സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല / ഭാര്യ ശോഭനസ്ത്രീയായിരിക്കും

ഭാര്യാധിപേ വ്യയഗതേ തനുജന്മപത്യോഃ
പാപാഢ്യയോ൪മദഗയോ൪സ്സുതദാരഹീനഃ
സൗരാരയോ൪ മദകയോരമൃതാംശുരാശി
സമ്പ്രാപ്തയോരിഹഭവേല്‍ കില ശോഭനാസ്ത്രീ

സാരം :-

പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവാധിപതി പന്ത്രണ്ടാം ഭാവത്തിലും ലഗ്നാധിപനും ജന്മാധിപനും ബലവാന്മാരായ പാപഗ്രഹങ്ങളോടുകൂടി ലഗ്നാല്‍ ഏഴാം ഭാവത്തിലും നിന്നാല്‍ സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല. 

ശനി കുജന്മാ൪ ഒരുമിച്ച് ചന്ദ്രക്ഷേത്രമായ ക൪ക്കിടകത്തില്‍ നിന്നാല്‍ ഭാര്യ (കളത്രം) ശോഭനസ്ത്രീയായിരിക്കും.

ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം

ശുക്രേധീധ൪മ്മാസ്തഗേ ഭാനുയുക്തേ 
ഭൗമാഢ്യേ വാ ദാരവൈകല്യമാഹുഃ
സൗമ്യേ നീചാരാദിഭേ സപ്തമസ്തേ
ഭാര്യാ ദുഷ്ടാ ജാരിണി വൈ ശിഖീ വാ

സാരം :-

പുരുഷജാതകത്തില്‍ ആദിത്യനോടോ കുജനോടോ കൂടിയ ശുക്രന്‍ ലഗ്നാല്‍ അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ ഏഴാം ഭാവത്തിലോ നിന്നാല്‍ കളത്രവൈകല്യം ഉണ്ടാകും.

പുരുഷജാതകത്തില്‍ കന്നി ലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ മീനത്തില്‍ നീചസ്ഥാനത്ത് ബുധന്‍ നിന്നാല്‍ ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം.   

പുരുഷജാതകത്തില്‍ മകരലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ ക൪ക്കിടകത്തില്‍ ശത്രുക്ഷേത്രസ്ഥനായി ബുധന്‍ നിന്നാലും ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം. 

മേല്‍പ്പറഞ്ഞത്  പുരുഷ ജാതകഫലം സ്ത്രീയില്‍ വരുത്തിവെക്കുന്ന ക൪മ്മഫലമായി കണക്കാക്കണം.

സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും / സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും

ക്ഷീണേന്ദുനാ യുവതിഭേസ്തഗതാഃ സുരേഢ്യഃ
പാപാസ്സുഖേ യദി വദന്തി കളത്രഹാനീം
സ്ത്രീസംഗമ൪പ്പിത ധനോമദനേഹി ഭാന്വോ൪
ന്മന്ദാബ്ജയോസ്തു വിസുതോവി കളത്രകോവാ

സാരം :-

പുരുഷജാതകത്തില്‍ മീന ലഗ്നത്തിന് എഴില്‍ (ഏഴാം ഭാവത്തില്‍) കന്നിരാശിയില്‍ ക്ഷീണചന്ദ്രനോടുകൂടി (കറുത്ത പക്ഷത്തിലെ ചന്ദ്രന്‍) വ്യാഴം നില്‍ക്കുകയും നാലാം ഭാവത്തില്‍ - മിഥുനത്തില്‍ പാപഗ്രഹങ്ങളും നിന്നാല്‍ കളത്ര നാശം (ഭാര്യാ നാശം) സംഭവിക്കും.

പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ രാഹുവും സൂര്യനും നിന്നാല്‍ സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും. 

പുരുഷജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവത്തില്‍ ചന്ദ്രനും ശനിയും ഒന്നിച്ചു നിന്നാല്‍ സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും. 

ഭാര്യാ മരണം / ഭാര്യയെ ഉപേക്ഷിക്കും

വിവാഹ പൊരുത്തത്തിലെ പാപത്വം കണ്ടുപിടിക്കുന്ന രീതി...

പാപഃ പാപേക്ഷിതോ വായദിബലരഹിതഃ
പാപവ൪ഗ്ഗസ്ഥിതോ വാ
പുത്രസ്ഥാനാഥിപോ വാ മൃതിഭവനപതി൪
മാന്ദിരാശീശ്വരോ വാ
നീചസ്ഥശ്ചാമരേഢ്യോ മധുപഗതസിതഃ
പാപസംയുക്തശുക്രഃ
കുര്യുസ്ഥേ ദാരനാശം മദനമുപഗതാഃ
സൗമ്യയോഗേക്ഷണോ നാഃ

സാരം :-

1). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുക.

2). പുരുഷജാതകത്തിലെ ഏഴാം ഭാവത്തിലേയ്ക്ക് പാപഗ്രഹത്തിന്‍റെ ദൃഷ്ടി ഉണ്ടായിരിക്കുക.

3). പുരുഷജാതകത്തിലെ ഏഴാം ഭാവാധിപനായ ഗ്രഹം ബലഹീനനായിരിക്കുക.

4). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപവ൪ഗ്ഗസ്ഥിതനായ പാപഗ്രഹം നില്‍ക്കുക

5). പുരുഷജാതകത്തിലെ അഞ്ചാം ഭാവാധിപാനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക

6). പുരുഷജാതകത്തിലെ അഷ്ടമാധിപനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക

7). പുരുഷജാതകത്തിലെ ഗുളികഭാവാധിപനായ ഗ്രഹം (പാപഗ്രഹമായാലും ശുഭഗ്രഹമായാലും) ഏഴാം ഭാവത്തില്‍ നില്‍ക്കുക.

8). പുരുഷജാതകത്തിലെ ക൪ക്കിടക ലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ മകരം രാശിയില്‍         (നീചരാശിയില്‍) വ്യാഴം നില്‍ക്കുക. (മകരം വ്യാഴത്തിന് നീചരാശിയാണ്).

9). പുരുഷജാതകത്തിലെ ഇടവലഗ്നത്തിന്‍റെ ഏഴാമത്തെ രാശിയായ വൃശ്ചികം രാശിയില്‍ ശുക്രന്‍ നില്‍ക്കുക.

10). പുരുഷജാതകത്തിലെ ഏഴാം ഭാവത്തില്‍ പാപഗ്രഹത്തോടുകൂടി ശുക്രന്‍ നില്‍ക്കുക.

മേല്‍ പറഞ്ഞ 10 യോഗങ്ങളില്‍ ഒന്ന് ശുഭഗ്രഹയോഗദൃഷ്ടികളൊന്നും കൂടാതെ സംഭവിച്ചാല്‍ കളത്രനാശം (ഭാര്യാ നാശം / ഭാര്യാ മരണം) സംഭവിക്കും. ശുഭഗ്രഹയോഗം ശുഭഗ്രഹദൃഷ്ടി എന്നിവ ഉണ്ടായാല്‍ കളത്ര ഉപേക്ഷ സംഭവിക്കാം (ഭാര്യയെ ഉപേക്ഷിക്കും). 

ഭാര്യ (കളത്രം) ഉണ്ടാവാനുള്ള ലക്ഷണങ്ങളും, ഭാര്യയുടെ സ്വഭാവാദി ഗുണദോഷങ്ങളും

ദ്യൂനേ ബലോദ്രിക്ത ശുഭേശമിത്ര
പ്രാപ്തേക്ഷിതേ ദ്യൂനപതൗ സിതേവാ
സദ്വ൪ഗ്ഗസംസ്ഥേ സബലേ ച ഭാര്യാ
ഭവന്തി തത് ഖേട ഗുണാനുരൂപാ.

സാരം :-

ലഗ്നാല്‍ ഏഴാം ഭാവം പൂ൪ണ്ണബലമുള്ളതാവുക. 

ബലപൂ൪ണ്ണരായ ശുഭഗ്രഹയോഗമോ ദൃഷ്ടിയോ ഏഴാം ഭാവത്തിനുണ്ടാവുക. 

ഏഴാം ഭാവാധിപന്‍റെ യോഗമോ ദൃഷ്ടിയോ ഏഴാം ഭാവത്തിനുണ്ടാവുക. 

ഏഴാം ഭാവത്തിലേയ്ക്ക് ഏഴാം ഭാവാധിപന്‍റെ ബന്ധുഗ്രഹദൃഷ്ടിയോ യോഗമോ ഉണ്ടാവുക. 

ഏഴാം ഭാവാധിപനും ശുക്രനും ബലവും ശുഭഗ്രഹദൃഷ്ടിയും അഥവാ ശുഭഗ്രഹയോഗവും ശുഭവ൪ഗ്ഗ ബന്ധവും ഉണ്ടാവുക. 

മേല്‍ പറഞ്ഞ യോഗലക്ഷണങ്ങള്‍ പുരുഷജാതകത്തില്‍ ഉണ്ടായാല്‍  കളത്രസുഖം (ഭാര്യാ സുഖം) പൂ൪ണ്ണമായി അനുഭവിക്കും. 

മേല്‍ പറഞ്ഞ യോഗലക്ഷണങ്ങളില്‍ പൂ൪ണ്ണമായ യോഗലക്ഷണയുക്തനായ ഗ്രഹത്തിന്‍റെ സ്വഭാവഗുണങ്ങളായിരിക്കും കളത്രത്തിന് (ഭാര്യക്ക്) ഉണ്ടായിരിക്കുക എന്ന് അനുമാനിക്കണം.

-------------------------------------------
കളത്രം = ഭാര്യ

പാപസാമ്യ ചിന്ത

സ്ത്രീയുടേയും പുരുഷന്‍റെയും ജാതകത്തില്‍ കാണുന്ന പാപഗ്രഹങ്ങള്‍ക്ക്‌ സ്വഭാവത്തിലും, സ്ഥിതിയിലും, ഫലദാനശേഷിയിലും സാമ്യം കാണുക എന്നതിനെയാണ് പാപസാമ്യം എന്ന് പറയുന്നത്. അതായത് സ്ത്രീ ജാതകത്തിലെ പാപത്വത്തെ നി൪വീര്യമാക്കാന്‍ പറ്റിയ പാപത്വം പുരുഷജാതകത്തിലും അതുപോലെ പുരുഷജാതകപാപത്വത്തെ നി൪വീര്യമാക്കാന്‍ പറ്റിയ പാപത്വം, സ്ത്രീ ജാതകത്തിലും  ഉണ്ടായിരിക്കുക എന്നതാണ് പാപസാമ്യം എന്ന സിദ്ധാന്തം.

പാപസാമ്യസിദ്ധാന്തം ഒരു വൈരുദ്ധ്യമാണ് എന്ന് തോന്നുക സ്വാഭാവികമാണ്. അതായത് ഒരു ജാതകത്തിലെ പാപത്വം മറ്റു ജാതകത്തിലെ ശുഭത്വം കൊണ്ടുവേണ്ടേ പരിഹരിക്കേണ്ടത് എന്ന സംശയം തോന്നാം. ഗണിതത്തിലെ രണ്ടു ന്യൂനങ്ങള്‍ ചേരുമ്പോള്‍ ഒന്നുമില്ലാതാകുന്നതുപോലെ വേണം പാപസാമ്യത്തേയും കണക്കാക്കേണ്ടത്. വേണമെങ്കില്‍ ശരീരത്തിലെ രോഗപ്രതിരോധ ശക്തിയോട് ഇതിനെ താരതമ്യപ്പെടുത്താം. ശരീരത്തില്‍ രോഗബീജം കുത്തിവെച്ചാല്‍ ആ രോഗപ്രതിരോധ ശക്തി വളരുന്നു. അതുപോലെ സ്ത്രീക്കോ പുരുഷനോ ഒരു ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ മറ്റൊരാളുടെ ആ ഭാവത്തില്‍ നില്‍ക്കുന്ന പാപന്‍റെ ഫലം ഏല്‍ക്കുകയില്ല. പാപത്വം മൂലമുള്ള ദോഷങ്ങളും ക്ലേശങ്ങളും വിവാഹജീവിതത്തില്‍ തടയാനുള്ള കഴിവ് ഉണ്ടാകും. 

ആയവ്യയ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീജന്മഭാദ്വര൪ക്ഷാന്തം ഗണയിത്വാ ശരൈ൪ഹതേ
മുനിഭി൪ഭാജിതേ, ശേഷോ വ്യയ, ആയോ നൃജന്മഭാത്.


സാരം :-

സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ വരന്‍റെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 ല്‍ പെരുക്കി (ഗുണിച്ച്‌) 7 ല്‍ ഹരിച്ച്‌ കളയുക. ബാക്കി കാണുന്ന  സംഖ്യ (ശിഷ്ടം വരുന്ന സംഖ്യ) വ്യയമാകുന്നു. (ചെലവ്, സാമ്പത്തിക ചെലവ്).

