വിശാഖം, ഉത്രാടം, പുരോരുട്ടാതി എന്നീ ത്രിപാദ നക്ഷത്രങ്ങള്‍ എന്നിവയില്‍ മരിക്കുക, ഈ ദിവസങ്ങളില്‍ ദഹനം നടത്തുക എന്നിവയും ദോഷപ്രദമാണ്. പ്രഥമ, ഷഷ്ഠി, ഏകാദശി, ചതുര്‍ദ്ദശി, വെള്ളിയാഴ്ച എന്നിവയിലും പ്രേതകാര്യങ്ങള്‍ ഒന്നും ചെയ്യരുതെന്നും അങ്ങനെ ചെയ്‌താല്‍ കുലനാശമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

ശ്രാദ്ധം ഊട്ടുന്നത് എങ്ങനെ?


ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വിധിപ്രകാരം വളര ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പലരീതിയില്‍ ശ്രാദ്ധം നടത്താറുണ്ട്‌. ആളുകള്‍ക്ക് ആഹാരം മാത്രം കൊടുത്ത് നടത്തുന്നതാണ് അന്നശ്രാദ്ധം. സങ്കല്‍പ്പൂര്‍വ്വം ആചാര്യന് ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നതാണ് ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള് എന്നിവയില്‍ നനച്ച് ബലിയിടുന്നതാണ് ആമശ്രാദ്ധം. ഒരു ആത്മാവിനെ മാത്രം ഉദ്ദേശിച്ചു നടത്തുന്നത് ഏകോദ്ദിഷ്ട ശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃ, പിതാമഹ, പ്രപിതാമഹ, വൃദ്ധപ്രമാതാമഹ എന്നീ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്നതാണ് പര്‍വ്വണ ശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത് സപിണ്ഢീകരണ ശ്രാദ്ധം. തിഥി നോക്കിയും, നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്. ഇവ അസ്തമനത്തിനുമുമ്പ് ആറു നാഴികയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പ്രമാണം.

മരിച്ച തിഥിയോ നക്ഷത്രമോ ആണ് പ്രധാനമായി വര്‍ഷംതോറും ശ്രാദ്ധം നടത്തുന്നതിന് ഉത്തമം. കൃഷ്ണപക്ഷത്തിലെ അമാവാസി, അഷ്ടമി തിഥികളും പൂയ്യം നക്ഷത്രവും ശ്രാദ്ധത്തിന് വിശിഷ്ടമാണ്. ഒരു മാസത്തില്‍ രണ്ടു തവണ ശ്രാദ്ധ നക്ഷത്രം വന്നാല്‍ ആദ്യത്തേത് എടുക്കുക. അയനാരംഭദിനങ്ങള്‍, സംക്രാന്തി, ഗ്രഹണം തുടങ്ങിയവയും വിശിഷ്ടദിനങ്ങളാണ്. കൃഷ്ണചതുര്‍ദ്ദശി ദിനത്തില്‍ ശ്രാദ്ധമുള്‍പ്പെടെ യാതൊരു പ്രേതകാര്യങ്ങളും ചെയ്യരുത്.

തൃക്കേട്ട, തിരുവോണം, പൂയം, അവിട്ടം, പൂരം, പൂരാടം, പൂരോരുട്ടാതി, ചതയം, ചിത്തിര. അനിഴം, ഭരണി, അശ്വതി, ചോതി, മകം, അത്തം എന്നീ നക്ഷത്രങ്ങളും, തിങ്കള്‍, ശനി എന്നീ ആഴ്ചകളും ശ്രാദ്ധത്തിന് ഉത്തമമാണ്. ചൊവ്വ, വെള്ളി ദിവസങ്ങളും ഇടവം, തുലാം രാശികളും ശ്രാദ്ധം നടത്തുന്നതിന് നല്ലതല്ല.

പിതൃക്കളുടെ ഒരു ദിവസമാണ് മനുഷ്യരുടെ ഒരു വര്‍ഷം. തന്മൂലം വര്‍ഷത്തിലൊരു ശ്രാദ്ധമെന്നു വരുന്നു. ശ്രാദ്ധത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തെ കര്‍മ്മം. ഇതുപോലെ ആചരണമെന്നും വര്‍ജ്ജ്യമെന്നും രണ്ടു വിഭാഗം വിധികള്‍ രണ്ടു ദിവസവുമുണ്ട്. ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്‌. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, പാത്രശുദ്ധി, ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. പിതൃകര്‍മ്മത്തിന് തയ്യാറെടുക്കാലാണ് തലേന്ന്, അന്നത്തെ വ്രതദീക്ഷ, ശ്രാദ്ധം സ്വീകരിക്കാന്‍ പിതൃക്കളെ ക്ഷണിച്ചുവരുത്തല്‍ കൂടിയാണ്.

ശ്രാദ്ധമൂട്ടുന്നവര്‍  തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. അടുത്ത ബന്ധുക്കളേയും നേരത്തെ ക്ഷണിച്ചുവരുത്തണം.  അന്ന് മറ്റെങ്ങും പോകാന്‍ പാടില്ല. മറ്റുള്ളവരെ സ്പര്‍ശിക്കല്‍, പുറത്തുനിന്നുള്ള ഭക്ഷണം ഇവ ഒഴിവാക്കണം. വീടും പരിസരവും അടിച്ചുതളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കുക. കുളി മുങ്ങിക്കുളിയായിരിക്കണം. ഉടുത്ത വസ്ത്രങ്ങള്‍ വെള്ളത്തില്‍ മുക്കിയിരിക്കണം. തലേന്നത്തെ കുളിക്ക് എണ്ണതേയ്പ്പാവാം, രണ്ടു നേരം കുളിക്കണം. മത്സ്യമാംസാദികള്‍, കടച്ചക്ക, ഉഴുന്നുപരിപ്പ്, പപ്പടം, കായം, പെരിഞ്ചീരകം, മുരിങ്ങയ്ക്ക, മസാല, ഉള്ളി, കോളിഫ്ലവര്‍, കാബേജ്, കൂണ്‍, പപ്പായ ഇവ ഉപയോഗിക്കരുത്. തലേന്നത്തെ വെള്ളമുപയോഗിക്കരുത്. അന്ന് കോരിയെടുത്തതാവണം.

ഉഴുന്ന് ചേര്‍ത്തതായ ഇഡ്ഡലി, ദോശ, ഇവയും ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും ഉപയോഗിക്കാന്‍ പാടില്ല. തലേന്ന് അരച്ചും കുഴച്ചും വച്ച ഭക്ഷണം തലേന്ന് അടിച്ചുവച്ച പഴസത്ത് തുടങ്ങിയവയും ഉപയോഗിക്കരുത്. ഒരു നേരമേ ഭക്ഷണം കഴിക്കാവു. രാത്രി ഭക്ഷണമില്ല. പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം. പുകയില, മുറുക്ക്, പുകവലി ഇവ നിഷിദ്ധമാണ്.

അതിരാവിലെ എഴുന്നേറ്റ് പരിസരം ശുദ്ധിവരുത്തിയിരിക്കണം. ബലിയിടാനുള്ള സ്ഥലത്ത് ചാണകം മെഴുകിയോ, ചാണകവെള്ളം തളിച്ചോ ശുദ്ധിവരുത്തണം.

ശ്രാദ്ധ കര്‍മ്മത്തിന് ആചാര്യനുണ്ടാവണം. ആചാര്യന്‍റെ മേല്‍നോട്ടത്തില്‍ ശുദ്ധമായി തയ്യാറാക്കിയ അന്നമാണ് പിണ്ഡമായി ഉപയോഗിക്കേണ്ടത്. ബ്രാഹ്മണര്‍ക്ക് ആചാര്യന്‍ വേണമെന്നില്ല. പുരുഷന്മാര്‍ തെക്കോട്ടും, സ്ത്രീകള്‍ കിഴക്കോട്ടും തിരിഞ്ഞിരുന്ന് ബലിയിടണം. പുരുഷന്മാര്‍ എള്ള്, കറുക അഥവാ ദര്‍ഭ, ശ്രാദ്ധപുഷ്പമായ ചെറുള എന്നിവ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ എള്ള്, ചീന്തില, തുളസിപ്പൂ അഥവാ അക്ഷതം ഇവ ഉപയോഗിക്കുന്നു. പുരുഷന്മാരുടെ ശ്രാദ്ധകര്‍മ്മത്തില്‍ തേന്‍, നെയ്യ്, പാല്, തൈര്, എള്ളെണ്ണ തുടങ്ങിയ ദ്രവ്യങ്ങള്‍ ഉപയോഗിക്കും. വടക്കിനിയാണ് ശ്രാദ്ധമൂട്ട്‌.

ശ്രാദ്ധദിവസം നാലുകൂട്ടം വിഭവങ്ങളോടെ സദ്യയുണ്ടാവണം. പുളിശ്ശേരി (മോരോഴിച്ച കറി), നേന്ത്രക്കായും ചേനയുംകൂടി തേങ്ങയരച്ചുണ്ടാക്കിയ ഓലന്‍, ഇഞ്ചിതൈര് എന്നിവ നിര്‍ബന്ധമായും വേണം. തൊലി നീക്കാത്ത ഏത്തക്കായ വറുത്ത ഉപ്പേരി, അടപ്രഥമന്‍ ഇവയും വേണം. കുമ്പളങ്ങ നീളത്തിലെ മുറിക്കാവു വട്ടത്തില്‍ മുറിക്കരുതെന്ന് പറയും. വിഭവങ്ങളില്‍ ഉഴുന്നുപരിപ്പ് വറുത്തിടല്‍, ഉള്ളി മൂപ്പിച്ചു ചേര്‍ത്തകറികള്‍ ഇവയരുത്. ശ്രാദ്ധശേഷം ദ്രവ്യം (ശേഷിച്ച അന്നം) കഴിച്ചശേഷം വസ്ത്രം മാറ്റുകയോ, ജലപാനമോ ആകാവു.

ശ്രാദ്ധപിണ്ഡം കിഴക്കുവശത്ത്‌ തെക്കോട്ട്‌ നീക്കി പ്രത്യേകം ചാണകം മെഴുകിവച്ച സ്ഥലത്ത് കാക്കയ്ക്ക് ബലിയായി സമര്‍പ്പിക്കണം. കാക്ക പിണ്ഡം കൊത്തിത്തിന്നശേഷം കര്‍മ്മം ചെയ്യുന്നവര്‍ കാവ്യം കഴിക്കാവൂ.

ആചാര്യന് തൃപ്തിയാകുംവിധം ദക്ഷിണ, വസ്ത്രം ഇവ നല്‍കണം. ചിലര്‍ അന്നേ ദിവസം ആചാര്യന്‍റെ വീട്ടില്‍ സദ്യ നടത്താനുള്ള വിഭവങ്ങള്‍ നല്കാറുണ്ട്. അന്നേദിവസം ശ്രാദ്ധമൂട്ടിയ വീട്ടില്‍ത്തന്നെ എല്ലാവരും താമസിക്കണം.

പിതൃവിന്‍റെ മക്കള്‍ നിര്‍ബന്ധമായി ശ്രാദ്ധകര്‍മ്മം ചെയ്യണം. ഇളയ സഹോദരങ്ങള്‍ക്ക്‌ ശ്രാദ്ധമൂട്ടാം. മക്കള്‍ ദായക്കാരാണെങ്കില്‍ പിതൃവിന്‍റെ ഭാര്യക്ക് ശ്രാദ്ധകര്‍മ്മം ചെയ്യാം. മക്കളുടെ മക്കള്‍ ശ്രാദ്ധമൂട്ടുന്നത് അതിവിശേഷമാണ്. മരുമക്കള്‍ ദായക്കാരാണെങ്കില്‍ സഹോദരിമാരുടെ മക്കള്‍ക്ക്‌ (മരുമക്കള്‍) ശ്രാദ്ധമൂട്ടാം. മുഖ്യമായി ശ്രാദ്ധമൂട്ടുന്ന ഒരാളും മറ്റുള്ളവര്‍ കൂടെ ഊട്ടുന്നവരുമായിരിക്കണം. പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധികള്‍ പറഞ്ഞുകൊടുക്കാന്‍ ഒരു ആചാര്യന്‍ വേണമെന്നുണ്ട്.

ശനി അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍

മന്േദƒനിഷ്ടസ്ഥിതേ സ്യാദനിലകഫരുജാജ്ഞാനചൗര്യാദികോപ-
വ്യാപത്തന്ദ്രീശ്രമാഃ സ്ത്രീഭൃതകതനുഭുവാം ഭര്‍ത്സനം വ്യംഗതേര്‍ഷ്യാ
ഇഷ്ടസ്േഥ ദുഃഖനാശഃ പരിണതവനിതാഭോഗദാസായസാം ഭൂ-
ശ്രേണീ ഗ്രാമാധിപത്യസ്യ വരകമഹിഷ്യാദികാനാഞ്ച ലാഭഃ

സാരം :-

ശനി അനിഷ്ടഭാവത്തില്‍ നിന്നാല്‍ വാതവും കഫവും കോപിച്ചു തന്മൂലമുള്ള രോഗങ്ങളും അറിവില്ലായ്മയും കോപവും ആപത്തുകളും മടിയും ഉത്സാഹക്കുറവും ക്ഷീണവും സ്ത്രീകള്‍ ഭൃത്യന്മാര്‍ മക്കള്‍ ഇവരുടെ നിന്ദയും അംഗങ്ങള്‍ക്ക് കേടുകളും അന്യന്മാരുടെ ഗുണഗണങ്ങളില്‍ അസൂയയും സംഭവിക്കും.

