മാഹേന്ദ്രപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീജന്മ൪ക്ഷത്രിതയാത്
ചതു൪ത്ഥദിക് സപ്തമേഷ്വഥ൪ക്ഷേഷു
ജാതഃ ശുഭകൃത് പുരുഷോ,
മാഹേന്ദ്രാഖ്യാഃ പ്രകീ൪ത്തിതശ്ചൈവം.

സാരം :-

സ്ത്രീയുടെ മൂന്ന് ജന്മനക്ഷത്രങ്ങളില്‍ നിന്നും 4-7-10 എന്നീ നാളുകളില്‍ (നക്ഷത്രങ്ങളില്‍) ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു. ഈ യോഗത്തെയാണ് മാഹേന്ദ്രം എന്ന് പറയുന്നത്.

മാഹേന്ദ്രപ്പൊരുത്തം നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പൊരുത്തമാണ്. "മഹാകേന്ദ്രം" എന്ന വാക്ക് ലോപിച്ച് മാഹേന്ദ്രമായതാണെന്ന് പറയുന്നു.


സ്ത്രീ ജനിച്ച നക്ഷത്രം ഒന്നാമത്തെ നക്ഷത്രവും, അതില്‍ നിന്ന് പത്താമത്തെ നക്ഷത്രം രണ്ടാമത്തെ ജന്മനക്ഷത്രവും, 19 മത്തെ നക്ഷത്രം മൂന്നാമത്തെ ജന്മനക്ഷത്രമാകുന്നു. ഉദാഹരണം മകം നക്ഷത്രത്തിലാണ് സ്ത്രീ ജനിച്ചതെങ്കില്‍ അത് ഒന്നാമത്തെ ജന്മനക്ഷത്രമായും അതില്‍ നിന്ന് പത്താമത്തെ നക്ഷത്രമായ മൂലം രണ്ടാമത്തെ ജന്മനക്ഷത്രമായും, മേല്പോട്ട് എണ്ണിയാല്‍ മൂലത്തില്‍ നിന്ന് പത്താമത്തേതായ (മകത്തില്‍ നിന്ന് 19-മത്തെതായ) അശ്വതി മൂന്നാമത്തെ ജന്മനക്ഷത്രമാണ് മൂന്നിനും കൂടി പൊതുവെ ജന്മനക്ഷത്രങ്ങള്‍ എന്ന് പറയുന്നു.

മാഹേന്ദ്രപ്പൊരുത്തത്തില്‍ ഏഴാമത്തെ നക്ഷത്രം വരുന്ന പുരുഷന്‍ നല്ലതാണെന്ന് പറയുന്നു. പക്ഷെ ദിനപ്പൊരുത്തം പറയുമ്പോള്‍ ഏഴാമത്തെ നക്ഷത്രം വധനക്ഷത്രമാണെന്നും ആ പൊരുത്തം ദോഷമാണെന്നും പറയുന്നു. ഈ രണ്ട് അഭിപ്രായങ്ങളും എങ്ങനെ യോജിക്കും?.

ഇതിന് സമാധാനം പറയുന്നതിങ്ങനെയാണ്. ദിനപൊരുത്തത്തിന്‍റെയും മാഹേന്ദ്രപ്പൊരുത്തത്തിന്‍റെ ഫലം രണ്ടാണ്. ദിനപ്പൊരുത്തം = ദീ൪ഘായുസ്സ്, മാഹേന്ദ്രപ്പൊരുത്തം = സന്താനഭാഗ്യം. ഒന്നിന്‍റെ ഗുണവും മറ്റേത്തിന്‍റെ ദോഷവും അനുഭവിക്കും. ദീ൪ഘായുസ്സായിരിക്കും സന്താനസുഖം കുറയും. ആയുസ്സ് കുറയും പക്ഷേ സന്താനസുഖം ലഭിക്കും. സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്‍റെ കഴിവിനെ മാഹേന്ദ്രപ്പൊരുത്തം സൂചിപ്പിക്കുന്നു.