പുരുഷന്‍റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 ല്‍ പെരുക്കി 7 ല്‍ ഹരിച്ചാല്‍ ബാക്കി കാണുന്ന സംഖ്യ (ശിഷ്ടം വരുന്ന സംഖ്യ) ആയവുമാകുന്നു. (വരവ്, സാമ്പത്തിക വരവ്, ധനലാഭം).

അയം വ്യയത്തേക്കാള്‍ അധികമുണ്ടായിരിക്കുന്നത് ശുഭപ്രദവുമാകുന്നു. (വിവാഹ ജീവിതത്തില്‍ സാമ്പത്തിക ചെലവിനേക്കാള്‍ സാമ്പത്തിക വരവ് (ധനലാഭം) കൂടുതലായിരിക്കണം)

ഇവിടെ 7 ല്‍ പൂ൪ണ്ണമായി (ശിഷ്ടമില്ലാതെ) ഹരിച്ചാല്‍ (ശിഷ്ടം പൂജ്യം) ബാക്കി "ഏഴ്‌" എന്ന് കല്പിക്കുക.

വേധ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ആശ്വീന്ദ്രൗ യമമിത്രഭേ, ഹരിഹരൗ,
ശൂ൪പ്പാനലൗ, വായ്‌വജൗ,
മൂലാഹി, പിതൃപൂഷണൗ, ഗുരുജലേ,
ദേവപ്രസൂവിശ്വഭേ
ബുദ്ധ്ന്യ൪ക്ഷാ൪യ്യമണൗ, ദിനേശവരുണൗ,
ഭാദ്രാ൪ക്ഷഭാഗ്യേ; മിഥോ
വേധാന്നാ൪ഹതി യോഗമൃക്ഷയുഗളം
വസ്വിന്ദു ചിത്രാത്രയം

സാരം :-

വേധമുള്ള നക്ഷത്രങ്ങള്‍

അശ്വതി - തൃക്കേട്ട

ഭരണി - അനിഴം

തിരുവോണം - തിരുവാതിര

വിശാഖം - കാ൪ത്തിക

ചോതി - രോഹിണി

മൂലം - ആയില്യം

മകം - രേവതി

പൂയ്യം - പൂരാടം

പുണ൪തം - ഉത്രാടം

ഉത്രട്ടാതി - പൂരം

അത്തം - ചതയം

പൂരോരുട്ടാതി - ഉത്രം

മേല്‍ എഴുതിയ ഈരണ്ടു നക്ഷത്രങ്ങള്‍ക്കു തമ്മിലും

അവിട്ടം - മകീര്യം - ചിത്ര

എന്നീ മൂന്നു നക്ഷത്രങ്ങള്‍ക്കു തമ്മിലും വേധമുണ്ട്. വേധമുള്ള ആ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ തമ്മില്‍ നടത്തുന്ന വിവാഹം അശുഭപ്രദമാകുന്നു.*


ഗേഹോക്തവേധവ൪ഗ്ഗേ
ജന്മദ്വിതയം ച നേഷ്ടമിതി കേചിത്;
ഭൂതവിഹഗാദയോƒന്യേ
ത്വതഃ പരം ചിന്തിതവ്യാശ്ച.

സാരം :-

ഗൃഹാരംഭത്തിനുള്ള മുഹൂ൪ത്തവിധിയില്‍ മറ്റൊരു വേധവും നിഷേധിച്ചിട്ടുണ്ട്. ആ വേധവ൪ഗ്ഗത്തില്‍പ്പെട്ട നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ തമ്മില്‍ വിവാഹം ചെയ്യുന്നതും അശുഭകരമാണെന്ന് ചില ആചാര്യന്മാ൪ക്ക് അഭിപ്രായമുണ്ട്. നക്ഷത്രങ്ങളുടെ ഭൂതം, പക്ഷി, മൃഗം മുതലായവകൊണ്ടുള്ള മറ്റു വിവാഹയോഗങ്ങളെക്കൂടി ചിന്തിക്കേണ്ടതാണ്. അതെല്ലാം അപ്രധാനമാകയാല്‍, ഇവിടെ പറഞ്ഞ പൊരുത്തങ്ങളെല്ലാം ചിന്തിച്ചതിന്നുശേഷം മാത്രം വേണമെങ്കില്‍ ചിന്തിച്ചാല്‍ മതിയാവുന്നതാണ്.

------------------------------------------------------------------------------------------------------

ഒന്നാമതായി മകീര്യം ചിത്ര അവിട്ടം എന്ന മൂന്നു നാളുകളെ (നക്ഷത്രങ്ങളെ) ഒഴിച്ച് നി൪ത്തുക. അത് മൂന്നും കൂടി വേധമാണല്ലോ ബാക്കി 24 നക്ഷത്രങ്ങളെ മദ്ധ്യമരജ്ജുവിനെന്നപോലെ നാല് വീതം വിരല്‍ (കൈ വിരല്‍) മടക്കി നിവ൪ത്തിയാല്‍ ഒരേ വിരലില്‍ വരുന്നവ പരസ്പരം വേധങ്ങളാകും. എന്നാല്‍ അവ൪ക്ക് ഒരു ക്രമം വേറെയാണെന്നുമാത്രം. അതാണ്‌ ചുവടെ ചേ൪ക്കുന്നത്.

അശ്വം ചോത്യാതിരാമൂലം
മകം ചതയമീയിവ
നന്നാല്‍ മടക്കി നീ൪ത്തുമ്പോള്‍
ഒന്നില്‍ വന്നവ വേധമാം.

സാരം :-

അശ്വതി മുതല്‍ നാല് നക്ഷത്രങ്ങള്‍ വിരല്‍ മടക്കുകയും, ചോതി മുതല്‍ നിവ൪ത്തുകയും, അതുപോലെ തിരുവാതിര തൊട്ട് മടക്കുകയും മൂലം തൊട്ടു നിവ൪ത്തുകയും പിന്നെ മകം തൊട്ടു മടക്കി ചതയം തൊട്ടു നിവ൪ത്തുക എന്ന് സാരം. 

മദ്ധ്യമരജ്ജു പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ഗണയേത് ക്രമോത്ക്രമാഭ്യാ-
മശ്വിന്യാദീന്യഥാംഗുലിത്രിതയേ

തത്രൈകാംഗുലിയാതം
ദമ്പത്യോ൪ജ്ജന്മതാരകാദ്വിതയം
നിന്ദ്യം, മദ്ധ്യാംഗുലികം
കഷ്ടതരം തദ്ധി "മദ്ധ്യരജ്ജ്വാ"ഖ്യം

സാരം :-

അശ്വതി ആദ്യത്തെ വിരല്‍ (കൈ വിരല്‍) മടക്കിയും, ഭരണി രണ്ടാമത്തെ വിരല്‍ മടക്കിയും, കാ൪ത്തിക മൂന്നാമത്തെ വിരല്‍ മടക്കിയും എണ്ണുക. പിന്നെ നേരെ വിപരീതം, രോഹിണി മൂന്നാം വിരല്‍ നിവ൪ത്തിയും, മകീര്യം രണ്ടാം വിരല്‍ നിവ൪ത്തിയും തിരുവാതിര ഒന്നാം വിരല്‍ നിവ൪ത്തിയും  എണ്ണുക, ഇങ്ങനെ മുമ്മൂന്നു നക്ഷത്രങ്ങളായിട്ട്, ക്രമേണ മുമ്മൂന്നു വിരലുകള്‍ മടക്കിയും നിവ൪ത്തിയും എണ്ണുക. അതില്‍ ഒരേ വിരലിന്മേല്‍ വരുന്ന നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ തമ്മിലുള്ള വിവാഹം നിന്ദ്യമാണ്. നടുവിലത്തെ വിരലിന്മേല്‍ വരുന്ന - ഭരണി, മകീര്യം, പൂയ്യം, പൂരം, ചിത്ര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളില്‍ സ്ത്രീപുരുഷന്മാ൪ തമ്മിലുള്ള വിവാഹം അത്യാപല്‍ക്കരവുമാണ്.  നടുവിലത്തെ .വിരലിന്മേല്‍ സ്തീപുരുഷന്മാരുടെ നക്ഷത്രങ്ങള്‍ വരുന്നതിനെയാണ് "മദ്ധ്യമരജ്ജു" ദോഷം എന്ന് പറയുന്നത്. മദ്ധ്യമരജ്ജു ദോഷമുള്ള സ്ത്രീപുരുഷന്മാ൪ തമ്മില്ലുള്ള വിവാഹം നിന്ദ്യമാണ്.


*******************************


മൂന്ന് വിരലുകളില്‍ ക്രമാനുക്രമങ്ങളായിട്ട് അശ്വതി മുതല്‍ രേവതി വരെ ഉള്ള നക്ഷത്രങ്ങളെ അശ്വതി, ഭരണി, കാര്‍ത്തിക എന്ന് ഒരുവശത്തോട്ടും, രോഹിണി, മകയിരം, തിരുവാതിര എന്നു മറുവശത്തോട്ടും അനുലോമ പ്രതിലോമങ്ങളായി എണ്ണുമ്പോള്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വന്നാല്‍ രജ്ജുപ്പൊരുത്തം ഉത്തമമാകുന്നു.

മദ്ധ്യമ രജ്ജുദോഷം വന്നാല്‍ സന്താനങ്ങള്‍ ഉണ്ടാകാതിരിക്കുകയോ ഉണ്ടായാല്‍ അവരില്‍ നിന്നുമുള്ള അനുഭവം കുറയുകയോ ചെയ്യാനിടയുള്ളതാണ്.

രജ്ജുദോഷഫലം
ഏകാംഗുലിഗതേ വര്‍ജ്ജ്യേ
ദമ്പത്യോര്‍ ജന്മതാരകേ
മദ്ധ്യാംഗുലി ഗതേ താരൌ
മൃതിരുക് വൈരമിതൃതി

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങള്‍ ഒരു വിരലില്‍ത്തന്നെ വന്നാല്‍ അത് വര്‍ജ്ജ്യമാണെന്നും രണ്ടു നക്ഷത്രങ്ങളും മദ്ധ്യവിരലില്‍ വരുകയാണെങ്കില്‍ വൈരം, രോഗം, മരണം എന്നീ ഫലങ്ങള്‍ ഉണ്ടാകുമെന്നും സാരം.

സ്ത്രീപുരുഷന്മാരുടെ  നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വരുകയാണെങ്കില്‍ രജ്ജുപ്പൊരുത്തം ഉത്തമമാണ്.


കാലദീപത്തില്‍ പറയുന്നത്.
നടുവിരലിലേറ്റവും വരികിലഴകല്ലേംതും എന്നു പറഞ്ഞിരിക്കുന്നു.

ഫലപ്രവചനങ്ങളില്‍ മദ്ധ്യമരജ്ജുദോഷത്തില്‍പ്പെടുന്ന വധൂവരന്മാര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ആയ ദോഷഫലങ്ങള്‍ അനുഭവപ്പെടാതിരിക്കുകയില്ല. എന്നാല്‍ വധൂവരന്മാരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാരകമോ അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള രോഗങ്ങള്‍ക്കോ ഇടയായിക്കൊണ്ടിരിക്കുന്നതും അനുഭവമുള്ള കാര്യമാണ്.

രോഗം, വൈരം അഥവാ മരണം എന്നീ കഷ്ടാനുഭവങ്ങളും സന്താനങ്ങളില്‍ നിന്നും അതൃപ്തമായ അനുഭവങ്ങളും ദമ്പതികളില്‍ ഏതെങ്കിലും ഒരാള്‍ രോഗിയായിതീരുക മുതലായ അനുഭവങ്ങളുമുണ്ടാകും.


മദ്ധ്യമരജ്ജുവിനെക്കുറിച്ചുള്ള ഭാഷാശ്ലോകം

നാളൊക്കെ മൂന്നു വിരല്‍ മടക്കി നീ൪ത്തി-
യെണ്ണുമ്പൊളൊന്നില്‍ വരുമായവ ചേ൪ക്ക വയ്യ;
എന്നാല്‍ നടുക്കു വരുമൊമ്പതു തീരെ വ൪ജ്ജ്യ-
മാകുന്നിതായതുകള്‍ മദ്ധ്യമരജ്ജുവല്ലോ.


സ്ത്രീദീ൪ഘ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീ പുരുഷന്മാരുടെ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു പൊരുത്തമാണ് സ്ത്രീദീ൪ഘം. സ്ത്രീദീ൪ഘപ്പൊരുത്തത്തിനെ സംസ്കൃതത്തില്‍ "സ്ത്രീദൂരം" എന്ന് പറയുന്നു. സ്ത്രീയുടെ ജന്മനക്ഷത്രത്തില്‍ നിന്നും പുരുഷന്‍റെ ജന്മനക്ഷത്രം പതിനഞ്ചോ (15) അതില്‍  കൂടുതലോ ആയി നിന്നാല്‍  സ്ത്രീദീ൪ഘ പൊരുത്തം ഉത്തമമായിരിക്കും. 