ശനി ഇഷ്ടഭാവത്തില്‍ നിന്നാല്‍ ദുഃഖശാന്തിയും തന്നില്‍ കവിഞ്ഞ പ്രായമുള്ള സ്ത്രീകളുടെ ലാഭവും പുരത്തിലോ സദസ്സിലോ ഗ്രാമത്തിലോ നിന്ന് ഉയര്‍ന്ന സ്ഥാനപ്രാപ്തിയുണ്ടാകുകയും വരക് എന്ന ധാന്യത്തിന്‍റെയും എരുമകളുടെയും ലാഭമുണ്ടാകുകയും ചെയ്യും. 

ശുക്രന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍


ശുക്രേƒനിഷ്ടസ്ഥിതേ സ്ത്രീജനഗദവസനാപായലക്ഷ്മീവിയോഗാഃ
ശോകഃ സ്നേഹാന്നിഷാദക്ഷിതിപതി സചിവദ്വേഷഗോരൂപ്യനാശാഃ
ഇഷ്ടസ്േഥ രൂപ്യവസ്ത്രാഭരണമണി നിധിസ്ത്രീവിവാഹാര്‍ത്ഥലാഭാഃ
ശ്രദ്ധാ ഗീതേ സുഖാദിഷ്വപി ച മഹിഷഗോമിത്രമൃഷ്ടാന്നലാഭാഃ

സാരം :-

ശുക്രന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ ഭാര്യമുതലായ സ്ത്രീകള്‍ക്ക് രോഗങ്ങളും വസ്ത്രങ്ങള്‍ക്ക് നാശവും ഐശ്വര്യനാശവും സ്നേഹം നിമിത്തം ഏതോ ആപത്തു വന്നു തന്നിമിത്തം ദുഃഖിക്കുന്നതിനും നിന്ദ്യജനങ്ങളോടും രാജഭൃത്യന്മാരോടും ദ്വേഷിക്കുന്നതിനും നാല്‍ക്കാലികള്‍ക്കും വെള്ളികൊണ്ടുള്ള ദ്രവ്യങ്ങള്‍ക്കും നാശം അനുഭവിക്കുന്നതിനും ഇടയാകും.

ശുക്രന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ വെള്ളികൊണ്ടുള്ള നാണയം മുതലായവ, വിശിഷ്ട വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ രത്നങ്ങള്‍ ഇവയുടേയും നിക്ഷേപധനത്തിന്‍റെയും ലാഭവും സാദ്ധ്വിയായ സ്ത്രീയുടെ വിവാഹലാഭവും ദ്രവ്യലാഭവും സംഗീതത്തിലും സുഖാദ്യനുഭവങ്ങളിലും ആഗ്രഹവും പോത്ത് പശു മുതലായ നാല്‍ക്കാലികളുടെ ലാഭവും തൃപ്തിപൂര്‍വ്വമായ ഭക്ഷണവും ഫലമാകുന്നു. 

വ്യാഴം അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍

ജീവേƒനിഷ്ടസ്ഥിതേ സ്യാച്ശ്രവണനയനരുഗ്വിപ്രദേവപ്രകോപോ
വൈരം വാ ധര്‍മ്മഹീനൈഃ പുനരിതരഗതേ വര്‍ദ്ധനം ധീ ഗുണാനാം
നിത്യം യജ്ഞേന വേദാദ്ധ്യയനമനുജപൈര്‍ഭൂപതേശ്ചാര്‍ത്ഥലാഭോ
ലാഭോ ദായാദഹേമാംബരഹയകരിണാം വിപ്രദേവപ്രസാദഃ


സാരം :-

വ്യാഴം അനിഷ്ടഭാവത്തില്‍ നിന്നാല്‍ കര്‍ണ്ണരോഗവും പുത്രന് രോഗവും ബ്രാഹ്മണരുടേയും ദേവന്മാരുടേയും കോപവും അസജ്ജനങ്ങളുമായി വിരോധവും ഉണ്ടാകും.

വ്യാഴം ഇഷ്ടഭാവത്തില്‍ നിന്നാല്‍ ബുദ്ധിയുടെ സദ്‌ഗുണങ്ങള്‍ വര്‍ദ്ധിച്ചുവരികയും യാഗകര്‍മ്മമനുഷ്ടിച്ചും വേദമന്ത്രം ജപിച്ചും ധനം സമ്പാദിക്കുകയും രാജാക്കന്മാരില്‍ നിന്നും ശമ്പളമോ സമ്മാനമോ വാങ്ങിക്കയും ബന്ധുപ്രാപ്തിവരികയും സ്വര്‍ണ്ണം കുതിര ആന ഇവയെ ലഭിക്കുന്നതിനു സംഗതിയാകുകയും ബ്രാഹ്മണസന്തോഷത്തിനും ദേവന്മാരുടെ അനുഗ്രഹത്തിനും ഇടയാവുകയും ചെയ്യും.

ബുധന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍

ജ്ഞേƒനിഷ്ടസ്േഥതു കോപോ ഹരിയുവനൃപയോര്‍ദുര്‍വ്വചസ്തസ്കരാര്‍ത്ത
സ്തത്രേഷ്ടസ്േഥƒശ്വഹേമക്ഷിതി സുഹൃദവനീദേവ ഗുര്‍വ്വര്‍ത്ഥലാഭാഃ
അര്‍േത്ഥാദൗത്യാച്ചശില്പൈസ്തുതിരപി വിദുഷാംവര്‍ദ്ധനംബുദ്ധിവൃത്തേഃ
സിദ്ധിര്‍ദ്ധര്‍മ്മക്രിയാണാം ലിപിഗണിതധനം ഗോപസുനു പ്രസാദഃ

സാരം:-

ബുധന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ വിഷ്ണുവിന്‍റെയും യുവരാജാവിന്‍റെയും കോപവും ദുര്‍ഭാഷണങ്ങളും തൊലിപ്പുറത്തും കയ്യിലും ചില രോഗങ്ങളും ഉണ്ടാകും.

ബുധന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ അശ്വം സ്വര്‍ണ്ണം ഭൂമി ബന്ധു ഇവയുടെ ലാഭവും ബ്രാഹ്മണരില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും ധനപ്രാപ്തിയും ഒരാളിനുവേണ്ടി മദ്ധ്യസ്ഥത കൈക്കൊണ്ടു ചില കാര്യം സാധിക്കുക നിമിത്തമായും കരകൗശലവിദ്യകൊണ്ടും ധനസമ്പാദ്യവും അറിവുള്ളവരുടെ അഭിനന്ദനവും ബുദ്ധിക്കു ആലോചനാശക്തിയുടെ വളര്‍ച്ചയും ധര്‍മ്മവൃത്തി നിര്‍വഹിക്കുകയും കയ്യെഴുത്തുകൊണ്ടും കണക്കുകൊണ്ടും ധനാര്‍ജ്ജനവും വിഷ്ണുപ്രീതിയും ഫലമാകുന്നു. 

ചൊവ്വ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍

പ്രദ്വേഷഃ സോദരാദ്യൈഃക്ഷിതികനകവിനാശോƒഗ്നി ചോരാരിഭീതിഃ
സേനാനീരക്തകോപജ്വരനയനരുജാപാത്രശാസ്ത്രാംഗഭംഗാഃ
ഭൗമേƒനിഷ്ടസ്ഥിതേƒസ്മിന്‍ പുനരിതരഗതേഭൂമിഹേമായുധാപ്തിഃ
സേനാനീതുഷ്ടതാ സ്യാദ്ധനമരിവധതോ ഭ്രാതൃതോ ഭ്രൂപതേശ്ച.

സാരം :-

ചൊവ്വാ അനിഷ്ടഭാവത്തില്‍ നിന്നാല്‍ സഹോദരങ്ങളോടും സഹായജനങ്ങളോടും കലഹവും ഭൂമി സ്വര്‍ണ്ണം ഇവകളുടെ നാശവും അഗ്നിഭയവും കള്ളന്മാരില്‍ നിന്ന് നഷ്ടവും ശത്രുക്കളില്‍ നിന്ന് ഉപദ്രവവും സുബ്രഹ്മണ്യകോപവും രക്തംദുഷിക്ക നിമിത്തമുള്ള വ്യാധികളും ജ്വരവും കണ്ണില്‍ ദീനവും പാത്രങ്ങള്‍ നശിക്കുക ശസ്ത്രംകൊണ്ട് മുറിവേല്‍ക്കുക മുതലായവയും ഫലമാകുന്നു.

ചൊവ്വ ഇഷ്ടഭാവത്തില്‍ നിന്നാല്‍ ഭൂമിലാഭവും സ്വര്‍ണ്ണലാഭവും ആയുധലാഭവും സുബ്രഹ്മണ്യപ്രസാദവും ശത്രുക്കളുടെ വധം നിമിത്തം സഹോദരന്മാരില്‍ നിന്നും രാജാവില്‍ നിന്നും ധനാദികളുടെ ലാഭവും ഫലമാകുന്നു.

ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍

കോപോ രാജ്ഞ്യാജനന്യാരുഗപി കഫസമീരാസ്രരുഗീര്യവത് ൈസ്വര്‍-
വൈര്യം കോപശ്ച ദൗര്‍ഗ്ഗഃ കൃഷിധനയശസാം സംക്ഷയോനിഷ്ടഗേƒബ്ജേ
രാജ്ഞീദുര്‍ഗ്ഗാപ്രസൂനാം മുദണുതിലഗുളാചാദനാജ്യദ്വിജസ്ത്രീ-
ഗോനൗരത്നാദിതോƒര്‍ത്ഥാഃ കൃഷിധനയശസാം വൃദ്ധിരിഷ്ടസ്ഥിതേƒബ്ജേ



സാരം :-
ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍  നിന്നാല്‍ രാജ്ഞിയുടെ കോപം മാതൃകോപം മാതൃരോഗം കഫം, വാതം, രക്തം ഇവകളുടെ കോപം കൊണ്ടുള്ള രോഗം തന്നേക്കാള്‍ വലിയവരോട് തന്‍റെ ആളുകളോടും വിരോധവും ദുര്‍ഗ്ഗാദേവിയുടെ കോപവും, കൃഷി  നഷ്ടവും ദ്രവ്യനാശവും കീര്‍ത്തിനാശവും സംഭവിക്കും.

ചന്ദ്രന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ രാജ്ഞിയുടെ സന്തോഷവും ദുര്‍ഗ്ഗാദേവിയുടെയും മാതാവിന്‍റെയും പ്രസാദവും മന്ത്രജപാദികൊണ്ടും എള്ള്, ശര്‍ക്കര, വസ്ത്രം, നെയ്യ് ഈ വസ്തുക്കളില്‍ നിന്നും പശുവില്‍ നിന്നും തോണി മുതലായ വാഹനങ്ങളില്‍ നിന്നും പത്മരാഗാദിരത്നങ്ങളില്‍ നിന്നും ബ്രാഹ്മണരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ദ്രവ്യലാഭവും കൃഷി ഗുണവും കീര്‍ത്തിലാഭവും ധനപുഷ്ടിയും ഫലമാകുന്നു. 

ആദിത്യന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍

മാര്‍ത്താണ്േഢƒനിഷ്ഠ സംസ്േഥ നൃപശിവപിതൃകോപാ-
ദിഹൃല്‍ക്രോഡനേത്ര-
വ്യാദ്ധ്യസ്ഥിസ്രാവപിത്താമയ ശിഖിപശുഭീ-
താമ്രനാശാത്മ പീഡാഃ
ഇഷ്ടസ്േഥ സാത്വികത്വം ശിവപിതൃനൃപതി-
പ്രീതയസ്താമ്രലാഭ-
ശ്ചാ൪ത്ഥാപ്തിഃ കംബളാദ്ധ്വാടനതൃണകനകാദ്യൗഷ-
ധൈശ്ചോദ്യമഃ സ്യാല്‍.


സാരം :-


ആദിത്യന്‍ അനിഷ്ടഭാവത്തില്‍ നിന്നാല്‍ രാജകോപം, ശിവകോപം, പിതൃകോപം തുടങ്ങിയവയും, ഹൃദയത്തിലും ഉദരത്തിലും നേത്രത്തിലും രോഗം, അസ്ഥിസ്രവം, പിത്തകോപംകൊണ്ടുള്ള രോഗങ്ങള്‍, അഗ്നിഭയം, പശുക്കളില്‍ നിന്ന് ഭയം, ചെമ്പ് പാത്രങ്ങളുടെ നാശം, ആത്മദുഃഖം മുതലായ അനിഷ്ടഫലങ്ങളെ പറയണം.

