സംന്യാസധർമ്മത്തെക്കുറിച്ച് വിശദീകരിക്കാമോ?

ലൗകികമായ സുഖഭോഗങ്ങളും സമ്പത്തും ബന്ധങ്ങളും എല്ലാം പരിത്യജിച്ച് അഷ്ടശ്രാദ്ധം നിർവ്വഹിച്ച് വിരാജഹോമം നടത്തി കവിയും കമണ്ഡലവും യോഗദണ്ഡും മാത്രം സ്വീകരിച്ച് ലോകസംഗ്രഹാർത്ഥം ചരിക്കുന്ന സർവ്വസംഗപരിത്യാഗമാണ് സംന്യാസധർമ്മം.

കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ എല്ലാം വർജ്ജിച്ച് മനോജയം സാധിച്ച വ്യക്തിയായിരിക്കണം സംന്യാസി. സംന്യാസിക്ക് ആരോടും പകയോ വിദ്വേഷമോ ഉണ്ടാവരുത്. സംന്യാസിക്ക് ആരോടും പ്രത്യേക അടുപ്പവും ഉണ്ടാവരുത്. സദാ പരബ്രഹ്മഭാവനയുള്ള സംന്യാസി ഒരിക്കലും കോപിക്കുവാൻ പാടുള്ളതല്ല. 

കാമം, ക്രോധം, ലോഭം തുടങ്ങിയവ ജ്ഞാനരത്നത്തെ അപഹരിക്കുന്ന കള്ളന്മാരാണെന്ന് ശ്രീശങ്കരാചാര്യർ പ്രസ്താവിച്ചിരിക്കുന്നു. സ്ഥാനമാനാദികൾക്കുവേണ്ടി ഒരിക്കലും മത്സരിക്കാനോ കലഹിക്കാനോ പാടുള്ളതല്ല സംന്യാസി. സംന്യാസി മറ്റുള്ളവരിൽ നിന്ന് യാതൊരു പാരിതോഷികവും സ്വീകരിക്കുവാനും പാടുള്ളതല്ല. സമലോഷ്ടാശ്‌മകാഞ്ചനഃ എന്നാണല്ലോ. മൺ കട്ടയും കല്ലും സ്വർണ്ണവും എല്ലാം ഒരേതരത്തിൽ കാണാൻ കഴിയുന്നവനായിരിക്കണം സംന്യാസി. 

സംന്യസിച്ചുകഴിഞ്ഞാൽ ഗൃഹസ്ഥ ഉചിതമായ കർമ്മങ്ങളിൽ ഒന്നും തന്നെ ഇടപെടാൻ പാടുള്ളതല്ല. അതായത്, വിവാഹം, ഉദ്ഘാടനം, കെട്ടിടത്തിന് തറക്കല്ലിടൽ തുടങ്ങിയവയൊന്നും പാടില്ല എന്നർത്ഥം. എന്തുകൊണ്ടെന്നാൽ ഇതൊക്കെയും കാമശാസ്ത്രത്തിന്റെ ഭാഗമാണ്. സർവ്വകാമനകളും പരിത്യജിച്ച സംന്യാസി ഇതൊക്കെയും വർജ്ജിക്കേണ്ടതാണ്. വ്യക്തികളോടോ സംഘടനകളോടോ പ്രത്യേക വിധേയത്വം ഒന്നും ഉണ്ടാവരുത്. ഏകാകിയായി വേദാന്തചിന്തയിൽ മുഴുകി പരബ്രഹ്മ ധ്യാന നിഷ്ഠനായി കഴിയുന്ന സംന്യാസി ജിജ്ഞാസുക്കൾക്ക് തത്വാർത്ഥബോധനം നടത്തേണ്ടതാണ്. 

ഒരാൾ സംന്യസിച്ചുകഴിഞ്ഞാൽ തന്നോടൊപ്പം പൂർവ്വികരിൽ ഏഴ് തലമുറ ശുദ്ധീകരിക്കപ്പെടുമത്രെ. എന്നാൽ സംന്യാസ നിഷ്ഠയിൽനിന്നും വ്യതിചലിച്ചാൽ തന്നോടൊപ്പം ഏഴ് തലമുറ നരകം അനുഭവിക്കേണ്ടി വരുമെന്നും ശ്രുതികൾ അനുശാസിക്കുന്നു.