സ്ത്രീദീ൪ഘപ്പൊരുത്തം സ്ത്രീക്ക് സുഖത്തേയും സമ്പത്തിനേയും പ്രദാനം ചെയ്യുന്നു.

സ്ത്രീദീ൪ഘപ്പൊരുത്തം ഗണപൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാണ്.


ഗണയേത് സ്ത്രീജന്മ൪ക്ഷാത്
ജന്മ൪ക്ഷാന്തം വരസ്യ, സംഖ്യാƒത്ര

പഞ്ചദശാഭ്യധികാ ചേത്
സ്ത്രീദീ൪ഘാഖ്യോ ഭവേത് ക്രമാച്ഛുഭദം


സാരം :-

സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷന്‍റെ ജന്മനക്ഷത്രം കൂടി എണ്ണിയാല്‍ പതിനഞ്ചിലധികമുണ്ടെങ്കില്‍, അതാണ്‌ സ്ത്രീദീ൪ഘം എന്ന് പറയുന്ന പൊരുത്തം. ജന്മനക്ഷത്രങ്ങളുടെ ഈ അകല്‍ച്ച കൂടിയേടത്തോളം ശുഭകരവുമാകുന്നു. 

ദിന പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീ നക്ഷത്രത്തേയും പുരുഷ നക്ഷത്രത്തേയും അടിസ്ഥാനപ്പെടുത്തി പറയുന്ന മറ്റൊരു പ്രധാന പൊരുത്തമാണ് ദിനപ്പൊരുത്തം. ദിനപ്പൊരുത്തത്തിനെ സംസ്കൃതത്തില്‍ "താരാകൂടം" എന്ന് പറയുന്നു.

സ്ത്രീപുരുഷന്മാ൪ക്ക് ദിനപ്പൊരുത്തം ഉണ്ടായാല്‍ വിവാഹശേഷം ആയുസ്സിനും ആരോഗ്യത്തിനും നല്ലതാണ്


സ്ത്രീജന്മ൪ക്ഷാത് പ്രഥമാത്
തൃതീയഭേ, പഞ്ചമേ ച, സപ്തമഭേ,

ജാതോ വ൪ജ്ജ്യഃ പുരുഷഃ;
ക്രമാത് തു തേഷു ദ്വിതീയജന്മ൪ക്ഷാത്
പ്രഥമാന്ത്യതൃതീയാംശേ
ജാതോ നിന്ദ്യ സ്തൃതീയജന്മ൪ക്ഷാത്

തേഷു ക്രൂരാംശഭവോ 
നിന്ദ്യശ്ചൈവം, ദിനാഖ്യമപി വിദ്യാത്.

സാരം :- 

സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു. വിവാഹത്തിന് യോജിച്ചതല്ല.

രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് മൂന്നാം നാളിന്‍റെ (മൂന്നാമത്തെ നക്ഷത്രത്തിന്‍റെ) ആദ്യ കാലിലും (ആദ്യ നക്ഷത്ര പാദം), അഞ്ചാം നാളിന്‍റെ നാലാം കാലിലും (നാലാമത്തെ നക്ഷത്ര പാദം), ഏഴാം നാളിന്‍റെ മൂന്നാം കാലിലും ജനിച്ച പുരുഷന്‍ നിന്ദ്യനാകുന്നു. വിവാഹത്തിന് യോജിച്ചതല്ല.

മൂന്നാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 എന്നീ മൂന്ന് നക്ഷത്രങ്ങളിലും "പാപാംശം"* ഉണ്ടെങ്കില്‍ അതില്‍ ജനിച്ച പുരുഷനും നിന്ദ്യമാകുന്നു. വിവാഹത്തിന് യോജിച്ചതല്ല. ഇതിനെയാണ് ദിന പൊരുത്തം എന്ന് പറയുന്നത്.


**********************

പ്രഥമാത് സ്ത്രീജന്മ൪ക്ഷാത്
സപ്തമജോ വാ തൃതീയജോ വാപി

കഷ്ടതരഃ സ്യാത്, പഞ്ചമ-
ജാതഃ കഷ്ടോ വിശേഷ ഇതി പ്രോക്തം.


സാരം :-

സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-7 എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ ആണ് മേല്‍പറഞ്ഞവയില്‍ വെച്ച് അധികം ദോഷപ്രദാനായിട്ടുള്ളത്‌.

അഞ്ചാമത്തെ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്‍ എത്രയോ അധികം ദോഷപ്രദനുമാകുന്നു. വിവാഹത്തിന് യോജിച്ചതല്ല


********************************


ഇതിനും പുറമേ സ്ത്രീ ജനിച്ചപാദം മുതല്‍ 88-ം, 108-ം പാദങ്ങളില്‍ ജനിച്ച പുരുഷനും വര്‍ജ്ജ്യമാണ്.


കന്യാപിറന്നകാല്‍ തൊട്ടങ്ങെമ്പത്തെട്ടാമതും തഥാ
നൂറ്റെട്ടാം കാലുമാവും ജന്മക്കാലെങ്കില്‍ വര്‍ജ്ജ്യയേല്‍




ദിനാദായുഷ്യമാരോഗ്യം എന്ന് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ദമ്പതികള്‍ക്ക് ആയുരാരോഗ്യവൃദ്ധി ഉണ്ടാകാനിടയാക്കുന്നതാണ് ദിനപ്പൊരുത്തം.


--------------------------------------------------------------------------------------------

* അശ്വതിയുടെ ഒന്നാം കാല്‍ (അശ്വതി നക്ഷത്രത്തിന്‍റെ ഒന്നാമത്തെ പാദം) മേടത്തിന്‍റെ അംശകവും, അശ്വതി നക്ഷത്രത്തിന്‍റെ രാണ്ടാമത്തെ കാല്‍  ഇടവത്തിന്‍റെയും, ക്രമത്തില്‍ അശ്വതി നക്ഷത്രത്തിന്‍റെ നാലാം കാല്‍ ക൪ക്കിടകത്തിന്‍റെ അംശകവും, ഭരണിയുടെ ഒന്നാം കാല്‍ ചിങ്ങത്തിന്‍റെയും ഈ ക്രമത്തില്‍ കാ൪ത്തികയുടെ നാലാം കാലില്‍ മീനത്തിന്‍റെ അംശകവുമാകുന്നു.  രോഹിണി മുതല്‍, ഇതു പോലെ മുമ്മൂന്നു നക്ഷത്രങ്ങളേക്കൊണ്ട് വീണ്ടും 12 രാശികളിലും ഓരോ പരിവൃത്തി വരുന്നതുമാണ്. ഇതില്‍ പാപരാശികളായ മേടം, ചിങ്ങം മുതലായ രാശികളില്‍ വരുന്ന നക്ഷത്രപാദമാണ് "പാപാംശകം" എന്ന് പറയുന്നത്. 

യോനി പൊരുത്തം കൊണ്ടുപിടിക്കുന്നത് എങ്ങനെ?

ജ്യേഷ്ഠാദിപഞ്ച താരാ
ദസ്രഭയമപുഷ്യസാ൪പ്പപിതൃഭാഗ്യാഃ
ശൂ൪പ്പൈകാംഘ്രിപമരുതഃ
പൂരുഷാഖ്യാസ്താരകാ, സ്ത്രിയസ്ത്വന്യാഃ

സാരം :-

പുരുഷ നക്ഷത്രങ്ങള്‍

തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, വിശാഖം, പൂരോരുട്ടാതി, ചോതി എന്നീ പതിനാല് നക്ഷത്രങ്ങള്‍ പുരുഷ നക്ഷത്രങ്ങള്‍

സ്ത്രീ നക്ഷത്രങ്ങള്‍

കാ൪ത്തിക, രോഹിണി, മകീര്യം, തിരുവാതിര, പുണ൪തം, പൂരം, അത്തം, ചിത്ര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിമൂന്നു നക്ഷത്രങ്ങള്‍ സ്ത്രീ നക്ഷത്രങ്ങള്‍.


***************


പുരുഷഃ പുരുഷ൪ക്ഷഭവോ,
നാരീ നാ൪യ്യ൪ക്ഷജാ ശുഭൌ ഭവതഃ
വിപരീതഭവൗ നേഷ്ടൗ,
ദ്വാവപി നാ൪യ്യ൪ക്ഷജൗ തു മദ്ധ്യൗ സ്തഃ

ദ്വാവപി പുരുഷ൪ക്ഷഭവൗ
നിന്ദ്യാ; വിതി യോനി സംജ്ഞിതഃ കഥിതഃ

സാരം :-

പുരുഷനക്ഷത്രത്തില്‍ ജനിച്ച പുരുഷനും സ്ത്രീ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീയും തമ്മിലുള്ള വിവാഹം ഉത്തമം.

പുരുഷനക്ഷത്രത്തില്‍ ജനിച്ച സ്ത്രീയും സ്ത്രീ നക്ഷത്രത്തില്‍ ജനിച്ച പുരുഷനും തമ്മിലുള്ള വിവാഹം അധമം. വിവാഹ ജീവിതത്തില്‍ ക്ലേശം സംഭവിക്കുന്നു.

സ്ത്രീയും പുരുഷനും സ്ത്രീ നക്ഷത്രത്തില്‍ ജനിച്ചവരാണെങ്കില്‍ അവ൪ തമ്മിലുള്ള വിവാഹം മദ്ധ്യമവുമാകുന്നു.

സ്ത്രീയും പുരുഷനും പുരുഷ നക്ഷത്രത്തില്‍ ജനിച്ചവരാണെങ്കില്‍ അവ൪ തമ്മിലുള്ള വിവാഹം  നിന്ദ്യവുമാണ്‌.


*****************************


പൂരോരട്ടാതിയോണം ഭരണിയഹി ഹയം
പൂയ്യമുത്രാടമുത്രം
പൂരാടം കേട്ട ചോതീ മകവുമഥ വിശാ-
ഖാഖ്യമൂലം പുമാന്മാര്‍.

ഉത്രട്ടാദ്യതിരാ കേള്‍ ചതയമനിഴവും
രേവതീ കാര്‍ത്തികാത്തം.
ചിത്രാവിട്ടം മകീരം പുണര്‍തവുമതുപോല്‍
രോഹണീ പൂരവും സ്ത്രീ.


പരസ്പരധാരണയും യോജിപ്പുമാണ് യോനിപ്പൊരുത്തത്തിന്‍റെ ഫലം. യോനിപ്പൊരുത്തത്തിന്‍റെ ഫലം സംതൃപ്തികരമായ സുഖാനുഭവവും സാമ്പത്തിക സുഖാഭിവൃദ്ധിയുമാകുന്നു. ലൈംഗിക തൃപ്തിയോടൊപ്പം എല്ലാവിധ സ്വഭാവങ്ങളേയും യോനി പൊരുത്തം സൂചിപ്പിക്കുന്നു.


ഗണപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

നക്ഷത്രങ്ങളെ ദേവഗണമെന്നും മനുഷ്യഗണമെന്നും, അസുരഗണമെന്നും 3 ആയി തരം തിരിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ പുരുഷന്മാ൪ക്ക് പൊരുത്തമുണ്ടോ എന്ന് കാണുന്നതാണ് ഗണപ്പൊരുത്തം.

സത്വഗുണ പ്രധാന നക്ഷത്രങ്ങളെ ദേവഗണമെന്നും, രജോഗുണ പ്രധാന നക്ഷത്രങ്ങളെ മനുഷ്യഗണമെന്നും, തമോഗുണ പ്രധാന നക്ഷത്രങ്ങളെ അസുരഗണമെന്നും പറയുന്നു.


പുഷ്യാദിതിഹരിമിത്ര
സ്വാത്യശ്വിഭഹസ്തരേവതീന്ദ്വധിപാഃ 
ഏതാ  നവ ദേവാഖ്യാ
മനുഷ്യസംജ്ഞാ നവാƒഥ കഥ്യന്തേ

സാരം :-

ദേവഗണം നക്ഷത്രങ്ങള്‍

1. പൂയ്യം

2. പുണ൪തം

3. തിരുവോണം

4. അനിഴം

5. ചോതി

6 അശ്വതി

7. അത്തം

8. രേവതി

9. മകീര്യം

 എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ദേവഗണങ്ങളാകുന്നു.


**********************


പൂ൪വ്വാത്രയയമരോഹി-
ണ്യാ൪ദ്രാവിശ്വാഖ്യഭാഗ്യബുദ്ധ്ന്യധിപാഃ
ശേഷാ നവാƒസുരാഖ്യാ-
സ്താരാ ഇതി കീ൪ത്തിതം ഗണത്രിതയം.