ആദിത്യന്‍ ഇഷ്ടഭാവത്തില്‍ നിന്നാല്‍ സത്വഗുണത്തിന്‍റെ ഉദയവും ശിവപ്രസാദം, പിതൃപ്രസാദം രാജാനുകൂല്യം, ചെമ്പ് കൊണ്ടുള്ള പാത്രാദികളുടെ ലാഭം, കമ്പിളി വസ്ത്രത്തില്‍ നിന്നും വഴിയാത്രചെയ്തിട്ടും തൃണവര്‍ഗ്ഗങ്ങളില്‍ നിന്നും സ്വര്‍ണ്ണാദികളെക്കൊണ്ടും ഔഷധംകൊണ്ടും മറ്റും ദ്രവ്യലാഭത്തെയും പറയണം.

ഓരോ ഗ്രഹങ്ങളും ഫലത്തെ ദാനം ചെയ്യുന്ന കാലം കണ്ടുപിടിക്കുന്നത് എങ്ങനെ?

കാലഃ സ്വര്‍ക്ഷദിനര്‍ത്തവോ നിജഗൃഹസ്ഥാര്‍ക്കേന്ദുജീവാദയഃ
സര്‍വ്വേഷാം സ്വദശാനിജാപഹൃദയഃ സ്വീയോദയാസ്താ അപി
ഖേടാനാം രവിചന്ദ്രയോരയനമപ്യത്രോത്തരം ദക്ഷിണം.
ദാതും സ്യാദ്ഗുണദോഷണസംഭവഫലം സര്‍വ്വം ബുധൈരൂഹ്യതാം.

സാരം :-

ഓരോ ഗ്രഹങ്ങളും ഫലത്തെ ദാനം ചെയ്യുന്ന കാലം താഴെപ്പറയുന്ന ക്രമമനുസരിച്ച് ചിന്തിച്ചറിയേണ്ടതാണ്. തങ്ങളുടെ നക്ഷത്രത്തിലും തങ്ങളുടെ ആഴ്ചകളിലും തങ്ങളുടെ ഋതുക്കളിലും താന്‍ നില്‍ക്കുന്ന രാശിയില്‍ സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ശനി ഇവര്‍ വരുന്നകാലവും തന്‍റെ ദശാകാലവും അപഹാരകാലവും താന്‍ നില്‍ക്കുന്ന രാശി ഉദയമായി വരുന്ന കാലവും ഫലാനുഭവത്തിന്‍റെ സമയമാണെന്നറിയണം. ആദിത്യനു ഉത്തരായനകാലവും ചന്ദ്രന് ദക്ഷിണായന കാലവും ഫലയോഗ്യമാണ്. ഇങ്ങിനെ വിദ്വാന്മാര്‍ ചിന്തിച്ചു പറഞ്ഞുകൊള്ളണം.

ആദിത്യനോ ചന്ദ്രനോ ഫലദാതാവായ ഗ്രഹമോ ലഗ്നരാശിയിലോ ഫലദാതാവായ ഗ്രഹത്തിന്‍റെ രാശികളിലോ അല്ലെങ്കില്‍ ആ ഗ്രഹത്തിന്‍റെ ഉച്ചരാശികളിലോ ചാരവശാല്‍ വരുന്ന കാലം ഫലപ്രാപ്തിയുണ്ടാകുമെന്നു പറയണം.

ലഗ്നം വാ ഫലദാതൃഗേഹമഥവാ തസ്യോച്ചഭം വാ യദാ
യായാദിന്ദുരിനോƒഥവാഥ ഫലദോ വാച്യം തദാ തല്‍ഫലം
ഭൂതേ വാ സമയേ ഭവിഷ്യതി യതാ ലഗ്നസ്യപാപാന്വയ
സ്തല്ക്കാലേ ശുഭമാദിശേഛ്ശുഭ സമായോഗേ ശുഭം പൃച്ഛതാം.

സാരം :-

ആദിത്യനോ ചന്ദ്രനോ ഫലദാതാവായ ഗ്രഹമോ ലഗ്നരാശിയിലോ ഫലദാതാവായ ഗ്രഹത്തിന്‍റെ രാശികളിലോ അല്ലെങ്കില്‍ ആ ഗ്രഹത്തിന്‍റെ ഉച്ചരാശികളിലോ ചാരവശാല്‍ വരുന്ന കാലം ഫലപ്രാപ്തിയുണ്ടാകുമെന്നു പറയണം. ലഗ്നത്തില്‍ അടുത്തകാലം പാപഗ്രഹയോഗം വരുമെങ്കില്‍ ആ കാലം ദുഃഖാദ്യനിഷ്ടങ്ങളുണ്ടാകുമെന്നും ശുഭഗ്രഹയോഗം വരുമ്പോള്‍ ശുഭപ്രാപ്തിയുണ്ടാകുമെന്നും പറയണം. ഇതുപോലെ കഴിഞ്ഞകാലത്ത് എപ്പോള്‍ ലഗ്നത്തില്‍ പാപഗ്രഹയോഗമുണ്ടായോ അപ്പോള്‍ അശുഭാവസ്ഥയുണ്ടായിട്ടുണ്ടെന്നും എപ്പോള്‍ ശുഭഗ്രഹയോഗമുണ്ടായോ അപ്പോള്‍ ശുഭാവസ്ഥയുണ്ടായിട്ടുണ്ടെന്നും പറയണം. ശുഭാശുഭങ്ങള്‍ ഇന്നിന്നവയാണെന്ന് ആ ശുഭഗ്രഹങ്ങളുടേയും പാപഗ്രഹങ്ങളുടെയും കാരകത്വം കൊണ്ടും മറ്റും ചിന്തിച്ചുകൊള്ളണം.

മൃതദേഹം എങ്ങനെ ദഹിപ്പിക്കണം?

മൃതശരീരത്തിനെ, നിലത്ത് ദര്‍ഭ തെക്കോട്ട്‌ മുനയാക്കിയിട്ടതിന്‍റെ മീതെ കിടത്തി, വായും കണ്ണുകളും അടച്ച്, കാല്‍പെരുവിരലുകള്‍ നൂല്‍ത്തിരി കൊണ്ട് ചേര്‍ത്തുകെട്ടി കൈകള്‍ നെഞ്ചില്‍വച്ച് അതിന്‍റെ പെരുവിരലുകളും നൂല്‍ത്തിരികൊണ്ട് കെട്ടി, പാദവും മുഖവുമൊഴിച്ച് എല്ലാ ഭാവവും ശുഭവസ്ത്രം കൊണ്ട് മൂടണം. തലയ്ക്കല്‍ എള്ളെണ്ണ ഒഴിച്ച് കരിച്ച നിലവിളക്ക് വയ്ക്കണം. ചുറ്റും അക്ഷതവും എള്ളും ചേര്‍ത്തൊരു ഗോളമിടുകയും ചാമ്പ്രാണി, ദശാംശം, അഷ്ടഗന്ധം എന്നിവ പുകയ്ക്കുകയം വേണം.

ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുമ്പില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണ്‍കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം.

ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു.

വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നാണര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അഗ്നി തന്നെ ദഹനത്തിലൂടെ ശവശരീരത്തെയും ശുദ്ധീകരിച്ച് ഒരു പിടി ചാരമാക്കുന്നു.

ഭാവഫലം അനുഭവിക്കുന്ന സമയം കണ്ടുപിടിക്കുന്നത് എങ്ങനെ?

ഭാവാദ്ഭാവപതൗ തൂ ദൃശ്യദലഗേ തദ്ഭാവലാഭോƒചിരാ-
ത്തത്രാദൃശ്യഗതേ ശനൈരിതി ഭിദാ ഭാവാല്‍ പുനസ്തല്‍പതിഃ
രാശൗ യാവതി തത്സമേ തു ദിവസേ മാസേƒഥവാ ഭാവനാ-
ഥാരൂഢാലയഗേƒഥവാ ഹിമകരേ ഭാവസ്യ ലാഭോ ഭവേല്‍

സാരം :-

ഭാവചിന്തയില്‍ ഒരു ഭാവം അനുഭവിക്കുമെന്നു നിശ്ചയിക്കുമല്ലോ. ആ അനുഭവം ആ ഭാവത്തിന്‍റെ അധിപന്‍ ഭാവത്തില്‍ നിന്ന് ദൃശ്യാര്‍ദ്ധഭാഗത്തില്‍ നില്‍ക്കയാണെങ്കില്‍ ഉടനെതന്നെ അനുഭവിക്കുമെന്നും അതുപോലെ അദൃശ്യാര്‍ദ്ധത്തിലാണ് നില്‍ക്കുന്നത് എങ്കില്‍ കുറെ നാള്‍ കഴിഞ്ഞതിനുശേഷമേ അനുഭവിക്കൂ എന്നും പറയണം.

ലഗ്നത്തില്‍ ചെന്ന ഭാഗവും പന്ത്രണ്ട്, പതിനൊന്ന്, പത്ത്, ഒന്‍പത്, എട്ട് ഈ ഭാഗങ്ങളും എഴാംഭാവത്തില്‍ ലഗ്നത്തില്‍ ചെല്ലാനുള്ളിടത്തോളം ഭാഗവും ദൃശ്യാര്‍ദ്ധവും ശേഷം അദൃശാര്‍ദ്ധവുമാണ്.

"ഭാഗേ ലഗ്നോദിതോ രിഃഫ ആയഃ കര്‍മ്മ തപോമൃതി
ദ്യൂനേ ലഗ്നൈഷ്യതുല്യോംശ ഇതി ദൃശ്യാര്‍ത്ഥമുച്യതേ",

എന്ന വചനവും അടിസ്ഥാനമാണ്. ഇങ്ങിനെ ഭാവലാഭത്തിന്‍റെ ഏകദേശജ്ഞാനം വരുത്തിയിട്ട് അതിനെ സൂക്ഷ്മപ്പെടുത്താനുള്ള മാര്‍ഗ്ഗം താഴെ കാണിക്കുന്നു. ഭാവാധിപന്‍ ഭാവത്തില്‍ നിന്ന് എത്രാമത്തെ ഭാവത്തില്‍ നില്‍ക്കുന്നുവോ അത്രയും മാസമോ ദിവസമോ കഴിയുമ്പോള്‍ ഭാവം അനുഭവിക്കുമെന്നു പറയണം. മേല്‍പറഞ്ഞ ലക്ഷണം കാണുകയാണെങ്കില്‍ ദിവസമെന്നും അല്ലെങ്കില്‍ മാസമെന്നും പറയണം. ഭാവാധിപന്‍ നില്‍ക്കുന്ന രാശിയില്‍ ചാരവശാല്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഭാവത്തിന്‍റെ അനുഭവം. ഇതുകൊണ്ട് ഭാവഫലത്തിന്‍റെ അനുഭവകാലത്തെ കൂറും തദ്വാരാ നക്ഷത്രവും നിശ്ചയിച്ചു കൊള്ളുക. ഭാവഫലലാഭവിഷയത്തില്‍ മറ്റു ചില വചനങ്ങളെകൂടി താഴെ കാണിക്കുന്നു.

"ഭാവേ തദീശാന്വിതഭാംശകേ വാ തേഷാം ത്രികോണ ച യദാ ചരന്തി
ലഗ്നേശ ഭാവാധിപകാരകാഖ്യാഃ സദാ തു ഭാവാഃ സഫലാ ഭവന്തി."


ലഗ്നാധിപനും ഭാവാധിപനും കാരകഗ്രഹവും ഭാവത്തിലോ ഭാവാധിപന്‍ നില്‍ക്കുന്ന രാശിയിലോ അംശകത്തിലോ ഇപ്പറഞ്ഞ രാശികളുടെ ത്രികോണരാശികളിലോ ചാരവശാല്‍ ഏതൊരു കാലത്ത് ചെല്ലുമോ അപ്പോള്‍ ഭാവഫലം സിദ്ധിക്കും.

യദാ ചരതി തത്രൈവ രന്ധ്രപോ മാന്ദിപേശ്വരഃ
ഖരദ്രേക്കാണപോ വാപി ഭാവനാശസ്തദാ ഭവേല്‍.

ഭാവത്തിലും ഭാവാധിപാന്‍റെ രാശ്യംശങ്ങളിലും അവയുടെ ത്രികോണരാശികളിലും എപ്പോള്‍ ചാരവശാല്‍ അഷ്ടമാധിപനോ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപനോ ചെല്ലുന്നു, അപ്പോള്‍ ഭാവനാശത്തെയും പറയണം.

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?

ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും  ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.

തെക്കോട്ട്‌ മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളാണ് വെള്ളത്തുണികൊണ്ട് മുടേണ്ടത്. എള്ളെണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് തലഭാഗത്ത് കൊളുത്തിവയ്ക്കണം.

ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുന്നില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണല്‍ കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം. കര്‍മ്മം ചെയ്ത ആള്‍ ശവസംസ്കാരത്തിനുശേഷം സ്നാനം തുടങ്ങിയവ കഴിച്ച് വസ്ത്രം മാറി ഗൃഹപ്രവേശം ചെയ്യുക. വീട്ടുവളപ്പില്‍ വച്ച് അല്പം വേപ്പില ചവച്ച് തുപ്പി വായ്‌ കഴുകിയ ശേഷം വേണം ഗൃഹത്തില്‍ പ്രവേശിക്കാന്‍.

ശവസംസ്കാരത്തിന് ശേഷം സാധാരണ അഞ്ചാം ദിവസം സഞ്ചയനം എന്ന കര്‍മ്മം നടത്തുന്നു. സംസ്കാരാനന്തരം പത്തു ദിവസം ബലി, പന്ത്രണ്ടാം ദിവസം സപിണ്ഡീകരണ ശ്രാദ്ധം, വര്‍ഷം കൂടുമ്പോള്‍ ഏകോദ്ദീഷ്ടം എന്ന ആണ്ടുബലി, വായുബലി തുടങ്ങിയ നിരവധി കര്‍മ്മങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദുവിന്‍റെ ശാസ്ത്രീയമായ അപരക്രിയാ പദ്ധതി. സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം അഥവാ ആത്മാവ് പത്ത് ദിവസം ബന്ധുക്കള്‍ നല്‍കുന്ന പിേണ്ഡാദകങ്ങള്‍ ഏറ്റുവാങ്ങി ഭോഗദേഹമാകുന്നു. ഓരോ ദിവസത്തെയും പിണ്ഡം നല്‍കുന്നത് സൂക്ഷ്മശരീരത്തിന്‍റെ ഓരോ അംഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. പതിനൊന്നും, പന്ത്രണ്ടും ദിവസങ്ങളില്‍ ഏകോദിഷ്ടരീതിയില്‍ ശ്രാദ്ധം നടത്തണം.

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ പുത്രന്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ഭയന്നവരെയും കരച്ചിലടക്കാന്‍ കഴിയാത്തവരെയും കുട്ടികളെയും കൊണ്ട് അത് ചെയ്യിക്കരുത് എന്നാണ് അഭിജ്ഞാനമതം. മരണംമൂലം ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അശുദ്ധി (പുല) പത്ത് ദിവസമാണുള്ളത്. (പുല ആചരിക്കാന്‍ ഓരോ ജാതികാര്‍ക്കും പുല ദിവസങ്ങളില്‍ കാലദേശങ്ങള്‍ക്കനുസരിച്ച് (നാട്ടാചാരങ്ങള്‍ക്കനുസരിച്ച്) വ്യതാസം ഉണ്ടായിരിക്കും.)

പിതൃകര്‍മ്മങ്ങളില്‍ പിണ്ഡം തുടങ്ങിയവ വലത് കൈകൊണ്ടു നല്‍കുമ്പോള്‍ ഇടതുകൈകൊണ്ടു വലതുകൈയില്‍ തൊടേണ്ടതാണ്. ബലിച്ചോറ് പാകം ചെയ്യുന്നതിന് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പിതൃക്കളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന പക്ഷികളാണ് ബലിക്കാക്കകള്‍. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തില്‍ പിതൃക്കള്‍ ബലിച്ചോറുണ്ണാന്‍ വന്നേക്കുമെന്നും അതിനാല്‍ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും ഉശനസ്മൃതിയില്‍ പറയുന്നുണ്ട്. കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. ബലിച്ചോറ് കാക്കകള്‍ക്ക് കൊടുക്കുകയോ ജലാംശത്തില്‍ ഇടുകയോ ചെയ്യാം. ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വംശവൃദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബസൗഖ്യം എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ ആവശ്യമാണ്‌. അതിനാല്‍ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

രോഗം മുതലായ അനിഷ്ടങ്ങള്‍ എപ്പോള്‍ സംഭവിക്കും


ലഗ്നാദ്യാവതി ഭേ പാപസ്താവത്യബ്ദേƒഹ്നി മാസി വാ
പക്ഷേ ക്ഷണേƒയനേ വര്‍ത്തൗ ലഗ്നേശസ്യോദിതേ വ്യഥാ.

സാരം :-

രോഗം മുതലായ അനിഷ്ടങ്ങള്‍ എപ്പോള്‍ സംഭവിക്കുമെന്നുള്ളതിനെയാണ് ഇവിടെ പറയുന്നത്. അനിഷ്ടഫല ദാതാവായ പാപന്‍ ലഗ്നരാശിയില്‍ നിന്ന് എത്രാമത്തെ രാശിയില്‍ പോയി നില്‍ക്കുന്നുവോ ലഗ്നാധിപനായ ഗ്രഹത്തിന്‍റെ അയനാദിയായ കാലത്തെ മേല്‍പറഞ്ഞ സംഖ്യകൊണ്ട് പെരുക്കുമ്പോള്‍ ഏതൊരു കാലം സിദ്ധിക്കുമോ ആ കാലത്താണ് ലഗ്നത്തിന് രോഗദുരിതാദികള്‍ സംഭവിക്കുന്നതെന്ന് പറയണം. 

ശത്രുജയം സംഭവിക്കുന്നത് എപ്പോള്‍?

ലഗ്നേ യാവാനുദേത്യംശസ്തല്‍ സംഖ്യാഘ്നോƒയനാദികഃ
കാലോ വാച്യോƒംശകേശസ്യ കാര്യോ വൈരിജയാദികേ.

സാരം :-

ലഗ്നസ്ഫുടത്തില്‍ എത്ര അംശകം തികഞ്ഞുവോ ആ സംഖ്യയെ ലഗ്നത്തിന്‍റെ അംശകാധിപന്‍റെ അയനം മുതലായ കാലം കൊണ്ട് പെരുക്കിയാല്‍ കിട്ടുന്ന കാലത്തെ ശത്രുജയം മുതലായവയുടെ പ്രാപ്തിക്കു അവസരമെന്ന് ചിന്തിച്ചു പറയണം. 

ഭാവലാഭം സിദ്ധിക്കുമെന്നോ അഥവാ നശിക്കുമെന്നോ പറഞ്ഞത്...


ഫലാപ്തിഃ കഥ്യതേ യേന തസ്യ കാലോƒയനാദികഃ
തല്‍ഭുക്താംശക സംഖ്യാഘ്നസ്തല്‍സിദ്ധൗ സമുദീര്യതാം.

സാരം :-

ഭാവലാഭം സിദ്ധിക്കുമെന്നോ അഥവാ നശിക്കുമെന്നോ പറഞ്ഞത് ഏതൊരു ഗ്രഹത്തെ ആസ്പദമാക്കിയാണോ ആ ഗ്രഹത്തിന്‍റെ "അയനക്ഷണവാസരര്‍ത്തവോ" എന്ന വചനപ്രകാരമുള്ള കാലത്തെ ആ ഗ്രഹം ഭുജിച്ചിട്ടുള്ള അംശക സംഖ്യകൊണ്ട് പെരുക്കിയാല്‍ കാലം എത്രമാത്രം കിട്ടുമോ അത്രയും കാലം വേണ്ടിവരും മേല്‍പറഞ്ഞ ഭാവത്തിന്‍റെ ലാഭനാശങ്ങള്‍ക്ക് എന്നറിഞ്ഞ് വഴിപോലെ പറയേണ്ടതാണ്.

അതായത് വ്യാഴത്തെകൊണ്ട് ഒരു ധനലാഭയോഗം പറഞ്ഞു എന്ന് വിചാരിക്കുക. ആ വ്യാഴത്തിന് അഞ്ചംശകം തികഞ്ഞിട്ടുണ്ടെന്ന് കരുതുക. അപ്പോള്‍ വ്യാഴത്തിന് അയനാദി ക്രമേണ സിദ്ധിക്കുന്ന കാലം ഒരുമാസമാണല്ലോ. ഇതിനെ അംശകസംഖ്യയായ അഞ്ചു കൊണ്ട് പെരുക്കുമ്പോള്‍ അഞ്ചു മാസമാകും. ഈ കാലമാണ് മേല്‍പറഞ്ഞ ധനലാഭത്തിന്‍റെ അവസരമെന്നറിയണം. ഇങ്ങിനെ മറ്റു സ്ഥലങ്ങളിലും വിചാരിച്ചുകൊള്ളുക.

ധൂമാദി പഞ്ചദോഷങ്ങള്‍ 1 മുതല്‍ 12 ഭാവങ്ങളില്‍ നിന്നാലുള്ള ഫലങ്ങള്‍

കൂപേ സ്യാല്‍ പതനം തനൗ യദി വചസ്ഖാലിത്യമര്‍ത്ഥസ്ഥിതഃ
പംഗുര്‍ഭ്രാതരി സാദസ്സുരഗൃഹം രക്ഷേല്‍ സുഖേ മാതുലഃ
ക്രൂദ്ധഃ പഞ്ചമഭേƒരിഭേ ഖലു ഭവേദ്വാഘ്രേണ ദഷ്ടോമുഖേ
യാതി ഭ്രഷ്ടതയാ മദേ തു നിധനേ ധൂമേ ക്ഷതിഃ ശാസ്ത്രതഃ

സാരം :-

ധൂമം ലഗ്നത്തില്‍ നിന്നാല്‍ പ്രഷ്ടാവ് കിണറ്റില്‍ വീഴാന്‍ ഇടവരും.

രണ്ടാം ഭാവത്തില്‍  ധൂമം നിന്നാല്‍ വാക്കിനു കൊഞ്ഞയുണ്ടാകും.

മൂന്നാം ഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവിന്‍റെ അനുജന്‍ മുടന്തനായിരിക്കും.

നാലാം ഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവിന്‍റെ അമ്മാവന്‍ ദേവസ്വം കാര്യക്കാരനായിരിക്കും.

അഞ്ചാംഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവ് കോപശീലനായിരിക്കും.

ആറാം ഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവിന്‍റെ മുഖത്തില്‍ വ്യാഘ്രം കടിക്കുന്നതായിരിക്കും. ജാതകാല്‍ ഈ യോഗമുള്ളവരെ പട്ടികടിച്ചതായും അനുഭവമുണ്ട്.

ഏഴാം ഭാവത്തില്‍ ധൂമം നിന്നാല്‍ ജാതിഹീനത പറഞ്ഞുതള്ളുക നിമിത്തമോ മറ്റോ വീടുവിട്ടു പോകാനിടവരും.

എട്ടാം ഭാവത്തില്‍ ധൂമം നിന്നാല്‍ ആയുധാദികളില്‍ നിന്നും മുറിവോ മറ്റോ സംഭവിക്കും.

*****************

ധര്‍മ്മേ സ്വല്പതപാഃ ഖഭേƒശനിഹതിര്‍ല്ലാഭേ ലഭേതേതര-
ദ്വേശ്മാപി പ്രവസേദ്വയയേƒഥതനുഗഃ സ്യാച്ചേദ്വയതീപാതകഃ
ശ്വിത്രി വാചി സകൗശലഃ സഹജഭേ ഗാനീ സുഖേƒശ്വാഗമോ
ദുഃഖം പുത്രഭവം സുതേƒരിഭവനേ ഛിദ്രാവഹോƒസ്തേƒധനഃ

 സാരം :-

ധൂമം ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ തപസ്സ് മുതലായ നിഷ്ഠകള്‍ കുറഞ്ഞിരിക്കും.

പത്താം ഭാവത്തില്‍ ധൂമം നിന്നാല്‍ ഇടിത്തീയേറ്റ് മരിക്കും.

പതിനൊന്നാം ഭാവത്തില്‍ ധൂമം നിന്നാല്‍ സ്വന്തഗൃഹമല്ലാതെ മറ്റൊരു ഗൃഹംകൂടി സിദ്ധിക്കും.

പന്ത്രണ്ടാം ഭാവത്തില്‍ ധൂമം നിന്നാല്‍ നാടുവിട്ടു പോകുന്നതിനിടവരും.

ഇങ്ങിനെ ധൂമത്തിന്‍റെ ഫലം പറഞ്ഞുകഴിഞ്ഞു.

വ്യതീപാതദോഷത്തിന്‍റെ ഫലം താഴെ പറയുന്നു

വ്യതീപാതം ലഗ്നത്തില്‍ നിന്നാല്‍ ശ്വിത്രരോഗത്തെ പറയണം.

രണ്ടാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ വാക്സാമര്‍ത്ഥ്യം ഉണ്ടായിരിക്കും.

മൂന്നാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ സംഗീതവിദ്യ ഉണ്ടായിരിക്കും.

നാലാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ കുതിരയുടെ ലാഭത്തെ ഉണ്ടായിരിക്കും (വാഹനലാഭം ഉണ്ടായിരിക്കും).

അഞ്ചാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ പുത്രന്മാര്‍ നിമിത്തം ദുഃഖം അനുഭവിക്കും.

ആറാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ ഗൃഹച്ഛിദ്രത്തിനു കാരണഭൂതനായി തീരും.

ഏഴാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ ദരിദ്രനായിരിക്കും.

