നവാംശകദൃഷ്ടിഫലവിഷയത്തിൽ ഗ്രഹങ്ങളുടെ സ്ഥിതിഭേദംകൊണ്ടു വരുന്നതായ ഫലഭേദത്തെ പറയുന്നു

വർഗ്ഗോത്തമസ്വപരഗേഷു ശുഭം യദുക്തം
തൽപുഷ്ടമദ്ധ്യലഘുതാശുഭമുൽക്രമേണ
വീര്യാന്വിതോംശകപതിർന്നിരുണദ്ധി പൂർവ്വം
രാശീക്ഷണസ്യ ഫലമംശഫലം ദദാതി.

സാരം :-

ഇവിടെ പറഞ്ഞ നവാംശദൃഷ്ടിഫലങ്ങളിൽ ചിലതു ശുഭങ്ങളും ചിലതു അശുഭങ്ങളുമായിട്ടുണ്ടല്ലോ. അവയിൽ ശുഭഫലദാതാവായ ചന്ദ്രൻ വർഗ്ഗോത്തമനവംശകത്തിൽ നിന്നാൽ ആ ശുഭഫലം പൂർണ്ണമായി അനുഭവിയ്ക്കുന്നതാണ്. ചന്ദ്രൻ സ്വക്ഷേത്രനവാംശകസ്ഥനാണെങ്കിൽ ഫലം ഇടത്തരവും, മറ്റൊരു ഗ്രഹത്തിന്റെ നവാംശകത്തിലാണു ചന്ദ്രൻ നിൽക്കുന്നതെങ്കിൽ ആ ശുഭഫലം സ്വല്പം മാത്രവുമായിത്തീരുന്നതാണ്. നേരെ മറിച്ച് ഫലം അശുഭമാവുക ചന്ദ്രൻ വർഗ്ഗോത്തമത്തിൽതന്നെ നിൽക്കുകയും ചെയ്ക, എന്നാൽ ആ അശുഭഫലം അല്പവും, സ്വക്ഷേത്രാംശത്തിങ്കൽ മദ്ധ്യമവും, അന്യഗ്രഹത്തിന്റെ അംശകത്തിൽ നിന്നാൽ അശുഭഫലം പൂർണ്ണമായിരിയ്ക്കുന്നതാകുന്നു. ഇതും ലഗ്നാദിത്യന്മാരുടെ ഫലദാനവിഷയത്തിൽ യോജിപ്പിയ്ക്കേണ്ടതാണ്. ഈ പറഞ്ഞതുകൊണ്ടു ശേഷം അവസ്ഥകളെ ഊഹിയ്ക്കുകയും ചെയ്ക.

മേൽപറഞ്ഞ ന്യായത്തെ യോഗം, ദശാ, അഷ്ടവർഗ്ഗം തുടങ്ങിയ സകല ഫലദാനവിഷയങ്ങളിലും യോജിപ്പിയ്ക്കാവുന്നതാണ്. അവിടങ്ങളിലൊക്കയും ഫലം ശുഭവും ഫലദാതാവ് വർഗ്ഗോത്തമാംശകസ്ഥിതനുമായാൽ ആ ഫലം പൂർണ്ണവും സ്വക്ഷേത്രസ്ഥന്റെ ഫലം മദ്ധ്യമവും അന്യനവാംശകസ്ഥന്റെ ഫലം അല്പവുമാകുന്നതാണ്. അശുഭഫലത്തേയും ഇപ്രകാരം ഊഹിയ്ക്കുക.

ഈ അദ്ധ്യായത്തിലെ ഒന്നു മുതൽ മൂന്നു ശ്ലോകംകൊണ്ടു ഒന്നാമതു പറഞ്ഞ രാശിസ്ഥിതിദൃഷ്ടിഫലവും ഈ ഒടുവിൽ പറഞ്ഞ നവാംശകദൃഷ്ടിഫലമുള്ളതിൽ ചന്ദ്രന്റെ നവാംശകാധിപനാണ് നിൽക്കുന്ന രാശ്യധിപനേക്കാൾ ബലാധിക്യമുള്ളതെങ്കിൽ ഈ നവാംശകാധിപനു ഒന്നാമതു പറഞ്ഞ ഫലത്തെ തടസ്സപ്പെടുത്തി ആദ്യം തന്റെ നവാംശകഫലത്തെ കൊടുക്കുന്നതും അതിനുശേഷം മാത്രം ഒന്നാമതു ഫലം അനുഭവിയ്ക്കുന്നതുമാകുന്നു. ചന്ദ്രസ്ഥിതരാശ്യധിപനാണ് അധികം ബലമെങ്കിൽ ഒന്നാമത്തെ ഫലം ആദ്യവും നവാംശകഫലം അനന്തരവും അനുഭവിയ്ക്കുന്നതാണ്. രാശിയുടേയും നവാംശകത്തിന്റേയും അധിപന്മാരിൽ ബലാധികന്റെ ഫലത്തിനു പ്രാധാന്യമുണ്ടെന്നു പ്രകൃതഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായത്തിലെ പതിമൂന്നാം ശ്ലോകംകൊണ്ടു പറഞ്ഞിട്ടും, ആ താല്പര്യത്തെത്തന്നെ വീണ്ടും ഇവിടെ ആവർത്തിച്ചതുകൊണ്ടു, നിൽക്കുന്ന രാശിനാവാംശകം ഇതുകളുടെ അധിപന്മാർക്കു ബലം തുല്യമാണെങ്കിൽ കൂടി, അംശകദൃഷ്ടിഫലമാണ് ഒന്നാമത് അനുഭവിയ്ക്കുകയെന്നും, രാശിദൃഷ്ടിഫലത്തിനും നവാംശകദൃഷ്ടിഫലത്തിനും പരസ്പരവിരോധം നേരിടുകയും രാശ്യധിപനേക്കാൾ അംശകാധിപന് ബലം കുറഞ്ഞിരിയ്ക്കയും ചെയ്‌താൽ മാത്രമേ ഒന്നാമത്തെ ഫലം ആദ്യം അനുഭവിയ്ക്കയുള്ളൂവെന്നും മറ്റും ഇവിടെ വിചാരിപ്പാനും വഴി കാണുന്നുണ്ട്. ഈ പറഞ്ഞത് ലഗ്നാദിത്യന്മാർക്ക് യോജിപ്പിയ്ക്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.