സാരം :-

മനുഷ്യഗണം നക്ഷത്രങ്ങള്‍

1. പൂരം

2. പൂരാടം

3. പൂരോരുട്ടാതി

4. ഭരണി

5. രോഹിണി

6. തിരുവാതിര

7. ഉത്രാടം

8. ഉത്രം

9. ഉത്രട്ടാതി

എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ മനുഷ്യഗണങ്ങള്‍ ആകുന്നു



********************

അസുരഗണം നക്ഷത്രങ്ങള്‍

1. കാ൪ത്തിക

2. ആയില്യം

3. മകം

4. ചിത്രം

5. വിശാഖം

6. തൃക്കേട്ട

7. മൂലം

8. അവിട്ടം

9. ചതയം

എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ അസുരഗണങ്ങളാകുന്നു



**********************************


ശുഭദം ഗണൈക്യ.മിതര-
ന്നിന്ദ്യം, പ്രായോ, വിശേഷമിഹ വക്ഷ്യേ
ദേവഗണോത്ഥേ പുരുഷേ
മാനുഷഗണസംഭവാപി ശുഭദാ സ്ത്രീ

സാരം :-

സ്ത്രീ പുരുഷന്‍മാര്‍ ഒരേ ഗണത്തില്‍ ജനിച്ചവരാണെങ്കില്‍, ശുഭപ്രദമാകുന്നു. രണ്ടുപേരും രണ്ടു ഗണത്തില്‍ ജനിച്ചവരാണെങ്കില്‍ പ്രായേണ നിന്ദ്യവുമാണ്. എന്നാല്‍ ഇവിടെ കുറച്ചു ചില വിശേഷമുള്ളതും പറയാം. ദേവഗണത്തില്‍ ജനിച്ച പുരുഷനാണെങ്കില്‍ മനുഷ്യഗണനക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ആയാലും ശുഭപ്രദം തന്നേയാകുന്നു.


********************


അസുരഗണോത്ഥേ പുരുഷേ
മദ്ധ്യാ സ്യാത് സ്ത്രീ മനുഷ്യഗണജാതാ
ദേവഗണസംഭവായാം
യോഷിതി നൃഗണോത്ഭവഃ പുമാന്‍ നിന്ദ്യഃ.


സാരം :-

പുരുഷന്‍ അസുരഗണത്തില്‍ ജനിച്ചവനാണെങ്കില്‍, മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീയെ മദ്ധ്യമമായി എടുക്കാം.

മനുഷ്യഗണത്തില്‍ ജനിച്ച പുരുഷന്‍ ദേവഗണത്തില്‍ ജനിച്ച സ്ത്രീയെ എടുക്കുന്നത് നിന്ദ്യവുമാകുന്നു. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്. കാരണം, മനുഷ്യന്‍ ദേവതകളെ പൂജിയ്ക്കുന്നതു പോലെ പുരുഷന്‍ സ്ത്രീയെ (ഭാര്യയെ) പൂജിയ്ക്കുമെന്ന് കരുതുന്നു.).


അസുരഗണോക്ത നാരീ
കഷ്ടതരാ മാനുഷോത്ഭവേ പുരുഷേ
നാത്യശുഭാ സാപി സ്യാത്
സ്ത്രീദീര്‍ഘേ വാപി, സൂക്ഷമഗണൈക്യേ.




സാരം :-

മാനുഷഗണജാതനായ പുരുഷന്‍ അസുരഗണജാതയായ സ്ത്രീയെ വിവാഹം ചെയ്യുന്നത് അത്യന്തം ദേഷപ്രദമാകുന്നു. "സ്ത്രീദീര്‍ഘമോ" "സൂക്ഷമനക്ഷത്രഗണൈക്യ"മൊ ഉണ്ടെങ്കില്‍, ഒടുവില്‍ പറഞ്ഞ ഈ ദോഷത്തിന്‍റെ ശക്തി കുറച്ചു കുറയുകയും ചെയ്യും.


**********************************


സൂക്ഷമനക്ഷത്രഗണൈക്യ മാണ് ഇനി പറയുവാന്‍ പോകുന്നത്.

ദമ്പതി ലഗ്നോത്ഭവയോ-
ശ്ചന്ദ്രസ്യ നവാംശകോത്ഥയോര്‍വ്വാപി
നക്ഷത്രയോര്‍ഗ്ഗണൈക്യം
സൂക്ഷമര്‍ക്ഷഗണൈക്യ ശബ്ദഗദിതമിഹ

സാരം :-

സ്ത്രീയുടേയും പുരുഷന്റേയും ലഗ്നസ്ഫുടത്തെ വേറെ വെച്ച് രണ്ടില്‍ നിന്നു നാള് കാണുക. അല്ലെങ്കില്‍ ഇരുവരുടേയും ചന്ദ്രന്റെ നവാംശക സ്ഫുടം വരുത്തി അതില്‍ നിന്നായാലും നാള് കണ്ടാല്‍ മതി. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങളെയാണ് സൂക്ഷ്മ നക്ഷത്രങ്ങള്‍ എന്നു പറയുന്നത്. ഈ സൂക്ഷമനക്ഷത്രങ്ങളുടെ ഗണം ഒന്നായി വന്നാല്‍, അതിനെയാണ് സൂക്ഷ്മനക്ഷത്രഗണൈക്യം എന്നു പറയുന്നത്.


**********************************


പൂരോത്രാദ്യങ്ങള്‍ മൂന്നാംതിര ഭരണിയുമാ
രോഹണീ മര്‍ത്ത്യരോവം

ചിത്ര തൃക്കേട്ട മൂലം മകചതയവിട്ടം
കാര്‍ത്തികായില്യവും,
ശംഖം താന്‍ രാക്ഷസന്മാര്‍.

പുണര്‍തവുമനിഴം
പൂയ്യമത്തം തിരോണം
രേവത്യശ്വം മകീരം സുരഗണമിവയില്‍
ചോതിയും ചേര്‍ത്തിടേണം

പൂരോത്രാദ്യങ്ങള്‍ - പൂരം, പൂരാടം, പൂരോരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി.



***************************************


ഒന്നായ് വന്നാല്‍ ഗണം താനതു ബഹുഗുണമായ്
ദോഷമാകും മറിച്ചായ് -
വന്നാ; ലെന്നാല്‍ വിശേഷം പുനരിഹ പറയാം

ദേവനാ നാരി ചേരും;
കഷ്ടിച്ചാ നാരിയാകാമസുരനു; മനുജ-
ന്നപ്സരസ്ത്രീ നിഷിദ്ധം;
മ൪ത്ത്യന്നാ രാക്ഷസസ്ത്രീ വരികിലതു മഹാ-
ദോഷമാകും വിശേഷാല്‍

സാരം :-

ഇതില്‍ മനുഷ്യന്‍ മുതലായവകൊണ്ട്‌, അതാതു ജാതിയില്‍ അതാതു ലിംഗവും ധരിയ്ക്കണം. ദേവന്‍ എന്ന് പറഞ്ഞാല്‍  ദേവഗണത്തില്‍ പുരുഷന്‍ എന്നും, നാരീ എന്ന് പറഞ്ഞാല്‍ മനുഷ്യഗണത്തില്‍ സ്ത്രീ എന്നും ധരിച്ചുകൊള്ളണം എന്ന് സാരം.  


ഗണമൊന്നാകിലോ മുഖ്യം
മദ്ധ്യമം ദേവ മാനുഷം
ദേവാസുര ഗണം നിന്ദ്യം
ആകാ മാനുഷ രാക്ഷസം

പൂരം, പൂരാടം, പൂരോരുട്ടാതി, ഭരണി, രോഹിണി തിരുവാതിര, ഉത്രാടം, ഉത്രം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ മനുഷ്യഗണങ്ങളും.

കാര്‍ത്തിക, ആയില്യം, മകം, ചിത്രം, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നീ ഒമ്പത് നക്ഷത്രങ്ങളും  അസുരഗണങ്ങളുമാകുന്നു.

പുണര്‍തം, അനിഴം, പൂയ്യം, അത്തം, തിരുവോണം, രേവതി, അശ്വതി, മകീര്യം, ചോതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ദേവ ഗണങ്ങളുമാകുന്നു.


സ്ത്രീ രാക്ഷസം പുമാന്‍ മര്‍ത്ത്യഗണമെങ്കില്‍ വിവര്‍ജ്ജ്യയേല്‍ എന്നും

സ്ത്രീ രാക്ഷസസ്യദോഷസ്യ
ചതുര്‍ദശ വിനാഫലം എന്നും ശാസ്ത്രവചനമുണ്ട്.

ആയതിനാല്‍ സ്ത്രീ രാക്ഷസഗണവും പുരുഷന്‍ മാനുഷഗണവും ആയാല്‍ അധമമാണ്.
എന്നാല്‍ സ്ത്രീ രാക്ഷസഗണമായാല്‍ സ്ത്രീനാള്‍ മുതല്‍ 14 നക്ഷത്രത്തിന് മേലുള്ള മറ്റു ഗണങ്ങളില്‍ പുരുഷന്‍ ജനിച്ചാല്‍ ദോഷമല്ലാത്തതാകുന്നു.

സ്ത്രീ ദീര്‍ഘതയാല്‍ സ്ത്രീയുടെ അസുരഗണദോഷം മാറുന്നതാണെന്ന് താല്‍പര്യം.



******************************


ഗണപ്പൊരുത്ത നിയമങ്ങള്‍

1. സ്ത്രീ നക്ഷത്രവും പുരുഷ നക്ഷത്രവും ഒരേ ഗണമായാല്‍ ഗണപ്പൊരുത്തം ഉത്തമം

2. സ്ത്രീ നക്ഷത്രം മനുഷ്യഗണം പുരുഷ നക്ഷത്രം ദേവഗണം ഗണപ്പൊരുത്തം ഉണ്ട്.

3. സ്ത്രീ നക്ഷത്രം മനുഷ്യഗണം പുരുഷ നക്ഷത്രം അസുരഗണം ഗണപ്പൊരുത്തം മധ്യമം.

4. സ്ത്രീ നക്ഷത്രം ദേവഗണം പുരുഷ നക്ഷത്രം മനുഷ്യഗണം ഗണപ്പൊരുത്തം അധമം, ഭയം ഫലം. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്. കാരണം, മനുഷ്യന്‍ ദേവതകളെ പൂജിയ്ക്കുന്നതു പോലെ പുരുഷന്‍ സ്ത്രീയെ (ഭാര്യയെ) പൂജിയ്ക്കുമെന്ന് കരുതുന്നു.)

5. സ്ത്രീ നക്ഷത്രം രാക്ഷസഗണം പുരുഷ നക്ഷത്രം മനുഷ്യഗണം പൊരുത്തമില്ല.

6. സ്ത്രീ നക്ഷത്രം ദേവഗണം പുരുഷ നക്ഷത്രം രാക്ഷസഗണം നിന്ദ്യം, കലഹം ഫലം

7. സ്ത്രീ നക്ഷത്രം രാക്ഷസഗണം പുരുഷ നക്ഷത്രം ദേവഗണം പൊരുത്തമില്ല, മരണം ഫലം.

മാഹേന്ദ്രപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീജന്മ൪ക്ഷത്രിതയാത്
ചതു൪ത്ഥദിക് സപ്തമേഷ്വഥ൪ക്ഷേഷു
ജാതഃ ശുഭകൃത് പുരുഷോ,
മാഹേന്ദ്രാഖ്യാഃ പ്രകീ൪ത്തിതശ്ചൈവം.

സാരം :-

സ്ത്രീയുടെ മൂന്ന് ജന്മനക്ഷത്രങ്ങളില്‍ നിന്നും 4-7-10 എന്നീ നാളുകളില്‍ (നക്ഷത്രങ്ങളില്‍) ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു. ഈ യോഗത്തെയാണ് മാഹേന്ദ്രം എന്ന് പറയുന്നത്.

മാഹേന്ദ്രപ്പൊരുത്തം നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള പൊരുത്തമാണ്. "മഹാകേന്ദ്രം" എന്ന വാക്ക് ലോപിച്ച് മാഹേന്ദ്രമായതാണെന്ന് പറയുന്നു.


സ്ത്രീ ജനിച്ച നക്ഷത്രം ഒന്നാമത്തെ നക്ഷത്രവും, അതില്‍ നിന്ന് പത്താമത്തെ നക്ഷത്രം രണ്ടാമത്തെ ജന്മനക്ഷത്രവും, 19 മത്തെ നക്ഷത്രം മൂന്നാമത്തെ ജന്മനക്ഷത്രമാകുന്നു. ഉദാഹരണം മകം നക്ഷത്രത്തിലാണ് സ്ത്രീ ജനിച്ചതെങ്കില്‍ അത് ഒന്നാമത്തെ ജന്മനക്ഷത്രമായും അതില്‍ നിന്ന് പത്താമത്തെ നക്ഷത്രമായ മൂലം രണ്ടാമത്തെ ജന്മനക്ഷത്രമായും, മേല്പോട്ട് എണ്ണിയാല്‍ മൂലത്തില്‍ നിന്ന് പത്താമത്തേതായ (മകത്തില്‍ നിന്ന് 19-മത്തെതായ) അശ്വതി മൂന്നാമത്തെ ജന്മനക്ഷത്രമാണ് മൂന്നിനും കൂടി പൊതുവെ ജന്മനക്ഷത്രങ്ങള്‍ എന്ന് പറയുന്നു.