************

വേത്താ സര്‍വ്വകലാ മൃതൗ തപസി ഭാഗ്യോനോ നഭസ്യഗ്നിഭിര്‍-
ല്ലാഭേ ഭൂപതി സല്‍കൃതോ വ്യയഗൃഹേ ഭ്രഷ്ടോƒഥ സര്‍പ്പാന്‍മൃതിഃ
ലഗ്നസ്േഥ പരിവേഷനാമ്നി നിധികൃല്‍ സ്വേഭ്രാന്തിമാന്‍ സോദരേ
വാസോ നാത്മഗൃഹേ സുഖേ മനസി ബദ്ധോƒന്തസ്ഥചോരോരിപൗ.

സാരം :-

എട്ടാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ പ്രഷ്ടാവു കലാവിദ്യകളില്‍ അറിവുള്ളവനായിരിക്കും.

ഒന്‍പതാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ ഭാഗ്യഹീനനായി ഭവിക്കും.

പത്താം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ അഗ്നിഭയമുണ്ടാകും.

പതിനൊന്നാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ രാജസമ്മാനം ലഭിക്കും.

പന്ത്രണ്ടാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ സ്ഥാനതാഴ്ച മുതലായ ഭ്രംശത സംഭവിക്കും.

ഇങ്ങനെ വ്യതീപാതദോഷം കഴിഞ്ഞു.

പരിവേഷഫലം താഴെ പറയുന്നു.

പരിവേഷം ലഗ്നത്തില്‍ നിന്നാല്‍ സര്‍പ്പം കടിക്കുകനിമിത്തം പ്രഷ്ടാവ് മരിക്കും.

രണ്ടാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ധനം കുഴിച്ചുവച്ച് സൂക്ഷിക്കും.

മൂന്നാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ പ്രഷ്ടാവിന് ഭ്രാന്ത് വരും.

നാലാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ തന്‍റെ ഗൃഹത്തില്‍ താമസിക്കയില്ല.

അഞ്ചാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ജയിലില്‍ കിടപ്പാനിടവരും.

ആറാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ അന്തര്‍ ഭാഗത്തിലുള്ള ദ്രവ്യങ്ങളെ ചോരണം ചെയ്യും.

************

കാണോƒസ്തേ ക്ഷതിരായുധേന നിധനേ ഗുര്‍വ്വാദ്യഭക്തോ ഗുരൗ
ഹൃൗദാര്യം ദശമേ ഭവേതു ജള വാഗ്ദീര്‍ഘാമയോദ്വാദശേ
വാതവ്യാദ്ധ്യവശീകൃതാഖില തനുര്‍വൃത്രാരിചാപോദയേ
ബാധിര്യം വചസീ ദ്വിജന്മവധപൂര്‍വ്വാകൃത്യകൃദ്വിക്രമേ.

സാരം :-

ഏഴാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ഒരു കണ്ണിന് കാഴ്ചയില്ലാതെ വരും.

എട്ടാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ആയുധം കൊണ്ട് ശരീരത്തില്‍ മുറിവുണ്ടാകും.

ഒന്‍പതാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ഗുരുക്കന്മാര്‍ മുതലായ പൂജ്യന്മാരില്‍ ഭക്തിയില്ലാതെവരും.

പത്താം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ദാനശീലനായിത്തീരും.

പതിനൊന്നാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ സംസാരിക്കുന്നതിന് സാമര്‍ത്ഥ്യം കാണുകയില്ല.

പന്ത്രണ്ടാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ വളരെ കാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളുണ്ടായിരിക്കും.

ഇങ്ങിനെ പരിവേഷഫലം കഴിഞ്ഞു.

ഇന്ദ്രചാപഫലം താഴെ പറയുന്നു.

ഇന്ദ്രചാപം ലഗ്നത്തില്‍ നിന്നാല്‍ വാതരോഗം നിമിത്തം ഒരവയവങ്ങള്‍ക്കും സ്വാധീനമില്ലാതെ സര്‍വ്വാംഗവും സ്തംഭിച്ചു പോകും.

രണ്ടാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ചെവികേള്‍ക്കാന്‍ നിവൃത്തിയില്ലാതെവരും.

മൂന്നാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ബ്രാഹ്മണഹിംസ തുടങ്ങിയ നിന്ദ്യകര്‍മ്മങ്ങള്‍ ചെയ്യും.

*************

വേശ്മസ്േഥ ഗണരക്ഷ്യഹാ മനസിവാഗ്ഭീമന്ത്രവാദാവുഭൗ
ഷഷ്േഠ ശത്രുഭയം മദേ അംഗവികലോ ഭാര്യാനുഭൂതിശ്ച നോ
ബദ്ധോ ഭൂരിതരാശയാ പ്രകടയന്‍ ജാള്യം ചരേദഷ്ടമേ
ബന്ധാദ്വാത്മജതോ മൃതിസ്തപസി ഖേ സ്വല്പാംബരശ്ശിഘ്രഭൂക്.


സാരം :-

നാലാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ സമുദായംവക ധനത്തെ നശിപ്പിക്കും.

അഞ്ചാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ഭയജനകങ്ങളായ വചനങ്ങളും മന്ത്രവാദവിദ്യയും ഉണ്ടാകും.

ആറാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ശത്രുക്കളില്‍ നിന്ന് ഭയപ്പെടാനിടവരും.

ഏഴാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ കരചരണാദികളായ അവയവങ്ങള്‍ക്ക് കേടു സംഭവിക്കും, ഭാര്യയും ഉണ്ടാകയില്ല.

എട്ടാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ പലവിധമുള്ള ആഗ്രഹം നിമിത്തം ഓരോന്നിനെ പ്രകടിപ്പിച്ചുകൊണ്ട് അങ്ങുമിങ്ങും സഞ്ചരിക്കും.

ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ ബന്ധനത്തില്‍ കിടന്നോ പുത്രന്‍റെ ദുഷ്കര്‍മ്മാദികള്‍ ഹേതുവായിട്ടോ മരിക്കാനിടവരും.

പത്താം ഭാവത്തില്‍ നിന്നാല്‍ ഉടുക്കുന്നതിനും വസ്ത്രം ഒരിക്കലും തൃപ്തികരമായി ലഭിക്കുകയില്ല. ക്ഷണനേരം കൊണ്ട് ഊണ് കഴിക്കുകയും ചെയ്യും.

************

ലാഭേ ഭൂരിപരാക്രമശ്ച മൃഗയാസക്തോ വ്യയേ പ്രോഷണം
കോപാദ്ഭൂമിപതേരേഥാദയഗതേ കേതൗ വികേശോƒഗതഃ
ദൗര്‍ബല്യം ഗിരിസാനുനാസികവചോ വാഗ്ഭീശ്ച സോത്േഥദ്വയം
വേശ്മസ്േഥ സുരഭിസദാ ഹൃദിനരഃ ശൂലി വധൂര്യുഗ്മസ്ത്രഃ

സാരം :-

പതിനൊന്നാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ വളരെ പരാക്രമശാലിയായും നായാട്ടു ചെയ്യുന്നതില്‍ ഉത്സാഹമുള്ളവനായും തീരും.

പന്ത്രണ്ടാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ രാജശിക്ഷഹേതുവായിട്ടോ മറ്റോ സ്വദേശം വിട്ടുപോകാനിടവരും.

ഇങ്ങിനെ ഇന്ദ്രചാപഫലം കഴിഞ്ഞു.

കേതു ദോഷഫലം താഴെ പറയുന്നു.

കേതു എന്ന ദോഷം ലഗ്നത്തില്‍ നിന്നാല്‍ ശിരസ്സിന്‍റെ മുന്‍വശത്ത്‌ തലമുടിയില്ലാതെ വരും.

രണ്ടാം ഭാവത്തില്‍ കേതു ദോഷം നിന്നാല്‍ ശരീരത്തിന് ബലഹാനിയും സംസാരത്തിന് മൂക്കിന്‍റെ സഹായംകൂടി വരികയാല്‍ ഒരുതരം കിണുങ്ങലുണ്ടായിരിക്കും.

മൂന്നാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ മേല്‍പറഞ്ഞവണ്ണം സംസാരിക്കുന്നതിന് വൈകല്യവും മറ്റുള്ളവരുടെ വാക്ക് കേള്‍ക്കുമ്പോള്‍ ഭയപ്പാടും ഉണ്ടാകും.

നാലാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ ചന്ദനം പനിനീര്‍ മുതലായ ലേപനവസ്തുക്കളെക്കൊണ്ട് മറ്റും എപ്പോഴും സൗരഭ്യമുള്ളവനായി ഭവിക്കും.

അഞ്ചാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ പ്രഷ്ടാവ് പുരുഷനാണെങ്കില്‍ ശൂലരോഗത്തെയും സ്ത്രീയാണെങ്കില്‍ ഇരട്ട പ്രസവിക്കുമെന്നും പറയണം.

**************

അന്ധോ രുദ്ധമരുന്‍മ്രിയേത പരഗേഹേƒരൗ മദേ മോഷണാ-
ദ്രന്ധ്രസ്േഥ വിഷഭോജനാത്തപസി വിക്രാന്തശ്ച ദുര്‍മൃത്യുഭാക്
വൃക്ഷേണാദിഹതോ നിപത്യതരുതോ വാ ഖേ മൃതിംപ്രാപ്നുയാ-
ദായേ ശേവധിഭാഗ് വ്യയേ ശയനസൗഖ്യാഭാവദുഃഖവ്യയാ.- ഇതി

സാരം :-

ആറാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ കണ്ണുകാണാതെ വന്ന് കാസം മുതലായ രോഗങ്ങളാല്‍ ശ്വാസം തടഞ്ഞ് അന്യന്മാരുടെ വീട്ടില്‍ വച്ച് മരിക്കാനിടവരും.

ഏഴാം ഭാവത്തിക് കേതുദോഷം നിന്നാല്‍ മോഷണസ്ഥലത്ത് വച്ചോ മോഷണം ഹേതുവായിട്ടുള്ള ഉപദ്രവം കൊണ്ടോ മറ്റോ മരിക്കാനിടവരും.

എട്ടാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ വിഷഭക്ഷണത്താല്‍ മരിക്കും.

ഒന്‍പതാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ വളരെ പരാക്രമം ഉള്ളവനായിരിക്കുമെങ്കിലും അവസാനം ദുര്‍മരണം സംഭവിക്കും.

പത്താം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ വൃഷത്തില്‍ നിന്ന് വീണിട്ടോ ഇവന്‍റെ ശരീരത്തില്‍ വൃക്ഷം വീണിട്ടോ മരണത്തിനിടവരും.

പതിനൊന്നാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ ഇരിപ്പുധനം കിട്ടി അനുഭവിക്കുന്നതിനിടവരും.

പന്ത്രണ്ടാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ ശയന സുഖമുണ്ടാകയില്ല. ദുഖങ്ങളും ധനവ്യയങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ഇങ്ങിനെ ധൂമാദി പഞ്ച ദോഷങ്ങളുടെ ഫലങ്ങള്‍ പറഞ്ഞുകഴിഞ്ഞു.

മേല്‍പറഞ്ഞ ധൂമാദി പഞ്ച ദോഷഫലങ്ങള്‍ ജാതകവശാലും പ്രശ്നവശാലും പറയേണ്ടതാണ്. 

പഞ്ചഭൂതങ്ങളേവ?


ആദ്ധ്യാത്മിക ജ്ഞാനമുള്ളവര്‍ക്കെല്ലാം പരിചിതമായ സംജ്ഞയാണ് പഞ്ചഭൂതങ്ങള്‍. ആകാശം, വായു, അഗ്നി, ജലം, ഭൂമി, എന്നിവയാണ് പഞ്ചഭൂതങ്ങള്‍. സൃഷ്ടിയെ മുഴുവനും വിഘടനം ചെയ്‌താല്‍ നാം എത്തിച്ചേരുന്ന അഞ്ച് മൗലികകണങ്ങളാണ് ഇവ. അതായത് പ്രപഞ്ചത്തിന്‍റെ ആകൃതി നമുക്ക് തരുന്ന ഏറ്റവും സ്ഥൂലമായ അറിവിനെ " ഭൂമി " യെന്നും അതിന് തത്തുല്യമായും വ്യാപകമായും കിടക്കുന്ന തത്ത്വത്തിനെ "ജലമെന്നും" വിളിക്കുന്നു. സ്ഥൂലസൂക്ഷ്മരൂപങ്ങളില്‍ സ്ഥിതിചെയ്യുന്നതും എല്ലാ ദ്രവ്യങ്ങളിലും സൂക്ഷ്മമായി വിരാചിക്കുന്നതുമാണ് "അഗ്നി". രണ്ട് വസ്തുക്കള്‍ തമ്മിലുള്ള ഇടഭാഗത്തെ "ആകാശമെന്ന്" പറയുന്നു. " വായുവാകട്ടെ" സ്ഥൂലമാണെങ്കിലും സൂക്ഷ്മതയാണ് കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത്.