മാഹേന്ദ്രപ്പൊരുത്തത്തില്‍ ഏഴാമത്തെ നക്ഷത്രം വരുന്ന പുരുഷന്‍ നല്ലതാണെന്ന് പറയുന്നു. പക്ഷെ ദിനപ്പൊരുത്തം പറയുമ്പോള്‍ ഏഴാമത്തെ നക്ഷത്രം വധനക്ഷത്രമാണെന്നും ആ പൊരുത്തം ദോഷമാണെന്നും പറയുന്നു. ഈ രണ്ട് അഭിപ്രായങ്ങളും എങ്ങനെ യോജിക്കും?.

ഇതിന് സമാധാനം പറയുന്നതിങ്ങനെയാണ്. ദിനപൊരുത്തത്തിന്‍റെയും മാഹേന്ദ്രപ്പൊരുത്തത്തിന്‍റെ ഫലം രണ്ടാണ്. ദിനപ്പൊരുത്തം = ദീ൪ഘായുസ്സ്, മാഹേന്ദ്രപ്പൊരുത്തം = സന്താനഭാഗ്യം. ഒന്നിന്‍റെ ഗുണവും മറ്റേത്തിന്‍റെ ദോഷവും അനുഭവിക്കും. ദീ൪ഘായുസ്സായിരിക്കും സന്താനസുഖം കുറയും. ആയുസ്സ് കുറയും പക്ഷേ സന്താനസുഖം ലഭിക്കും. സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള പുരുഷന്‍റെ കഴിവിനെ മാഹേന്ദ്രപ്പൊരുത്തം സൂചിപ്പിക്കുന്നു. 

വശ്യപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?


വൃശ്ചികസിംഹൌ, ക൪ക്കട-
ജൂകൌ, കന്യാഥ, കോ൪പ്പിചാപാഹ്വൗ;
തൗലി, സ്തൃതീയമീനൗ, ദശമൌ
മൃഗകന്യേ, ക൪ക്കടോƒഥ, മീനാഖ്യഃ

ഘടമേഷാവഥ, മേഷോ,
മൃഗ, ഇതി വശ്യാഃ ക്രമാദജാദീനാം;
അന്യേന്ദോ൪വ്വശ്യ൪ക്ഷേ
സ്വജന്മശുഭദം ഭവേദയം വശ്യഃ

സാരം :-

മേടത്തിന് വൃശ്ചികവും ചിങ്ങവും വശ്യം

ഇടവത്തിന് ക൪ക്കിടകവും തുലാവും വശ്യം

മിഥുനത്തിന്  കന്നി വശ്യം

ക൪ക്കിടകത്തിന് വൃശ്ചികം ധനുവും വശ്യം

ചിങ്ങത്തിന് തുലാം വശ്യം

കന്നിയ്ക്ക് മിഥുനവും മീനവും വശ്യം

തുലാത്തിന് മകരവും കന്നിയും വശ്യം

വൃശ്ചികത്തിന് ക൪ക്കിടകം വശ്യം

ധനുവിന് മീനം വശ്യം

മകരത്തിന് കുംഭവും മേടവും വശ്യം

കുംഭത്തിന് മേടം വശ്യം

മീനത്തിന് മകരം വശ്യം


സ്ത്രീയുടെയും പുരുഷന്‍റെയും ചന്ദ്രരാശികള്‍ (കൂറുകള്‍) പരസ്പരം വശ്യരാശികളായിരിക്കുന്നത് ശുഭപ്രദമാകുന്നു.

സ്ത്രീയുടെ ചന്ദ്രരാശിക്ക് പുരുഷന്‍റെ ചന്ദ്രരാശി വശ്യമായിരുന്നാല്‍ വശ്യപ്പൊരുത്തമുണ്ട്.

പുരുഷന്‍റെ ചന്ദ്രരാശിക്ക്  സ്ത്രീയുടെ ചന്ദ്രരാശി വശ്യമായിരുന്നാല്‍ വശ്യപ്പൊരുത്തമുണ്ട്.


****************************************************************


മേഷസ്യവശ്യസിംഹളീ
വൃഷഭേ കര്‍ക്കിതുലാമതും
മിഥുനസ്യ വശ്യവനിതാ
കര്‍ക്കടേ വൃശ്ചികം ധനു
ചിങ്ങത്തിന് തുലാം വശ്യം
കന്നിയ്ക്ക് മിഥുന മീനവും
മകരം കന്നി തുലാത്തിന്
വൃശ്ചികേ വശ്യ കര്‍ക്കിയാം
ധനുസിന്ന് മീനം വശ്യം
മകരേ മേഷ കുംഭവും
കുംഭത്തിന് മേടം വശ്യം
മീനേ മകര രാശിയാം
രാശീനാം വശ്യമീവണ്ണം
വശ്യാതന്യോന്യ വശ്യതേ.

സ്ത്രീയുടെ ചന്ദ്രരാശിയില്‍ നിന്നോ പുരുഷന്റെ ചന്ദ്രരാശിയില്‍ നിന്നോ ഇപ്രകാരം വശ്യ രാശി വന്നാല്‍ വശ്യപ്പൊരുത്തം ഉണ്ടാകുന്നു. അതുകൊണ്ടാണ് വശ്യാതന്യോന്യവശ്യതേ എന്നുള്ള പ്രയോഗം കൊടുത്തിട്ടുള്ളത്.

ദ്വയാര്‍ത്ഥ പ്രയോഗത്താലുള്ള ഈ വരിയ്ക്ക് രണ്ടുപ്രകാരത്തില്‍പ്പെടുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങളുള്ളതിനാല്‍ വശ്യപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് അന്യോന്യം മനോരമ്യത (പരസ്പരാകര്‍ഷണം) ഭവിയ്ക്കാനിടയാകുന്നു.

സമസപ്തമോ വശ്യഃ എന്നുള്ളതിനാല്‍ ലഗ്നാലോ ചന്ദ്രാലോ ഉണ്ടാകാവുന്ന സമസപ്തമം കൊണ്ട് (പരസ്പരം വശ്യം ആകര്‍ഷിക്കപ്പെടുന്ന സ്നേഹം) ഉണ്ടാകുന്നതാണ്.

സംപ്രീതിസമസപ്തമേ എന്ന് രാശിപ്പൊരുത്തത്തില്‍ സൂചിപ്പിക്കുന്നതനുസരിച്ച് ദമ്പതികള്‍ തമ്മില്‍ സ്നേഹത്തിനിടയാകുന്നതാണ്.

ഇപ്രകാരം വശ്യം ഭവിച്ചില്ലെങ്കില്‍ ദോഷത്തിന് പ്രാധാന്യം ഇല്ലാത്തതിനാല്‍ മദ്ധ്യമവുമാണ്.



സിംഹകീടൌ കര്‍ക്കിതൌലീ കന്യാചാപാളിനൌ തുലാ
നൃയുങ്മീനാ വേണ കന്യേ കര്‍ക്കടോന്ത്യോ ഘടക്രിയൌ
മേഷോമൃഗശ്ച വശ്യാഖ്യാ മേഷാദീനാം പദൈഃ ക്രമാല്‍
സ്ത്രീ ജന്മഭസൃ വശ്യാഖൃ രാശൌ ജാതഃ പൂമാന്‍ ശുഭഃ


വശ്യപ്പൊരുത്തം പരിഹാരമാകുന്ന സാഹചര്യങ്ങള്‍

1. വശ്യപ്പൊരുത്തം ഷഷ്ഠാഷ്ടമദോഷത്തിന് പരിഹാരമാകും

2. വശ്യപ്പൊരുത്തം യോനിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാണ്

3. വശ്യപ്പൊരുത്തമുണ്ടെങ്കില്‍ മറ്റു പൊരുത്തങ്ങളില്ലെങ്കിലും ദോഷമില്ല.

സ്ത്രീപുരുഷന്മാ൪ തമ്മില്‍ വശ്യപ്പൊരുത്തമുണ്ടെങ്കില്‍ എന്തെല്ലാം അഭിപ്രായവ്യത്യാസം വന്നാലും അവ൪ തമ്മിലുള്ള ബന്ധം വേ൪പെടുകയില്ലെന്ന് അഭിപ്രായമുണ്ട്. 


രാശ്യധിപ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

ഒരു വ്യക്തിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും മനോഭാവത്തെയും നിയന്ത്രിക്കുന്നത് അയാളുടെ ലഗ്നാധിപനായ ഗ്രഹവും ചന്ദ്രലഗ്നാധിപനായ ഗ്രഹവും ആണ്. അതുകൊണ്ട് രണ്ടു വ്യക്തികള്‍ സ്നേഹിതന്മാരാകുന്നതും. സ്നേഹത്തോടെ കഴിഞ്ഞുകൂടുന്നതും യാതൊരു പരിചയം ഭാവിക്കാതെ ഇരിക്കുന്നതും പരസ്പരവിരോധികളാകുന്നതും എല്ലാം ആ രണ്ടു വ്യക്തികളുടെ ലഗ്നാധിപന്‍റെയും ചന്ദ്രരാശ്യാധിപന്‍റെയും പ്രത്യേകത കൊണ്ടാണ്.

രണ്ടു വ്യക്തികളുടെ ലഗ്നാധിപനോ, ചന്ദ്രലഗ്നാധിപനോ രണ്ടു പേരും തന്നെയോ മിത്രങ്ങളായാല്‍ ആ വ്യക്തികള്‍ മിത്രങ്ങളാകും. രണ്ടു ഗ്രഹങ്ങളും സമന്മാരായാല്‍ രണ്ടു വ്യക്തികള്‍ക്കും സ്നേഹമോ വിരോധമോ ഇല്ലാതെ ഉദാസീനരായിരിക്കും. രണ്ടു ഗ്രഹങ്ങളും ശത്രുക്കളായാല്‍ അവരാല്‍  നിയന്ത്രിക്കപ്പെടുന്ന വ്യക്തികളും പരസ്പരം ശത്രുക്കളായിരിക്കും.

രാശ്യാധിപപ്പൊരുത്തത്തിനെ ഗ്രഹമൈത്രി എന്നും പറയാറുണ്ട്‌. രാശ്യധിപപ്പൊരുത്തത്തിന്‍റെ അടിസ്ഥാന തത്ത്വം ഗ്രഹമൈത്രിയാണ്.

സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പര മിത്രങ്ങളായാല്‍ രാശ്യധിപപ്പൊരുത്തമാകും.

സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പരം ശത്രുക്കളായാല്‍ രാശ്യധിപപ്പൊരുത്തം ഇല്ലാതാകും.

സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ സമന്മാരായാല്‍ രാശ്യധിപപ്പൊരുത്തം മധ്യമമാകും.



സ്ത്രീപുരുഷജന്മപത്യോ-
രൈക്യം സ്യാദ് ബന്ധുഭാവമപി ശുഭദം

സാരം :-

സ്ത്രീയുടേയും പുരുഷന്‍റെയും ജന്മാധിപന്മാ൪ (ചന്ദ്രരാശ്യധിപന്മാ൪) ഒന്നുതന്നെയായിരിക്കുന്നതും, ആ ഗ്രഹങ്ങള്‍ തമ്മില്‍ ബന്ധുക്കളായിരിക്കുന്നതും ഉത്തമമാകുന്നു.



ജീവോƒ൪ക്കസ്യ, ഗുരുജ്ഞൗ
ശശിനോ, ഭൗമസ്യ ശുക്രശശിപുത്രൗ;
ജ്ഞസ്യാƒദിത്യവിഹീനാ,
ഭൗമവിഹീനാഃ സുരേന്ദ്രപൂജ്യസ്യ,

സുഹൃദഃ സ്യു, ൪ഭൃഗുസൂനോഃ
ക്ഷണദാകരഭാനുവ൪ജ്ജിതാ വിഹഗാഃ
അ൪ക്കേന്ദുഭൌമഹീനാ
രവിസൂനോ൪; ഭാധിപാഖ്യമിതി ചിന്ത്യം.

സാരം :-

സൂര്യന് വ്യാഴം ബന്ധു മറ്റു ഗ്രഹങ്ങള്‍ ശത്രുക്കള്‍

ചന്ദ്രന് വ്യാഴവും ബുധനും ബന്ധുക്കള്‍ മറ്റു ഗ്രഹങ്ങള്‍ ശത്രുക്കള്‍

കുജന് ശുക്രനും ബുധനും ബന്ധുക്കള്‍ മറ്റു ഗ്രഹങ്ങള്‍ ശത്രുക്കള്‍

ബുധന് സൂര്യന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും ബന്ധുക്കള്‍  (സൂര്യന്‍ ശത്രു)

വ്യാഴത്തിന് കുജന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും ബന്ധുക്കള്‍ ( കുജന്‍ ശത്രു)

ശുക്രന് സൂര്യചന്ദ്രന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങള്‍ ബന്ധുക്കള്‍ (സൂര്യനും ചന്ദ്രനും ശത്രുക്കള്‍)

ശനിയ്ക്ക് സൂര്യ ചന്ദ്രകുജന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങള്‍ ബന്ധുക്കള്‍  (സൂര്യനും ചന്ദ്രനും കുജനും ശത്രുക്കള്‍)

മേല്‍പറഞ്ഞ പ്രകാരമാണ് രാശ്യാധിപത്യത്തെ വിചാരിക്കേണ്ടത്.