സൃഷ്ടിയില്‍ കാണുന്ന പഞ്ചഭൂതങ്ങളൊക്കെ അവ്യക്തമായിരിക്കുന്ന അവസ്ഥയെ മൂലപ്രകൃതി എന്ന് പറയുന്നു. ഈ മൂലപ്രകൃതിയില്‍ നിന്നും സൃഷ്ടിക്കുവേണ്ടി സംയുക്തചേതനാപദാര്‍ത്ഥവും അതില്‍ നിന്ന് അഹങ്കാരത്തിന്‍റെ കണങ്ങളും ഉണ്ടായി. ഈ അഹങ്കാരകണങ്ങളില്‍ ഏറ്റവും ജഡതയുള്ള താമസിക അഹങ്കാരത്തില്‍ നിന്നും പഞ്ചഭൂതങ്ങളില്‍ പ്രഥമമായ ആകാശം ഉത്ഭവിച്ചു. ആകാശം കുറച്ചുകൂടി ഘനീഭവിച്ച് വായുവും, വായു ഘനീഭവിച്ച് അഗ്നിയായും, അഗ്നി ഘനീഭവിച്ച് ഭൂമിയായി തീര്‍ന്നു. ഈ ഘനീഭവിച്ച കണങ്ങളില്‍ നിന്ന് ആകാശത്തിന്‍റെ ഗുണമായ ശബ്ദവും, വായുവിന്‍റെ ഗുണമായ സ്പര്‍ശവും, അഗ്നിയുടെ ഗുണമായ രൂപവും, ജലത്തിന്‍റെ ഗുണമായ രുചിയും, ഭൂമിയുടെ ഗുണമായ ഗന്ധവും ശേഖരിച്ച് ശരീരവും ഇന്ദ്രിയങ്ങളും പ്രാണനും അന്തഃകാരണങ്ങളും ബോധവും പ്രജ്ഞയുമൊക്കെ പ്രകൃതി രൂപപ്പെടുത്തിയെടുത്തു.

പഞ്ചഭൂതങ്ങളുടെ ചിഹ്നങ്ങളില്‍ ഭൂമിക്ക് ചതുരാകൃതിയാണ് നല്‍കിയിരിക്കുന്നത്.

ജലത്തെ വൃത്തം കൊണ്ടാണ് സൂചിപ്പിക്കുന്നസത്. ത്രികോണം കൊണ്ടാണ് അഗ്നിയെ സൂചിപ്പിക്കുന്നത്. വായുവിന്‍റെ ചിഹ്നം നേര്‍ത്ത ചന്ദ്രകലയാണ്‌. ചന്ദ്രകലയുടെ ആകൃതി ചലനാത്മകതയേയും നേര്‍മ്മയേയും കുറിക്കുന്നു. ആകാശത്തെ സൂചിപ്പിക്കുന്നത് ബിന്ദുകൊണ്ടാണ്.

പഞ്ചഭൂതാത്മകമായ ദേഹംകൊണ്ട പഞ്ചഭൗതികാതീതനായ ഈശ്വരശക്തിയെ ആരാധിക്കുന്ന രീതിയെ "പഞ്ചോപചാരം" എന്ന് വിളിക്കുന്നു. ആകാശത്തിന്‍റെ പ്രതീകമായി പുഷ്പം, വായുവിന്‍റെ പ്രതീകമായി ധൂമം, അഗ്നിയുടെ പ്രതീകമായി ദീപം, ജലത്തിന്‍റെ പ്രതീകമായി നൈവേദ്യം, ഭൂമിയുടെ പ്രതീകമായി ഗന്ധം ഇവയാണ് പഞ്ചോപചാരം.

ഗുരുശിഷ്യന്‍ ലക്ഷണങ്ങള്‍ എന്തൊകെ?


മന്ത്രം ഉപദേശിച്ചതുകൊണ്ടുമാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രിയവിജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്‍റെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ കഴിവുള്ളവനും ശിഷ്യനില്‍ വാത്സല്യമുള്ളവനും ശാന്തചിത്തനും വൈദികക്രിയകളില്‍ സമര്‍ത്ഥനും മന്ത്രസിദ്ധി നേടിയവനും നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവനും അരോഗിയും സ്വസ്ഥാനത്തുതന്നെ വസിക്കുന്നവനുമായിരിക്കണം ഗുരു.  

അതുപോലെ ശിഷ്യനും ചില ഗുണങ്ങള്‍ വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഗുരുഭക്തി തന്നെ അതില്‍ ഏറ്റവും മുഖ്യം. ഗുരു ഈശ്വരന്‍ തന്നെയാണെന്നും ഗുരുവിന്‍റെ ഉപദേശം വേദവാക്യം പോലെയാണെന്നും ഗുരുകടാക്ഷം കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും ഉള്ള പൂര്‍ണ്ണവിശ്വാസം മന്ത്രോപാസനയുടെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്. അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളില്‍ ഭക്തി ആദിയായവയും ശിഷ്യനില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.

ദീക്ഷാദാനങ്ങളും വിവിധ തരത്തിലുണ്ട്. മന്ത്രീദീക്ഷ, ശാക്തീദീക്ഷ, ശാംഭവീദീക്ഷ എന്നിങ്ങനെ ദീക്ഷ മൂന്നു പ്രകാരമാണ്. 

ഇതില്‍ മന്ത്രീദീക്ഷയില്‍ ഗുരു വിധിപ്രകാരം ശിഷ്യന് മന്ത്രം ഉപദേശിക്കുന്നു. അപ്പോള്‍ തന്‍റെ താപഃശക്തിയുടെ ഒരംശവും ഗുരു ശിഷ്യന് പകര്‍ന്നു നല്‍കുന്നുണ്ട്. തുടര്‍ന്ന് ഏകാഗ്രമായ ജപസാധനകളിലൂടെ ആ തപഃശക്തിയെ ശിഷ്യന്‍ പരിപുഷ്ടമാക്കണം. 

ശാക്തീദീക്ഷയില്‍ ഗുരു കാരുണ്യപൂര്‍വ്വം തന്‍റെ തപശക്തി മുഴുവന്‍ ശിഷ്യന് നല്‍കുന്നു. അതിനാല്‍ ശിഷ്യന് പ്രയത്നങ്ങളോന്നുമില്ലാതെ തന്നെ മന്ത്രം സിദ്ധമാവുന്നു. 

ശാംഭവദീക്ഷയില്‍ ഗുരു തന്‍റെ സകല ശക്തികളും സിദ്ധികളും പൂര്‍ണ്ണമായും ശിഷ്യന് നല്‍കുന്നു. പിന്നീട്, ശിഷ്യന് യാതൊരു സാധനാനുഷ്ഠാനങ്ങളും  ആവശ്യമില്ല. ഇവിടെ അന്ന് മുതല്‍ ശിഷ്യന്‍ ചെയ്യുന്ന പുണ്യപാപങ്ങളുടെയെല്ലാം ഫലം കൂടി എത്തിച്ചേരുന്നത് ഗുരുവിലാണ്. അത്രമേല്‍ അര്‍ഹതയും ഗുരുകാരുണ്യവുമുള്ളവര്‍ക്കേ ശാംഭവദീക്ഷ ലഭിക്കുകയുള്ളൂ.

പുലയുള്ളവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ?


എഴുന്നേറ്റു ചെന്ന് ഒരാളെ എതിരേല്‍ക്കുക, അഭിവാദനം ചെയ്യുക, ആശീര്‍വദിക്കുക, ദേവപൂജ, ജപം, ഹോമം, സന്ധ്യാവന്ദനം, വിപ്രഭോജനം, വ്രതാചരണം ഇവ നടത്തുക, കട്ടിലില്‍ കിടന്ന് ഉറങ്ങുക, ആലിംഗനം ചെയ്യുക എന്നിവയൊന്നും പുലയുള്ളവര്‍ ചെയ്യരുത്. വ്രതം തുടങ്ങിയവ അനുഷ്ഠിച്ചാല്‍ മുമ്പ് ചെയ്തിട്ടുള്ള കര്‍മ്മഫലങ്ങളുടെ ഫലം നഷ്ടപ്പെടും. മരണം സംഭവിച്ച വീട്ടില്‍ മരണത്തിന് മുമ്പ് തയ്യാറാക്കിയ ഭക്ഷണം ഭക്ഷിക്കാം. ഇക്കാലത്ത് ദാനം കൊടുക്കുന്നതും, പുലയുണ്ടെന്നറിഞ്ഞ് ദാനം വാങ്ങുന്നതും ദോഷമാണ്. അതുപോലെതന്നെ ബ്രാഹ്മണഭോജനവും മത്സ്യം, മാംസം, മദ്യം എന്നിവയുടെ ഉപയോഗവും മൈഥുനവും പുലയുള്ള കാലങ്ങളില്‍ നിഷിദ്ധമാണ്. പുലയുള്ളപ്പോള്‍ പിതൃക്രിയകള്‍ ചെയ്യുന്നത് ഈറന്‍ വസ്ത്രം ധരിച്ചുകൊണ്ടാണ്. അശുദ്ധികാലം തീര്‍ന്നതിനുശേഷം അലക്കി ശുദ്ധമാക്കിയ വസ്ത്രം ധരിച്ചുകൊണ്ടുവേണം ഇവ നിര്‍വഹിക്കാന്‍.

നാമജപത്തിന്‍റെ ഫലമെന്ത്?


പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു. ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും. എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.

ധൂമാദികള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?


നാനാലോകവിദന്വിതോ ദിനകരോ ധൂമാഹ്വയോ മണ്ഡലാല്‍
ശുദ്ധേƒസ്മിന്‍ വ്യതിപാതകോƒത്ര ഭഗണാര്‍ദ്ധാേഢ്യ പരീവേഷകഃ
തസ്മിന്‍ മണ്ഡലശോധിതേ ഖലു ഭവേദൈന്ദ്രം ധനുസ്തത്ര തു
ജ്ഞാനൗല്‍സുക്യയുതേതു കേതുരുദിതാ തത്രൈകഭാേഢ്യാ രവി.


സാരം :-

ആദിത്യസ്ഫുടം വച്ച് നാനാലോകവില്‍, എന്ന് കൂട്ടുമ്പോള്‍ ധൂമസ്ഫുടം വരും. ആ സ്ഫുടത്തെ പന്ത്രണ്ട് രാശിവച്ച് അതില്‍ നിന്ന് വാങ്ങുമ്പോള്‍ വ്യതിപാതസ്ഫുടം വരും. അതില്‍ ആറു രാശി കൂടുമ്പോള്‍ പരിവേഷസ്ഫുടം വരും. അതിനെ പന്ത്രണ്ട് രാശിവച്ച് അതില്‍ നിന്ന് വാങ്ങുമ്പോള്‍ ഇന്ദ്രചാപസ്ഫുടം വരും. അതില്‍ ജ്ഞാനൗല്‍സുക്യം എന്ന് കൂട്ടുമ്പോള്‍ കേതുസ്ഫുടം വരും. കേതുസ്ഫുടത്തില്‍ ഒരു രാശികൂട്ടിയാല്‍ ആദ്യം വച്ച ആദിത്യസ്ഫുടമായി തീരുകയും ചെയ്യും.

നാമജപം എന്തിനു വേണ്ടി


കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്നു. സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. സത്യയുഗത്തില്‍ "ധ്യാനം" ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ "യാഗവും", ദ്വാപരയുഗത്തില്‍ "പൂജയും" പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായിരുന്നു. കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി  നിര്‍ദ്ദേശിയ്ക്കപ്പെടുന്നത്. കലിയുഗത്തിന്‍റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്‍റെ നാമം ജപിയ്ക്കുകയാണ് വേണ്ടതെന്ന് ബ്രഹ്മാവ്‌ ഉപദേശിച്ചു.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഇതാണ് ആ മന്ത്രം. ഈ പതിനാറ് നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ "സാലോക്യമോക്ഷം" എന്ന് പറയുന്നു. ഭഗവാന്‍റെ സമീപത്തുതന്നെ എത്തിചേരുന്നതാണ് "സാമീപ്യമോക്ഷം". ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് "സായൂജ്യമോക്ഷം". ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നമജപം കൊണ്ട് സിദ്ധിക്കുന്നു. മുന്‍ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ ഗ്രഹപ്പിഴകളും ഒഴിവാകും.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതിനാല്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

ധൂമാദികള്‍ ഏവ?


ധൂമാദി പഞ്ചദോഷാണാം വിലഗ്നാദിഷു സംസ്ഥിതൗ
ഫലം യല്‍ ലിഖ്യതേ തച്ച സമം പ്രശ്നേ ച ജാതകേ

സാരം :-

ധൂമം, വ്യതിപാതം, പരിവേഷം, ഇന്ദ്രചാപം, കേതു ഈ അഞ്ച് സാധനങ്ങളെയാണ് ധൂമാദികള്‍ എന്ന് പറഞ്ഞത്. ഇതുക്കള്‍ ലഗ്നം മുതലായ പന്ത്രണ്ട് ഭാവങ്ങളില്‍ നിന്നാലുണ്ടാകുന്ന ഫലവും ഇവിടെ പറയുന്നതാണ്. ഇതു പ്രശ്നത്തിലേയ്ക്കും ജാതകത്തിലേക്കും ഒന്നുപോലെ ഉപയോഗിക്കാവുന്നതാണ്. 