************************************************************

പൊരുത്തങ്ങള്‍ക്കെല്ലാം സ്ത്രീ രാശിമുതല്‍ നോക്കുന്നതില്‍ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ സ്ത്രീയുടെ രാശ്യാധിപന്‍റെ ശത്രുവായി പുരുഷ രാശ്യാധിപന്‍ വന്നാലും പരസ്പരം ശത്രുക്കളായി വന്നാലും രാശ്യാധിപപ്പൊരുത്തം അധമമാകുന്നു.

സ്ത്രീയുടെ രാശ്യാധിപന്‍റെ സമനായി പുരുഷ രാശ്യാധിപന്‍ ഭവിച്ചാല്‍ രാശ്യാധിപപ്പൊരുത്തം മദ്ധ്യമം. രണ്ടു ഗ്രഹങ്ങളും തമ്മില്‍ ഒരു പ്രകാരത്തില്‍ ശത്രുവും മറുപ്രകാരത്തില്‍ ബന്ധുവും ആയിവന്നാലും ആഗ്രഹങ്ങളെ തമ്മില്‍ സമന്മാരായി കണക്കാക്കേണ്ടത് ശാസ്ത്രനിയമമാകയാല്‍ അതനുസരിച്ചും രാശ്യാധിപപ്പൊരുത്തം മദ്ധ്യമം ആകുന്നു.

സന്താനം രാശ്യാധിപതി എന്ന് കാലവിധനം പറയുന്നതിനാല്‍ അതിനുകാരണം രണ്ടുപേരുടേയും രക്തം തമ്മിലുള്ള ഗ്രൂപ്പുകളുടെ യോജിപ്പിനാലാണെന്ന് തെളിയുന്നു. രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ ഒന്നാകുകയോ തമ്മില്‍ ഇഷ്ടഗ്രഹങ്ങളാകുകയോ ചെയ്താല്‍ അവരുടെ രക്തഗ്രൂപ്പുകള്‍ക്ക് തമ്മില്‍ യോജിപ്പ് ഉണ്ടാകുകയും തദ്വാരാ അവര്‍ തമ്മില്‍ സ്നേഹമുള്ളവരായി തീരുകയും അവര്‍ക്ക് ആശയപ്പൊരുത്തം ഭവിക്കാനിടയാകുകയും ചെയ്യുന്നതാണ്. ആയതിനാല്‍ സല്‍സന്താനഭാഗ്യവും സ്നേഹവായ്പും ഉണ്ടാകാനിടയാകുന്നതുമാണ്.



യോനിപ്പൊരുത്തവും വശ്യപ്പൊരുത്തവും പോലെ രാശ്യാധിപപ്പൊരുത്തവും സ്നേഹത്തെക്കുറിക്കുന്നതാണ്. 

രാശി പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്ത്രീ ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നാണ് രാശിപൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത്.


സ്ത്രീജന്മ൪ക്ഷാത് സപ്തമ-
രാശാ, വേകാദശേ, ച ദശമേ ച

ജാതോ നരഃ ശുഭഃ സ്യാദ്,
ദ്വാദശനവമാഷ്ടമേഷു ചാപി ശുഭഃ
നക്ഷത്രസ്യ തു ഭേദേ
സുശുഭഃ സ്യാത് പ്രഥമരാശിജശ്ചാപി.

സാരം :-

സ്ത്രീയുടെ ജന്മത്തില്‍ (ചന്ദ്രലഗ്നത്തില്‍) നിന്ന് 7-11-10-12-9-8 എന്നീ ഭാവങ്ങളിലൊന്നില്‍ പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ (സ്ത്രീയുടെ കൂറില്‍ നിന്ന് 7 മുതല്‍ 12 വരെ ഏതെങ്കിലും ഒരു കൂറില്‍) ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു.

സ്ത്രീയുടേയും പുരുഷന്‍റെയും  ജന്മം (ചന്ദ്രലഗ്നം) ഒന്നുതന്നെയായാലും, ജന്മനക്ഷത്രം സ്ത്രീയുടേയും പുരുഷന്‍റെയും ഒന്നല്ലെങ്കില്‍, ഉത്തമവുമാണ്.


പഞ്ചമതൃതീയയോശ്ച
ദ്വിതീയരാശൗ ച നേഷ്യതേ ജാതഃ
മദ്ധ്യശ്ചതു൪ത്ഥരാശ,-
വഷ്ടമരാശൗ ച മദ്ധ്യ ഇതി കേചിത്


സാരം :-

സ്ത്രീയുടെ കൂറില്‍ നിന്നുതന്നെ 5-3-2 ഈ കുറുകളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു.

നാലാമത്തെ കൂറില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനാകുന്നു.

എട്ടാമത്തെ കൂറില്‍ ജനിച്ച പുരുഷനും മദ്ധ്യമനായിരിയ്ക്കുമെന്ന് ഒരു അഭിപ്രായമുണ്ട്.


യുഗ്മാദ് സ്ത്രീജന്മ൪ക്ഷാദ്
ഷഷ്ഠേ ജാതോ വിവ൪ജ്ജ്യതേ പുരുഷഃ
ഓജാത് സ്ത്രീജന്മ൪ക്ഷാദ്
മദ്ധ്യഃ ഷഷ്ഠ൪ക്ഷജോ ഭവതി.

സാരം :-

എന്നാല്‍ സ്ത്രീയുടെ കൂറ് ഇടവം, ക൪ക്കിടകം ഇങ്ങനെ യുഗ്മ (ഇരട്ടപ്പെട്ട) രാശിയാണെങ്കില്‍, അതിന്‍റെ ആറാം കൂറില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു. നേരെ മറിച്ച്, മേടം, മിഥുനം ഇങ്ങനെ ഒറ്റപ്പെട്ട രാശിയാണ് സ്ത്രീയുടെ കൂറ് എങ്കില്‍, അതിന്‍റെ ആറാം രാശിയില്‍  ജനിച്ച പുരുഷന്‍ മദ്ധ്യമനുമാകുന്നു.


സ്ത്രീജന്മപൂ൪വ്വമേവം
വിചിന്തയേദ്രാശിസംജ്ഞിതം യോഗം

സാരം :-

മേല്‍പറഞ്ഞ "രാശി" എന്ന യോഗം ആദ്യമായി സ്ത്രീയുടെ കൂറില്‍ നിന്ന് - ജന്മം (കൂറ്) വിചാരിക്കേണ്ടതാകുന്നു.


***************************************************************


സ്ത്രീജന്മതോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജ്യതേ

എന്നുള്ള കാലദീപശാസ്ത്രം അനുസരിച്ച് സ്ത്രീ ജനിച്ച രാശി മുതല്‍ 2, 3, 5, 6 എന്നീ രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം അധമവും 4-ാം രാശി മദ്ധ്യമവും 7 മുതലുള്ള രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം ഉത്തമവുമാകുന്നു. രാശിപ്പൊരുത്തത്തെപ്പറ്റി മാധവീയത്തില്‍ പറയുന്നത്.


സ്ത്രീ ജന്മഭാല്‍ ഭവതിപുംസികുടുംബജാതേ
വിത്തക്ഷയ സ്തനയഹാനിരപത്യ ജാതേ
ഷഷ്ടോല്‍ ഭവേ വ്യസന രോഗ വിപദ്വിയോഗാ
ദുഖംസഹോദരഭവേ സുഖജേവിരാേേധഃ

സാരം :- 

സ്ത്രീയുടെ 2-ാം കൂറില്‍ പുരുഷരാശിക്കൂറുവന്നാല്‍ ദ്രവ്യനാശവും 3-ാം കൂറിന് ദുഃഖവും 4-ാം കൂറില്‍ വന്നാല്‍ അന്യോന്യവിരോധും (സുഖജോവിരോധ) 5-ാം കൂറില്‍ വന്നാല്‍ പുത്രനാശവും 6-ാം കൂറില്‍ ജനിച്ചാല്‍ ഷഷ്ടാഷ്ടമത്താല്‍ വ്യസനം, രോഗം, ആപത്ത്, വിയോഗം എന്നീ കഷ്ടാനുഭവങ്ങളും ഉണ്ടാകുന്നതാണ്. ഷഷ്ഠാഷ്ടമദോഷത്തെപ്പറ്റി മുഹൂര്‍ത്തരത്നം എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രശ്നമാര്‍ഗ്ഗത്തില്‍ ചേര്‍ത്തിട്ടുള്ളത്.


ഷഷ്ടാഷ്ടമേ മരണ വൈരവിയോഗദോഷാ
ദ്വിദ്വാദശേ വധനത പ്രജതാത്രികോണേ
ശേഷോഷ്വനേകവിധസൌഖ്യസുതാര്‍ത്ഥസമ്പല്‍
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ

സാരം :-

സ്ത്രീ ജനിച്ചകൂറിന്റെ 6-ാം കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ അന്യോന്യം വൈരവും വിരഹദുഃഖവും അല്ലെങ്കില്‍ മരണവും സംഭവിക്കും. 2-ാം കൂറില്‍ ജനിച്ചാല്‍ ദാരിദ്രം ഫലം. 5-ാം കൂറില്‍ ജനിച്ചാല്‍ പുത്രനാശം അനുഭവിക്കും. മറ്റുള്ള കൂറുകളില്‍ ജനിച്ചാല്‍ അനേകവിധ സൌഖ്യവും സന്താനാഭിവൃദ്ധിയും ധനസമ്പത്തും ഫലം. ഇരുവരുടേയും കൂറുകള്‍ അന്യോന്യം ശത്രുക്കളാകുകയോ വേധമുണ്ടാകുകയോ ചെയ്താല്‍ 2, 5, 6 എന്നീ കൂറുകള്‍ക്ക് പറഞ്ഞ ഫലം എത്രയും വേഗം അനുഭവിക്കുന്നതാണ്. ഇരുവരുടേയും കൂറുകളുടെ അധിപന്മാര്‍ ഒന്നിക്കുകയോ അന്യോന്യം ബന്ധുക്കളായോ വരുകയും വശ്യപ്പൊരുത്തം ഉണ്ടാകുകയും ചെയ്താല്‍ ഈ ദോഷം അനുഭവപ്പെടുന്നതല്ല.


വശ്യഭാവേതഥാന്യോന്യം താരാശുദ്ധാ പരസ്പരം
നചേല്‍ ഷഷ്ഠാഷ്ടമേദോഷസ്തദാഷഷ്ഠാഷ്ടമ ശുഭം.


ഇരുവരുടേയും കൂറുകള്‍ തമ്മില്‍ വശ്യമായിരിക്കുകയും വേധമില്ലാതിരിക്കുകയും ചെയ്താല്‍ കൂറുകള്‍ തമ്മിലുള്ള ഷഷ്ഠാഷ്ടമത്വം ദോഷമല്ലാ. ശുഭമാകുന്നു.


ജന്മര്‍ക്ഷ വേധേ കഥിതേത്രജാതേ
യുക്തോപിവശ്യാദിഗുണൈര്‍ബലിഷൈഠഃ
പതിഞ്ചകന്യാംപ സമുഖ ഘാതം
നിഹന്തിഷഷ്ഠാഷ്ടമരാശിയോഗഃ

സാരം :-

ഇവിടെപറഞ്ഞ ജന്മര്‍ക്ഷ വേധം ഉണ്ടെങ്കില്‍ വശ്യം മുതലായ മറ്റു പൊരുത്തങ്ങള്‍ പ്രബലങ്ങളായി ഉണ്ടായിരുന്നാലും അവരുടെ വിവാഹം ദോഷവും ദമ്പതിമാരുടെ രണ്ടുപേരുടേയും വംശത്തിനുകൂടി നാശവും സംഭവിക്കുന്നതുമാകുന്നു. ഈ വേധത്തില്‍ ഷഷ്ഠാഷ്ടമം കൂടി ഉണ്ടെങ്കില്‍ ഈ ഫലം ഉടനെ തന്നെ അനുഭവിക്കുന്നതുമാകുന്നു.

ഏകോപിദോഷോവേദാഖ്യോ ഗുണാല്‍ ഹന്തി ബഹുന്യ പിതസ്മാദ്വി വര്‍ജ്ജേയേ, ദ്വേധം മദ്ധ്യരജ്ജുശ്ച തത്സമഃ എന്നു പ്രമാണാന്തരവുമുണ്ട്.

ഷഷ്ഠാഷ്ടമദോഷത്തിനു പരിഹാരമാര്‍ഗ്ഗം

അസതിജനനതാരാ വേധദോഷേയദിസ്യാദ്
ഭവനപതിസുഹൃത്വം വശ്യതൈ കാധിപ്ത്യം
ഭവതിനഖലൂദോഷസ്തര്‍ഹി ഷഷ്ഠാഷ്ടമത്വാല്‍
സതികഥികഗുണേ സ്മിന്നാശുഭോ രാശിയോഗഃ

സാരം :- 

സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ക്ക് അന്യോന്യം വേധമില്ലാതിരിക്കുകയും രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ അന്യോന്യം ബന്ധുക്കളായിരിക്കുകയും അതല്ലെങ്കില്‍ ഏകാധിപത്യം ഉണ്ടായിരിക്കുകയും രാശ്യാധിപവും വശ്യവും പൊരുത്തങ്ങള്‍ അനുകൂലമായിരിക്കുകയും ചെയ്താല്‍ ഷഷ്ഠാഷ്ടമദോഷം ഉണ്ടാകുന്നതല്ല.

മുന്‍പറഞ്ഞ ഷഷ്ഠാഷ്ടമദോഷത്തോടുകൂടി വേധ ദോഷമോ രാശ്യാധിപ ശത്രുതയോ ഉണ്ടായിരുന്നാല്‍ ഷഷ്ഠാഷ്ടമദോഷത്തിന്റെ ഫലം എത്രയും വേഗം അനുഭവപ്പെടാനിടയുള്ളതും ഒരിക്കലും ബന്ധപ്പെടുത്താന്‍ പാടില്ലാത്തതുമാകുന്നു. വേധദോഷമില്ലെങ്കില്‍ ഏകാധിപത്യം വന്നാല്‍ ഷഷ്ഠാഷ്ടമത്തിന് പരിഹാരമുണ്ടാകുന്നതാണ്.

ഒരേ രാശിയില്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഫലവും മറ്റും


ഏകരാശി ദ്വിനക്ഷത്രം
പുത്രപൌത്രാദിവൃദ്ധിക്യല്‍

സാരം :-

സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ രണ്ടും ഒരേ കൂറില്‍ വന്നാല്‍ പുത്രപൌത്രാദി അഭിവൃദ്ധി ഉണ്ടാകുന്നതാണ്.


രാശിപ്പൊരുത്തമില്ലായ്മയ്ക്ക് പരിഹാരം

1. സ്ത്രീ ദീ൪ഘം ഉണ്ടായിരുന്നാല്‍ രാശിപൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാകും.

2. യോനി പൊരുത്തം ഉണ്ടായിരുന്നാല്‍ രാശി പൊരുത്ത ദോഷത്തിന് പരിഹാരമാകും.

3. വശ്യപൊരുത്തം ഉണ്ടായിരിക്കുക.


രാശിപൊരുത്തം കണക്കാക്കേണ്ടാത്ത സന്ദ൪ഭങ്ങള്‍


ആസുരാദി വിവാഹേഷു രാശികുടം ന ചിന്തയേത്
തഥാ വ്യംഗാ തിവൃദ്ധനാം ദു൪ഭഗാണാം പുന൪ഭുവാം.

സാരം :- 

അംഗവൈകല്യം വന്നവ൪, പുന൪ വിവാഹം, ദുഷ്ടസ്ത്രീ, വൃദ്ധപുരുഷന്‍,  ഭാഗ്യഹീന സ്ത്രീ - പുരുഷന്മാ൪, ആസുരവിവാഹം ഇവരുടെ കാര്യത്തില്‍ രാശിപൊരുത്തം നോക്കണമേന്നില്ല.

കവിടി ജ്യോതിഷത്തില്‍

ഒരു ഡോക്ട൪ക്ക് സ്റ്റെതസ്കോപ് പോലെയാണ് ദൈവജ്ഞന് കവിടി. കവിടിയെ "വരാടി" എന്നും പറയും. പരല്‍ വയ്ക്കുക, വാരി വയ്ക്കുക എന്നെല്ലാം പറയുന്നത് പ്രശ്നംവയ്ക്കലിനെയാണ്. കവിടി കൂ൪മ്മാകൃതിയാണ്. കൂ൪മ്മം (ആമ) വിഷ്ണുവിന്‍റെ അവതാരമാണ്. അതിനാല്‍ തന്നെ അത് വിശിഷ്ടമാണ്. പഞ്ചഭൂതങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമാണ്. പ്രജ്ഞയുടെ ആധാരമാണത്.

"യദാ സംഹരതേ ചായം
കൂ൪മ്മോംഗാനീവ സ൪വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാ൪ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ"
                                                ഗീത 2-58

ആമ അംഗങ്ങളെ എന്നപോലെ ഇവന്‍ (സ്ഥിതപ്രജ്ഞന്‍) ഇന്ദ്രിയങ്ങളെ എല്ലാവിഷയങ്ങളില്‍ നിന്നും എപ്പോള്‍ ഉള്ളിലേയ്ക്ക് വലിക്കുന്നുവോ അപ്പോള്‍ അവന്‍റെ ബുദ്ധി ഉറച്ചതാകുന്നു.

കവിടിക്രിയ എന്നാല്‍ "ഗണിക്കുക" എന്ന൪ത്ഥം

കവിടിയുടെ അളവ് അഥവാ മാനം കാകണ്ടി അഥവാ കാകണിയുടെ 1/20 ഭാഗമാണ്. ഒരു ക൪ഷത്തിന്‍റെ 1/4 ഭാഗമാണ് കാകണി. ക൪ഷം 16 ആദ്യ മാഷകം കൂടിയ തൂക്കമാണ്. ആദ്യ മാഷകമെന്നാല്‍ അഞ്ചു കുന്നികുരുവിന്‍റെ തൂക്കം. അതായത് രണ്ടേകാല്‍ (2¼) പണത്തൂക്കം. ഇതിനുപുറമേ ക൪ഷത്തിന് കാല്‍ പലം അതായത് ഏകദേശം 3 കഴഞ്ച് എന്ന൪ത്ഥമുണ്ട്. 168 കുന്നിക്കുരുവിന്‍റെയോ, 336 യവത്തിന്‍റെയോ തൂക്കത്തിനെയും ക൪ഷമെന്ന് പറയും.

ക൪ഷമെന്നാല്‍ ആക൪ഷിക്കല്‍ എന്നും, വിലേഖനം ചെയ്യപ്പെടുന്നതെന്നും, മാറ്റുരച്ചുനോക്കുന്ന ഉരകല്ല് എന്നുമൊക്കെയാണ൪ത്ഥം. വരാടിക എന്നാല്‍ താമകരക്കുരു എന്നും കയ൪ എന്നും അ൪ത്ഥമാണ്‌. കുരു ബീജവും കയ൪ ബന്ധനവുമാണ്.

"വരം അടതി" അതായത് ഭംഗിയായി ഗമനം ചെയ്യുന്നത്. "വരം" ശ്രേഷ്ഠവും ദൈവികമായി കിട്ടിയതുമാണ്. ദൈവികമായി കിട്ടിയത് ജീവന്‍ (പ്രാണന്‍), ജീവിതം, ദേഹം എന്നിവയാണ്. ആക൪ഷിക്കല്‍ ജീവനോടുള്ള ആക൪ഷണവും, കയ൪ അതിന്‍റെയും ദേഹത്തിന്‍റെയും ബന്ധനവുമാണ്. ഇതിനെ പ്രാരബ്ധമെന്നു പറയും. അതിന്‍റെ ഉരക്കല്ലാണ് വരാടി അഥവാ കവിടി. കാലമാനത്തില്‍ മാഷം ഒരു ദിനമാണ്. കാലദൈ൪ഘ്യം ആയുസ്സാണ്. വിലേഖനം ചെയ്യപ്പെടല്‍ എന്നാല്‍ ശിരോലേഖനം അഥവാ തലയിലെഴുത്ത് . അതിനാല്‍ വരാടിക (കവിടി) കൊണ്ട് 1. ജീവിതയാത്ര, 2. ആയുസ്സ് (ജീവിതകാലദൈ൪ഘ്യം), 3. ജീവിതത്തിന്‍റെ ഗമനം, ആഗമനം, വിഷമം, ബന്ധനം, 4. ജീവിയുടെ പ്രാരബ്ധം, ശിരസ്സിലെഴുത്ത്, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു. ജീവിതത്തിന്‍റെ ആകെത്തുകയെ തൂക്കിനോക്കി നി൪ണ്ണയം ചെയ്യാനായി ദൈവികത്താല്‍ കിട്ടിയ സാധനമാണ് കവിടി (വരാടിക).

കവിടി കടലില്‍ വള൪ന്ന ഒരു ജീവിയുടെ പുറംതോടാണ്. തലയോടിന്‍റെ ആകൃതിയിലാണ്. തലച്ചോറുപോലെ ഇതിനകത്ത് മാംസമുണ്ടായിരുന്നു.

ആഗ്രഹങ്ങള്‍, സുഖം, ദുഃഖം, വിശപ്പ്‌, തൃപ്തി, ആനന്ദം എന്നിവയെല്ലാം അനുഭവിച്ചറിഞ്ഞ ജീവിയാണ്. അതിന്‍റെ പുറംതോടാണ് കവിടി. അതിന്‍റെ ജീവിതാനുഭവങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിനുശേഷം "കിഞ്ചില്‍ശേഷം ഭവിഷ്യതി" എന്നുള്ളതിനാല്‍ ദൈവജ്ഞന്‍റെ തലോടല്‍ അനുഭവിക്കുന്ന സുഖത്തില്‍ മനുഷ്യരുടെ ജീവിതനി൪ണ്ണയം ചെയ്യുന്നു.

ഭൂഗോളത്തിന്‍റെ മുകള്‍ഭാഗം (അ൪ദ്ധഗോളം) അതിന്‍റെ ആകൃതിയാണ്. ഭൂമി ദീ൪ഘവൃത്താകൃതിയാകയാല്‍ ദീ൪ഘവൃത്തഗോളത്തിന്‍റെ മുകള്‍പ്പരപ്പിന്‍റെ ആകൃതിയാണ് കവിടിയുടേത്.

മന്ഥരപ൪വ്വതം പാലാഴി മഥനകാലത്ത് പാല്‍കടലില്‍ താണുപോയപ്പോള്‍ അതിനെ ഉദ്ധരിക്കാന്‍ വേണ്ടിയായിരുന്നു മഹാവിഷ്ണുവിന്‍റെ കൂ൪മ്മാവതാരം. ഇതിന്‍റെ പ്രതീകമാണ് കവിടി. ഈ കു൪മ്മത്തിന്‍റെ വിസ്താരം നൂറായിരം ശങ്ക്യോജനയാണ്. നൂറുനൂറായിരം മഹാകോടിയാണ് ഒരു ശങ്ക്. നൂറുനൂറായിരം കോടിയാണ് ഒരു മഹാകോടി. അപ്പോള്‍ ആ കൂ൪മ്മത്തിന്‍റെ വിസ്താരം 1019 യോജന ചതുരമാണ്. 1 യോജന 12 കിലോമീറ്റ൪ എന്ന കണക്കില്‍ കൂ൪മ്മത്തിന്‍റെ പുറഭാഗത്തെ വിസ്താരം 12 x 1019 കിലോമീറ്റ൪ ചതുരമാണ്. ഇതിലാണ് ബ്രഹ്മാണ്ഡം അടങ്ങിയിരിക്കുന്നത്. ഇതിന്‍റെ പിണ്ഡാണ്ഡമാകുന്നു കവിടി എന്ന് കാണാം.

108 നക്ഷത്ര പാദങ്ങളാണ് രാശിചക്രത്തിലുള്ളത്. ഒരു നക്ഷത്രം 800 കലയായതിനാല്‍  ഒരു നക്ഷത്രപാദം 200 കലയാണ്. അതായത് രാശിചക്രത്തില്‍ 108 x 200 = 21600 കലകളാണുള്ളത്. ഒരു ദിവസം 60 നാഴികയും ഒരു നാഴിക 60 വിനാഴികയും 1 വിനാഴിക 60 ഗു൪വ്വക്ഷരവുമാകയാല്‍ ഒരു ദിവസം = 60 x 60 x 60 = 216000 ഗു൪വ്വക്ഷരം. 10 ഗു൪വ്വക്ഷരം ഒരു പ്രാണനാണ്. 6 പ്രാണന്‍ ഒരു വിനാഴികയും. അതിനാല്‍ ഒരു ദിവസം 21600 പ്രാണന്‍. പ്രാണന്‍ എന്നാല്‍ പ്രാണവായുവും. അതിനാല്‍ രാശിചക്രത്തിലെ കലകളും പ്രാണനുമായി ബന്ധപ്പെട്ടിരിക്കുന്നു. 21600 ശ്വാസോച്ഛ്വാസമാണ് ഒരാള്‍ ഒരു ദിവസം ചെയ്യുന്നത്. 108 കവിടിയെ മൂന്നായി പകുത്ത് ഓരോ പങ്കില്‍ നിന്നും 8, 8 വീതം മാറ്റിയാല്‍ (8ന്‍റെ ഗുണിതങ്ങള്‍ മാറ്റിയാല്‍) ഒരു പങ്കിലെയും ശിഷ്ടം വരുന്നത് കൂട്ടിയ ശിഷ്ടം 4, 12, 20 ഇവയിലേതെങ്കിലുമായിരിക്കും. ഈ സംഖ്യയെ അഷ്ടമംഗല സംഖ്യ എന്ന് പറയും. ഈ സംഖ്യകൊണ്ടും ഫലനി൪ണ്ണയം ചെയ്യാം.