ലഗ്നാദികളായ ഭാവങ്ങളില്‍ വ്യാഴം മുതലായ ശുഭഗ്രഹങ്ങള്‍ നിന്നാല്‍



ലഗ്നാദിഗതാ വപുരദ്യുപചയഹാനീഃ  ശുഭാശുഭാഃ കുര്യുഃ
വിപരീതം ഷഷ്ടമൃതിദ്വാദശഗാഃ കഥിതമിതി ഹി സത്യേന

സാരം :-

ലഗ്നാദികളായ ഭാവങ്ങളില്‍ വ്യാഴം മുതലായ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ശരീരം ധനം മുതലായ ഭാവപദാര്‍ത്ഥങ്ങള്‍ക്ക് അഭിവൃദ്ധിയേയും പാപഗ്രഹങ്ങള്‍ നിന്നാല്‍ നാശത്തെയും പറയണം. 

ആറാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ആ ഭാവപദാര്‍ത്ഥങ്ങളായ രോഗം ശത്രു മുതലായവയ്ക്ക് നാശവും പാപഗ്രഹങ്ങള്‍ നിന്നാല്‍ അവയ്ക്ക് അഭിവൃദ്ധിയും പറയണം.

ഇതുപോലെ അഷ്ടമത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ആയുസ്സ് മുതലായ ഭാവഫലങ്ങള്‍ക്ക് ഹാനിയും ശുഭഗ്രഹങ്ങള്‍ നിന്നാല്‍ വൃദ്ധിയും പറയണം. 

പന്ത്രണ്ടില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ദുര്‍വ്യയം മുതലായ ഭാവഫലങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടെന്നും ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ദുര്‍വ്യയാദികള്‍ ഉണ്ടാകുകയിലെന്നും പറയണം.

ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളില്‍ ഗുളികന്‍ നിന്നാലുള്ള ഫലങ്ങള്‍


രോഗീ ക്ഷതാംഗോ ഗുളികേ തനുസ്േഥ
നിന്ദ്യാഭിഭാഷീ ധനഗേ വിവേഷഃ
സ്വോത്ഥദ്വിഷദ്ഭ്രാതൃഗതേ സശൗര്യഃ
സുഖാദിഹീനഃ സുഖഗേƒരിഭീതഃ

സാരം :-

ലഗ്നഭാവത്തില്‍ ഗുളികന്‍ വന്നാല്‍ രോഗത്തെയും ഒടിവ്, ചതവ് മുതലായ പരുക്കുകളേയും പറയണം.

രണ്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ നിന്ദ്യങ്ങളായ വാക്ക് പറയുകയും (നിന്ദ്യമായ സംസാരം), കുളിക്കാതേയും ശുദ്ധവസ്ത്രം ധരിക്കാതെയും മലിനനായിരിക്കുകയും ചെയ്യുമെന്ന് പറയണം.

മൂന്നാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ സഹോദരനോട് കലഹിക്കുകയും ശൗര്യം ഉണ്ടാകുകയും ചെയ്യും.

നാലാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ സുഖാവസ്ഥ നശിക്കുകയും ശത്രുക്കളില്‍ നിന്ന് പലതരത്തില്‍ ഭയപ്പെടാനിടവരികയും ചെയ്യും.


ഗുര്‍വാദിനിന്ദ്യാകൃദനാത്മജഃ സ്യാല്‍
ശൂലി സുതേസ്േഥ രിപുഗേ നിജദ്വിള്‍
വിഷേക്ഷണോ വംശവിഭൂക്ഷണശ്ച
കളത്രഹന്താ മദഗേƒതികാമഃ

സാരം :-

അഞ്ചാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ഗുരുനാഥന്മാര്‍ പിതാക്കന്മാര്‍ മുതലായവരെ നിന്ദിക്കുകയും പുത്രന്മാരില്ലാതെ വരികയും ചെയ്യും,

ആറാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ തന്നെ സംബന്ധിച്ചവര്‍ തന്നെ തനിക്കു വിരോധികളായിത്തീരും.

ഏഴാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ തന്‍റെ ദൃഷ്ടിപഥത്തില്‍പെടുന്നത് ഏവര്‍ക്കും അസഹ്യമായി തോന്നുകയും വംശനന്മയെ മലിനപ്പെടുത്തുകയും ഭാര്യയെ നശിപ്പിക്കുകയും അധികമായി കാമപരവശനായിരിക്കുകയും ചെയ്യും.

ധീമാന്‍ ബഹുവ്യാധിരതനായതായുര്‍
വിഷാഗ്നിശസ്ത്രൈര്‍മൃതിരഷ്ടമസ്േഥ
ധര്‍മ്മസ്ഥിതേ ധര്‍മ്മതപോമനൂനഃ
സ്േഥ  സുകീര്‍ത്തിഃ പരകാര്യസക്തഃ

സാരം :-

എട്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ബുദ്ധിശക്തിയുണ്ടാകും. വളരെ രോഗങ്ങളും വന്നുകൂടും, ആയുസ്സ് അല്‍പമായിരുക്കുമത്രേ; വിഷം നിമിത്തമോ അഗ്നിനിമിത്തമോ അഗ്നിഭയത്താലോ ആയുധമേറ്റിട്ടോ മരിക്കുന്നതിന് ഇടവരും. 

ഒന്‍പതാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ധര്‍മ്മകൃത്യങ്ങള്‍, തപോനിഷ്ഠകള്‍, മന്ത്രജപങ്ങള്‍ ഇവയൊന്നും ഇല്ലാത്തവനായിരിക്കും.

പത്താം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ സല്‍കീര്‍ത്തിയും പരോപകാരശ്രദ്ധയും ഉണ്ടായിരിക്കും.

കുര്യാച്ച പൗരുഷയുതോ ധനവാഹനനര്‍ത്ഥാ
നൈശ്വര്യവാന്‍ ഭഗവതേ ബഹുഭൃത്യയുക്താഃ
ദുഃസ്വപ്നവാംശ്ചകുനഖീ വികലോ വ്യയസ്േഥ
ലഗ്നാദിഭാവഗതമാന്ദിഫലം പ്രദിഷ്ടം - ഇതി

സാരം :-

പതിനൊന്നാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ പലവിധേന ഉത്സാഹം കൊണ്ട്  പുരുഷാര്‍ത്ഥങ്ങളെ സാധിക്കുകയും തന്‍റെ ആജ്ഞകള്‍ നിറവേറ്റുന്നതിന് വേണ്ടിടത്തോളം ആളുകളുണ്ടായിരിക്കുകയും ചെയ്യും.

പന്ത്രണ്ടാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ ചീത്തസ്വപ്‌നങ്ങള്‍ കാണുകയും രോഗം കൊണ്ടും മറ്റും നഖത്തിന് ഭംഗിയില്ലാതാവുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്യും.

ഇങ്ങനെ ലഗ്നം തുടങ്ങി പന്ത്രണ്ട് ഭാവങ്ങളിലും ഗുളികന്‍ നിന്നാലുള്ള ഫലം ഇവിടെ പറഞ്ഞിരിക്കുന്നു. 

പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേ ദ്വാദശഗേ തു ദുര്‍വ്യയപദഭ്രംശാംഘ്രിവാമാക്ഷിരുക്-
പാതാഃ പാപമതിപ്രവൃദ്ധമിതി വക്തവ്യം ഫലം പൃച്ഛതാം
സൗമ്യേ ദ്വാദശഗേ വ്യയോ വിതരണപ്രായോ ന ദുഷ്ടവ്യയഃ
പാപാനാം ക്ഷയ ആമയോപശമനം ചേത്യാദികം സ്യാല്‍ ഫലം

സാരം :-

പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ ദുഷ്കാര്യങ്ങളില്‍ ഭ്രമിച്ചു ധനനാശവും സ്ഥാപനത്തില്‍ നിന്ന് ചലനവും പാദത്തിനും ഇടത്തേ കണ്ണിനും രോഗവും വീഴ്ചകളും പാപകര്‍മ്മത്തിനു ശക്തിയും ഉണ്ടാകുമെന്നും പറയണം.

പന്ത്രണ്ടാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ ദാനം ധര്‍മ്മം മുതലായ സത്ക്കാര്യങ്ങളില്‍ ധാരാളം ധനം ചെലവു ചെയ്യാനിടവരും. ദുഷ്കാര്യങ്ങള്‍ക്കായി ധനവ്യയം ചെയ്യാനിടവരികയില്ല. കൂടാതെ പാപശാന്തിയും രോഗശമനവും മറ്റും പറഞ്ഞുകൊള്ളണം.

എന്നാല്‍ ഒരു ഭാവത്തില്‍ പാപന്‍ നിന്നാല്‍ ഏതെല്ലാം ഭാവങ്ങള്‍ക്ക് ദോഷം കല്പിച്ചുവോ ശുഭന്‍ നിന്നാല്‍ അവയെല്ലാം അതുപോലെ ഗുണത്തേയും കല്പിച്ചുകൊള്ളണം. 

പതിനൊന്നാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേ ലാഭേ സ്ഥിതവതി സുതജ്യേഷ്ഠയോരാമയാദ്യം
ജംഘാവാമശ്രവണരുഗമുഷ്യോക്തതാമ്രാദിനാശഃ
സൗമ്യേ ദുഃഖപ്രശമനസമസ്തേപ്സിതാപ്ത്യര്‍ത്ഥലാഭാഃ
സംജ്ഞാദ്ധ്യായാദിഷു തദുദിതസ്യാപി ലാഭാഗമാദ്യം

സാരം :-

പതിനൊന്നാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ പുത്രന്‍ ജ്യേഷ്ഠന്‍ ഇവര്‍ക്കും മുഴങ്കാലിനും ഇടത്തെ ചെവിക്കും രോഗവും, ഈ പാപന് സംജ്ഞാദ്ധ്യായം, കര്‍മ്മാജീവം, ദശാഫലം മുതലായ സ്ഥലങ്ങളില്‍ എന്തെല്ലാം ദ്രവ്യങ്ങളുടെ കാരകത്വം പറഞ്ഞിരിക്കുന്നുവോ, ഈ ദ്രവ്യങ്ങളുടെ നാശവും പറയണം. " അമുഷ്യോക്തതാമ്രാഭിലാഭഃ " എന്നും ഒരു പാഠമുണ്ട്. ആ പാഠം സ്വീകരിക്കുമ്പോള്‍ ഏവംവിധങ്ങളായ പദാര്‍ത്ഥങ്ങളുടെ ലാഭത്തെ പറയണം. പതിനൊന്നാം ഭാവം ശുഭന്മാര്‍ക്ക് ഇഷ്ടമാകയാല്‍ ആ പാഠംതന്നെയാണ് നല്ലതെന്ന് തോന്നുന്നു.

പതിനൊന്നില്‍ ശുഭഗ്രഹം നിന്നാല്‍ ദുഃഖങ്ങള്‍ ഇല്ലാതാവുകയും താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കയും ദ്രവ്യലാഭമുണ്ടാവുകയും ആ ശുഭഗ്രഹത്തിന്‍റെ കാരകത്വം അനുസരിച്ചുള്ള സകല വസ്തുക്കളുടേയും ലാഭം മുതലായ ശുഭപ്രാപ്തി സിദ്ധിക്കുകയും ചെയ്യുമെന്ന് പറയണം. 

പത്താം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേകര്‍മ്മഗതേ തു കര്‍മ്മവിഹതിര്‍ ദുഷ്കീര്‍ത്തിരാജ്ഞാക്ഷതിര്‍-
ദാസാലാംബനയോര്‍വിനാശമപി സ്യാജ്ജാനുരുക്പ്രോഷണം
സൗമ്യേ പദ്ധതിമണ്ഡപാമരഗൃഹാദ്യുല്‍പാദനം കര്‍മ്മണാ-
മാജ്ഞാലംബനയോശ്ച സിദ്ധിരപി ദാസാവാപ്തി കീര്‍ത്ത്യുദ്ഗമാഃ

സാരം :-

പത്താം ഭാവത്തില്‍ പാപന്‍ നിന്നാല്‍ തുടങ്ങുന്ന കര്‍മ്മങ്ങള്‍ക്ക് വിഘാതവും അപമാനവും തന്‍റെ അനുവാദം അനുസരിച്ച് ഒന്നും നടക്കാതാവുകയും ഭൃത്യന്മാര്‍ക്കും തനിക്കാശ്രയമായിട്ടുള്ളവര്‍ക്കും നാശവും കാലിന്‍റെ മുട്ടിന്മേല്‍ രോഗവും പരദേശഗമനത്തിനിടയാകുകയും മറ്റും ഫലം.