ജീവിതയാത്ര, ജീവിതാനുഭവങ്ങള്‍, പ്രാരബ്ധങ്ങള്‍, ഭൂതം, വ൪ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം കവിടികൊണ്ട് നി൪ണ്ണയിക്കാന്‍ കഴിയും. മുമ്പ് ജീവിച്ചിരിന്നതും, അതിനുശേഷം ദൈവജ്ഞന്‍റെ കയ്യില്‍ വന്നാല്‍ മറ്റുള്ളവരുടെ ജീവിതസംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകയാല്‍ കവിടി എന്നും ജീവനുള്ളവയുമാണ്. കവിടികൊണ്ട് ഗണനക്രിയ നടത്തി ലഗ്നം മുതല്‍ ഗ്രഹണം വരെ ഗണിക്കാവുന്നതുമാകയാല്‍ പ്രമാണഭാഗവും ഫലഭാഗവും കവിടിയില്‍ അന്ത൪ലീനമായിരിക്കുന്നു എന്ന് പറയാവുന്നതാണ്. തലയോടുപോലുള്ള കവിടിയുടെ ആകൃതി ശിരസ്സിലെഴുത്തിനെ വ്യക്തമാക്കുന്നു. 

താംബൂലം കൊണ്ടുള്ള കൂപപ്രശ്നം

കൂപം = കിണ൪

ദൂതന്‍ സ്ഥപതിയെ സമീപിച്ച് ഭക്തിയോടും ആദരവോടും കൂടി വയ്ക്കുന്ന വെറ്റിലയും അടയ്ക്കയും ആധാരമാക്കി ഫലം ചിന്തിക്കാറുണ്ട്. ഇവിടെ താംബൂലാരൂഢം നി൪ണ്ണയിക്കുന്നതിനുള്ള  രീതി വ്യാത്യാസമുണ്ട്. വെറ്റിലകളുടെ എണ്ണം 12 ല്‍ കൂടുതലാണെങ്കില്‍ ആകെ വെറ്റിലകളുടെ എണ്ണത്തെ 12 കൊണ്ട് ഹരിച്ചു കിട്ടുന്ന ശിഷ്ടത്തെ ആധാരമാക്കിയാണ് താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിക്കുന്നത്. ശിഷ്ടം 1 എങ്കില്‍ മേടം, 2 എങ്കില്‍ ഇടവം, 3 എങ്കില്‍ മിഥുനം എന്നിങ്ങനെ താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിച്ചുകൊള്ളുക. ഈ താംബൂലാരൂഢം (താംബൂല ലഗ്നം) ഏത് രാശി എന്നതിനെ അടിസ്ഥാനമാക്കി വെള്ളം കിട്ടുമോ ഇല്ലയോ എന്ന് പ്രവചിക്കാവുന്നതാണ്.

താംബൂലം മേടമെന്നാകില്‍ ഏഴിനാലേ ജലം വരും
താംബൂലമിടവം വന്നാല്‍ ഒന്‍പതില്‍ പാറ കണ്ടിടും
താംബൂലം മിഥുനം വന്നാല്‍ ജലവും ദൂരമേറുമേ
താംബൂലം ക൪ക്കടകം വന്നാല്‍ പാറയങ്ങോട്ടുമില്ലടോ
താംബൂലം ചിങ്ങമെന്നാകില്‍ മൂന്നിനാല്‍ പാറ കണ്ടിടും
താംബൂലം കന്നിയെന്നാകില്‍ ജലം പെരികെയുണ്ടെടോ
തുലാം താംബൂലമായ് വന്നാല്‍ മണ്ണുമങ്ങോട്ടുമില്ലടോ
താംബൂലം ചാപമെന്നാകില്‍ ജലമങ്ങോട്ടുമില്ലെടോ
താംബൂലം മകരം വന്നാല്‍ മൂന്നിനാല്‍ പാറ കണ്ടിടും
താംബൂലം കുംഭമെന്നാകില്‍ മുക്കോലില്‍ പാറ കണ്ടിടും
താംബൂലം മീനമെന്നാകില്‍ അഞ്ചിനാല്‍ ജലവും വരും.

എന്നിങ്ങനെയാണ് എത്രയടി ആഴം ചെന്നാല്‍ വെള്ളം കിട്ടും എന്ന് വെറ്റിലകളെ ആധാരമാക്കി പ്രവചിക്കേണ്ടത് എന്ന് വാസ്തുഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു.

താംബൂല പ്രശ്ന പദ്ധതി

താംബൂല ഗ൪ഭ പ്രശ്നം
അഞ്ചാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ലക്ഷണമൊത്തതും മ്ലാനി, ക്ഷതി, വൈകല്യം എന്നിവയില്ലാത്തത്തുമാണെങ്കില്‍  സന്താനലബ്ധിയുണ്ടാകും. അഞ്ചാംഭാവസൂചകമായ വെറ്റിലയ്ക്ക് ദോഷമുണ്ടെങ്കില്‍ ഗ൪ഭസ്രാവം പറയണം.

താംബൂലേഷ്വപി പഞ്ചമസ്യ ദളനം പ്രഷ്ടാവിതീ൪ണ്ണേഷി വാ
വ്യാസംഗശ്ച ശവസ്യ പഞ്ചഗഭിത ഗ൪ഭസ്രുതേ സൂചക

സാരം :-

പ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട വെറ്റിലകളില്‍ അഞ്ചാമത്തേതിന് കേടു സംഭവിച്ചിരിക്കുക, അതില്‍ ചത്ത പ്രാണി പറ്റിപ്പിടിച്ചിരിക്കുക എന്നിവ ഗ൪ഭസ്രാവത്തിന്‍റെ സൂചനയാണ്.

ഇതുപോലെ തന്നെ താംബൂലാരൂഢത്തിന്‍റെ (താംബൂല ലഗ്നത്തിന്‍റെ) അഞ്ചാം ഭാവത്തിലെ ഗ്രഹസ്ഥിതിയും പ്രാധാന്യത്തോടെ പരിഗണിക്കണം. താംബൂലാരൂഢം (താംബൂല ലഗ്നം) തുടങ്ങിയുള്ള ഗ്രഹസ്ഥിതിയും ഇതേ ഫലത്തെ സൂചിപ്പിക്കുന്നുവെങ്കില്‍ മാത്രമേ ഈ ഫലം ദൃഢതയോടെ പറയാന്‍ പാടുള്ളു. 

ഉദാഹരണമായി അഞ്ചാം ഭാവത്തില്‍ ചൊവ്വ, ശനി, സൂര്യന്‍, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ സ്ഥിതി, അഞ്ചാം ഭാവാധിപന് മൗഢ്യം, നീചസ്ഥിതി എന്നിവയിലൊന്ന് ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തിന് പാപമദ്ധ്യസ്ഥിതി ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തില്‍ ഗുളികസ്ഥിതിയും പാപദൃഷ്ടിയും ഉണ്ടായിരിക്കുക എന്നിവയെല്ലാം മേല്‍പറഞ്ഞ ഗ൪ഭശ്രാവലക്ഷണത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന സൂചനകളാണ്.

ഇതേ രീതി തന്നെയാണ് മറ്റു പ്രശ്നങ്ങളില്‍ പിന്‍തുടരേണ്ടത്. ഉദാഹരണമായി

ഗൃഹപ്രശ്നം :- നാലാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും, താംബൂലാരൂഢം തുടങ്ങി നാലാം ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും ചിന്തിച്ചുകൊള്ളുക.

സ്ഥലപ്രശ്നം :- ഒന്നാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും താംബൂലാരൂഢത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.

വിവാഹപ്രശ്നം :- ഏഴാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും, താംബൂലാരൂഢം തുടങ്ങി ഏഴാം ഭാവത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.

എന്നിങ്ങനെ മറ്റു പ്രശ്നങ്ങളിലും വെറ്റിലകൊണ്ട് പ്രശ്നചിന്ത നടത്താവുന്നതാണ്. 

താംബൂല ലഗ്നരാശികളുടെ ഫലങ്ങള്‍

മേഷേ തു കലഹസ്വീയെ വൃക്ഷഭേ ധനവ൪ദ്ധനം
മിഥുനേ മൃഗഭീതിസ്യാല്‍ ക൪ക്കടേ സുഖവൃദ്ധയഃ

സിംഹേ കുക്ഷിരോഗ സ്യാല്‍ കന്യായാം ശുഭമാപ്നുയാത് 
തുലായാം ഗുണ സല്‍കീ൪ത്തി വൃശ്ചികേ ശത്രുവ൪ദ്ധനം 

ചാപേചാത്മസുഖം നിത്യം മകരേ പദനാശനം 
കുംഭേ മരണദോഷസ്യാല്‍ മീനേ സന്തതിവ൪ദ്ധനം 

സാരം :- 

താംബൂല ലഗ്നം (താംബൂലാരൂഢം) മേടം രാശിയായാല്‍ കലഹവും, ഇടവത്തിന് ധനവ൪ദ്ധനയും, മിഥുനത്തിന് മൃഗഭീതിയും, ക൪ക്കിടകത്തിന് സുഖവൃദ്ധിയും, താംബൂല ലഗ്നം ചിങ്ങം രാഷിയായാല്‍ വയറിനുരോഗവും, കന്നിക്ക് ശുഭവും, തുലാത്തിന് ഗുണവും സല്‍കീ൪ത്തിയും, വൃശ്ചികത്തിന് ശത്രുവ൪ദ്ധനയും, ധനുവിന് ആത്മസുഖവും, മകരത്തിന് സ്ഥാനനാശവും, കുംഭത്തിന് മരണദോഷവും, മീനത്തിന് സന്തതിവ൪ദ്ധനയും ഫലം.

താംബൂലാരൂഢം തുടങ്ങിയുള്ള 12 ഭാവങ്ങളുടെ ഫലചിന്ത താംബൂല പ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നു. താംബൂല ലഗ്നം കണ്ടുപിടിക്കുമ്പോള്‍ ലഭിക്കുന്ന  ശിഷ്ടസംഖ്യ എത്രയാണോ വരുന്നത് അത്രയും തലമുറകളുടെ അഥവാ അത്രയും ശതകങ്ങളുടെ പഴക്കം ആ ക്ഷേത്രത്തിനുണ്ടെന്നും ദേവപ്രശ്നത്തില്‍ പലപ്പോഴും ഫലം പറയാറുണ്ട്‌. ഈ അറിവ് യുക്തിപൂ൪വ്വം വേണം ഉപയോഗിക്കാന്‍. 

താംബൂല പ്രശ്നത്തില്‍ ഭാവനി൪ണ്ണയം

പ്രഷ്ടാ വിതീ൪ണ്ണ താംബൂലേ, ശുഭാശുഭമശേഷത
വാച്യം ദ്വാദശ ഭാവോത്ഥം തല്‍പ്രകാരോƒഥ ഉച്യതേ

സാരം :- 

പ്രഷ്ടാവ് ജ്യോതിഷിക്ക് നല്‍കിയ വെറ്റിലകളെക്കൊണ്ട് 12 ഭാവങ്ങള്‍ നിശ്ചയിച്ച്, പ്രഷ്ടാവിന്‍റെ എല്ലാ ശുഭാശുഭങ്ങളും പറയാവുന്നതാണ്.

പ്രഷ്ടാവ് നല്‍കിയ വെറ്റിലകെട്ടില്‍ നിന്നും ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കണം. ആ വെറ്റിലകളെ യഥാക്രമം ഒന്നുമുതല്‍ 12 വരെയുള്ള ഭാവങ്ങളെ സൂചിപ്പിക്കുന്നതായി കരുതി ഫലചിന്ത നടത്താവുന്നതാണ്. ഒന്നാമത്തെ വെറ്റില ഒന്നാം ഭാവമെന്നും രണ്ടാമത്തെ വെറ്റില രണ്ടാം ഭാവമെന്നും മൂന്നാമത്തെ വെറ്റില മൂന്നാം ഭാവമെന്നും ഇങ്ങനെ ക്രമേണ ധരിച്ചുകൊള്ളണം.  ഇപ്രകാരം 12 ഭാവങ്ങളെ സൂചിപ്പിക്കുന്നതായ വെറ്റിലകളെക്കൊണ്ട് പ്രഷ്ടാവിന്‍റെ സ൪വ്വ ഫലങ്ങളും പറയാന്‍ കഴിയുന്നത് താംബൂല ലക്ഷണങ്ങളും തത്കാല ഗ്രഹസ്ഥിതിയും തമ്മില്‍ ബന്ധിപ്പിച്ച് സൂക്ഷ്മ ഫലപ്രവചനം നടത്താന്‍ സാധിക്കുമ്പോഴാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.