പത്താം ഭാവത്തില്‍ ശുഭന്‍ നിന്നാല്‍ വഴിയമ്പലം ദേവാലയം ഇവകള്‍ പണിചെയ്യിക്കുകയും പ്രവര്‍ത്തിക്കുന്ന പ്രവൃത്തികള്‍ സഫലമായി തീരുകയും തന്‍റെ ആജ്ഞയ്ക്കും ശക്തിയുണ്ടാവുകയും ആശ്രയജനങ്ങള്‍ക്ക്‌ അഭിവൃദ്ധിയും നല്ല ദാസന്മാരുടെ ലാഭവും സല്‍ക്കീര്‍ത്തിയും ഫലമാകുന്നു.

ദാനത്തിന്‍റെ പ്രസക്തി എന്ത്?


ഇല്ലാത്തവര്‍ക്ക് ധനം കൊടുക്കുന്നതാണ് ദാനം. അല്ലാത്തവ എല്ലാം ലാഭേച്ഛയോടെ ചെയ്യുന്ന മറ്റ് കര്‍മ്മങ്ങളില്‍പ്പെടുന്നതാണ്. കൊടുത്തതിന് പകരമായോ അല്ലെങ്കില്‍ അതുപോലെയോ തിരികെ തരുവാന്‍ കഴിവില്ലാത്തവര്‍ക്ക് നല്‍കുന്നതിനെയാണ്‌ "ദാനം" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ഇച്ഛിച്ചാല്‍ ആ കര്‍മ്മം ദാനമാകുന്നില്ല. ഭാവിയില്‍ ലഭ്യമാകുന്ന ഏതെങ്കിലും പ്രതിഫലം മനസ്സില്‍ക്കണ്ട് കൊടുക്കുന്ന കര്‍മ്മം ദാനകര്‍മ്മമാകുന്നില്ല. ദാനധര്‍മ്മം നന്മകള്‍ ചേര്‍ക്കുന്നു. എന്നാലും അവശര്‍ക്കായുള്ളതും രഹസ്യമായുള്ളതുമായ ദാനമാണ് ഉത്തമം. അത് ധാരാളം നന്മകള്‍ നിങ്ങളില്‍ ചേര്‍ക്കും.

ഒന്‍പതാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേധര്‍മ്മ സ്ഥിതേസ്യാദ് ഗുരുജനപിതൃപൗത്രാദിരുഗ്ഭാഗ്യഹാനിര്‍-
വേദ്യാ ധര്‍മ്മേശ്വരാനുഗ്രഹസുകൃതതപോഹാനയോ നിഷ്കൃപത്വം
സൗമ്യേ ധര്‍മ്മസ്ഥിതേ സ്യാദ്ഗുരുപിതൃമനസശ്ചെശ്വരാണാം പ്രസാദോ
വൃദ്ധിര്‍ഭാഗ്യസ്യ ധര്‍മ്മസ്യ ച ശുഭതപസാമാര്‍ദ്രതാപൗത്രസൗഖ്യം

സാരം :-

ഒന്‍പതാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ഗുരുക്കന്മാര്‍ക്കും പിതാവിനും മക്കളുടെ മക്കള്‍ക്കും മറ്റും രോഗവും ഭാഗ്യമില്ലാതാവുകയും ധര്‍മ്മ കര്‍മ്മങ്ങള്‍ക്കും ഈശ്വരാനുഗ്രഹങ്ങള്‍ക്കും ഹാനി വരുകയും പുണ്യങ്ങള്‍ക്കും വ്രതാദികളായ നിഷ്ഠകള്‍ക്കും ദോഷം സംഭവിക്കുകയും കൃപയില്ലാതാവുകയും മറ്റും ഫലം.

ശുഭഗ്രഹം ഒന്‍പതാംഭാവത്തില്‍ നിന്നാല്‍ ഗുരുപ്രീതി പിതൃസന്തോഷം മനസ്സന്തുഷ്ടി ദൈവാനുകൂല്യം ഭാഗ്യോദയം വളരെ ധര്‍മ്മകൃത്യങ്ങള്‍ പുണ്യാഭിവൃദ്ധി വ്രതാദികളായ സല്‍കര്‍മ്മാനുഷ്ടാനം മനസ്സിന് വളരെ ദയവ് പൗത്രന്മാര്‍ കാരണം സുഖവും താന്‍ നിമിത്തം അവര്‍ക്ക് സൗഖ്യവും ഫലമാകുന്നു. 

കുറിതൊടലിന്‍റെ പ്രസക്തി എന്ത്?


കുറിതൊടല്‍ എന്നത് ഹൈന്ദവരുടെ സുപ്രധാന അനുഷ്ഠാനമാണ്. കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ ഇങ്ങനെ പന്ത്രണ്ട് ഭാഗങ്ങളില്‍ ഭസ്മമം, കുങ്കുമം, ചന്ദനം എന്നീ മൂന്ന് ദ്രവ്യങ്ങള്‍കൊണ്ട് ചാര്‍ത്തുന്ന രീതിയെ "കുറിതൊടല്‍" എന്ന് വിളിക്കുന്നു. നെറ്റിത്തടമാണ് കുറിതൊടലിന്‍റെ പ്രധാനഭാഗം. വിദ്യയേയും ജ്ഞാനത്തേയും കുറിക്കുന്ന ഈ സ്ഥാനത്ത് തിലകം ധരിക്കുമ്പോള്‍ അവിടെ ദേവാത്മകമായ ചൈതന്യം ഉണരുന്നു.

സ്നാനത്തിനുശേഷമാണ് തിലകം ധരിക്കുന്നത്. തിലക്കത്തിനുപയോഗിക്കുന്ന പ്രധാന വസ്തുക്കളായ ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ മൂന്നും ജ്ഞാനദര്‍ശനത്തെ സൂചിപ്പിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയുമാണ് ഈ മൂന്ന് ദ്രവ്യങ്ങളും കുറിക്കുന്നത്. ഇതില്‍ ഭസ്മം ശൈവവും, ചന്ദനം വൈഷ്ണവവും, കുങ്കുമം ശാക്തവുമാണ്.

ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഭസ്മക്കുറി ഇടണമെന്നാണ് ശാസ്ത്രം. മൂന്നുകുറി സന്യാസിമാര്‍ മാത്രമേ തൊടാവു. എല്ലാവര്‍ക്കും ഒറ്റക്കുറി ധരിക്കാം. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. കുറിയുടെ എണ്ണം അതാതു കഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.

ഭസ്മം നെറ്റിയ്ക്ക് ലംഭമായി മുകളിലേയ്ക്ക് ധരിക്കാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് നെറ്റിക്ക് കുറുകെ ഭസ്മം ധരിക്കുന്നത്. ഭസ്മം എടുത്ത വിരലുകള്‍ വലതു കൈയിലേതാകണമെന്നും, നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ട ശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണംവെച്ച്, തള്ളവിരല്‍കൊണ്ട് ഭ്രൂമദ്ധ്യത്തില്‍ സ്പര്‍ശിച്ച് നിര്‍ത്തണമെന്നുമാണ് ഭസ്മധാരണവിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവകളില്‍ ഭസ്മം നനച്ചുതേച്ച്, ഇടതു കൈയിലെ വിരലുകളിലും പതിച്ച് രണ്ടു കൈകളുംകൊണ്ട് ഒരേസമയം പന്ത്രണ്ടു സ്ഥാനങ്ങളിലും ഭസ്മക്കുറിയണിയാം. സ്ത്രീകള്‍ ഭസ്മം നനച്ചണിയരുത്.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണുതത്ത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു എന്ന പദത്തിനര്‍ത്ഥം വ്യാപകന്‍ എന്നാകുന്നു. ഇതു സൂചിപ്പിക്കാന്‍ ചന്ദനം ഉപയോഗിക്കുന്നു. ചന്ദനത്തിന്‍റെ ഗുണം സുഗന്ധമാണ്. ചന്ദനഗന്ധം പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദുഃഖം എന്ന രോഗത്തിന് മരുന്നായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. ചന്ദനം മോതിരവിരല്‍കൊണ്ട് തൊടണം. നെറ്റിക്ക് മദ്ധ്യഭാഗത്ത് ലംബമായി ഇത് തൊടണം. ഭസ്മം പോലെ നെറ്റിക്ക് കുറുകെ ചന്ദനം അണിയുന്നത് വൈഷ്ണവ സമ്പ്രദായങ്ങള്‍ നിഷേധിക്കുന്നു. സുഷുമ്നാനാഡിയുടെ പ്രതീകമാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്.

കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. ലലാടത്തിനു നടുവിലോ, ഭ്രൂമദ്ധ്യത്തിലോ കുങ്കുമം തൊടാം. വിശാലമായ ആത്മാവില്‍ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്.

നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. കുങ്കുമം നെറ്റിയ്ക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്നാണ് ശാക്തമതം, തൃകോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതികളിലും കുങ്കുമം തൊടാറുണ്ട്‌.

തിലകം ചാര്‍ത്തുന്നത് മോതിരവിരല്‍ കൊണ്ടാണെങ്കില്‍ ശാന്തിയും, നടുവിരല്‍കൊണ്ടാണെങ്കില്‍ ആയുര്‍വൃദ്ധിയും, ചൂണ്ടുവിരല്‍കൊണ്ടാണെങ്കില്‍ പുഷ്ടിയും കൈവരുന്നു. നഖം സ്പര്‍ശിക്കാതെ വേണം തിലകം ധരിക്കേണ്ടത്. ചെറുവിരല്‍ ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവം, പുല, അശൗചം തുടങ്ങിയ അശുദ്ധികളുള്ളപ്പോള്‍ അനുഷ്ഠാനപരമായ തിലകധാരണം ഒഴിവാക്കണം.

എട്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍


പാപേ രന്ധ്രഗതേ തു ദാസജനരുക്പ്രത്യൂഹഗുഹ്യാമയാ
ലോകൈവിഗ്രഹണം ധനാദിഹരണം ചോരൈര്‍നൃപൈശ്ചാരിഭിഃ
രോഗാശ്ചാരുചിപൂര്‍വകാഃ സ്യുരപി ച സ്യാച്ഛംകനീയാ മൃതിഃ

സൗമ്യേ രന്ധ്രഗതേ തു രോഗവിരഹോ ദൈര്‍ഘ്യം തദാ ചായുഷഃ
അപവാദോ മഠാപത്തിരപി പാപേƒഷ്ടമസ്ഥിതേ
മഠാദ്യാലയലസമ്പത്തിമപി കുര്യാച്ശുഭോƒത്രഗഃ


സാരം :-

പാപന്‍ എട്ടാം ഭാവത്തില്‍ നിന്നാല്‍ ഭൃത്യന്മാര്‍ക്ക് രോഗവും കാര്യങ്ങളിലെല്ലാം വിഘ്നവും ലിംഗം, യോനി, മുതലായ സ്ഥാനങ്ങളില്‍ രോഗവും ജനങ്ങളോട് കലഹവും കള്ളന്മാരില്‍ നിന്നും ചോരണാദികള്‍ കൊണ്ട് ധനനാശവും രാജചോദ്യം നിമിത്തവും ശത്രുക്കളുടെ ഉപദ്രവം കൊണ്ടും മറ്റും ധനനഷ്ടവും അരോചകം തുടങ്ങിയ രോഗങ്ങളുമുണ്ടാകും. എന്നുതന്നെയല്ല മരിക്കുമോ എന്ന് തോന്നത്തക്കവിധം രോഗം പ്രബലമായി തീരുകയും ചെയ്യും. കൂടാതെ തങ്ങളെ സംബന്ധിച്ച് അന്യന്മാരില്‍ നിന്ന് അപവാദവും മഠം മുതലായ ഉപഗൃഹങ്ങള്‍ക്ക് നാശവും പറയണം. 

എട്ടാം ഭാവത്തില്‍ ശുഭഗ്രഹം നിന്നാല്‍ രോഗം മുതലായ ദുഃഖങ്ങള്‍ ഒഴിഞ്ഞു സ്വസ്ഥനായിട്ടു വളരെക്കാലം ജീവിച്ചിരിക്കുന്നതിനും മഠം മുതലായ ഉപഗൃഹങ്ങള്‍ ഉണ്ടാക്കുന്നതിനും മറ്റും ഇടവരുമെന്നും പറയണം. 

പറയിടുന്നത് എന്തിനാണ്?


കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്. ദേവന്‍റെ വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്‌ എഴുന്നള്ളിക്കുന്നത്. ചെണ്ടയും, മദ്ദളവും, വെടിയും ഉണ്ടായിരിക്കും. വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനു മുകളില്‍ അരിമാവുകൊണ്ട് കാലം വരയ്ക്കുന്നു. അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു. ദേവന്‍റെ വിഗ്രഹം മുറ്റത്തുവന്നാലുടന്‍ ഒരുപറ നെല്ല് വിളക്കിന് മുന്നില്‍ വയ്ക്കുന്നു. പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്‍പ്പിക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തുകഴിഞ്ഞാല്‍ പറയിടല്‍ തീര്‍ന്നു. ഇപ്രകാരം ചെയ്യുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.